തിങ്കളാഴ്‌ച, ഫെബ്രുവരി 27, 2006

ന്യൂസ്‌ ഫോട്ടോഗ്രാഫിയും അല്‌പം അടിതടയും

ന്യൂസ്‌ ഫോട്ടോഗ്രാഫിയും അല്‌പം അടിതടയും

അടി കിട്ടിയാലേ നമുക്ക്‌ ചില കാര്യങ്ങള്‍ പിടികിട്ടുകയുള്ളൂ. പ്രസ്‌ ഫോട്ടോഗ്രാഫറായിരുന്ന എനിക്ക്‌ പണ്ട്‌ ഒരു സംഗതി പിടികിട്ടിയത്‌ തല്ലുകിട്ടിയപ്പോഴാണ്‌. തല്ലെന്നുവച്ചാല്‍ പൊതിരെയുള്ള തല്ല്‌. നല്ല 'ഫസ്റ്റ്ക്‌ളാസ്‌' പെട! ഒരിക്കലും മറക്കാന്‍ കഴിയാത്ത, ഇപ്പോഴും ഒരു 'കിടില'ത്തോടെ ഓര്‍ക്കുന്ന സംഭവമാണത്‌.

വര്‍ഷം 1972. ഞാനന്ന്‌ ചെറുപ്പം. ഇന്നത്തെപ്പോലെ ഫിലിം സ്റ്റാറൊന്നുമല്ല. കേരളകൌമുദിയില്‍ ഫോട്ടോഗ്രാഫറായി ജോലിക്ക്‌ കയറിയ കാലം. അന്ന്‌ ഫോട്ടോ അടക്കമുള്ളവാര്‍ത്തകള്‍ ഇന്നത്തെപ്പോലെ തുരുതുരാപത്രത്തില്‍ വരാറില്ല. വളരെ പ്രധാനപ്പെട്ട സംഭവങ്ങള്‍ക്ക്‌ മാത്രമേ ഫോട്ടോ കൊടുക്കാറുള്ളൂ. അന്ന്‌ ഡിജിറ്റല്‍ സംവിധാനമൊന്നുമില്ലല്ലോ. പണച്ചെലവ്‌ അധികമായിരുന്നു ഫോട്ടോ അടിക്കുന്നതിന്‌. അതുകൊണ്ട്‌ ഇന്ന്‌ കാണുന്നപോലുള്ള തിരക്കൊന്നും ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ അന്നില്ലായിരുന്നു.

ഈ സംഭവം നടക്കുന്ന അന്ന്‌ ഉച്ചയ്ക്ക്‌ പേട്ടയിലെ ഹെഡ്‌ഓഫീസിലായിരുന്നു ഞാന്‍. കിഴക്കേകോട്ടയിലെ ഫോര്‍ട്ട്‌ ഹൈസ്കൂളിലെ കുട്ടികള്‍ അടുത്തുള്ള കെ.എസ്‌.ആര്‍.ടി.സി ഓഫീസിനുനേരെ കല്ലെറിയുന്നെന്നും മൂന്നുനാല്‌ ജീവനക്കാര്‍ക്ക്‌ തലയ്ക്ക്‌ ഉള്‍പ്പെടെ ഗുരുതരമായ പരിക്കേറ്റെന്നും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും അറിയിച്ചുകൊണ്ട്‌ ഒരു ഫോണ്‍കോള്‍ വന്നു. 'നമ്മുടെ അടുത്തുനടക്കുന്ന സംഭവമല്ലേ, ബാലകൃഷ്‌ണന്‍ പോയി പടം എടുക്കൂ' - എന്ന്‌ ബ്യൂറോയില്‍നിന്ന്‌ എനിക്ക്‌ നിര്‍ദ്ദേശം കിട്ടി.
ഞാന്‍ ഒരു സഹപ്രവര്‍ത്തകന്റെ സ്കൂട്ടറില്‍ കയറി ഫോര്‍ട്ട്‌ സ്കൂളിന്റെ സമീപത്ത്‌ ഇറങ്ങുന്നു. കുട്ടികളെ ഒന്നിനെയും ആ പരിസരത്ത്‌ കാണാനില്ല. കുറേ ആള്‍ക്കാര്‍ അവിടെ കൂടിയിട്ടുണ്ട്‌. കാര്യം അന്വേഷിച്ചപ്പോള്‍ കണ്‍സഷന്‍ ഫെയര്‍ കൂട്ടിയതില്‍ പ്രതിഷേധിച്ചും ആ സ്കൂളിലെ ഒരു കുട്ടിയെ ഒരു കണ്ടക്‌ടര്‍ മര്‍ദ്ദിച്ച സംഭവമുണ്ടായതുകൊണ്ടുമാണ്‌ കുട്ടികള്‍ കല്ലെറിഞ്ഞതെന്ന്‌ മനസ്സിലായി. കല്ലെറിഞ്ഞ കുട്ടികള്‍ ഉള്‍പ്പെടെ സ്കൂളിലുള്ള സകലപേരും ഞാന്‍ എത്തിയ സമയത്ത്‌ സ്കൂളില്‍ തിരിച്ചുകയറി ഒരേ ഒരു ഗേറ്റുള്ളത്‌ അകത്തുനിന്ന്‌ അടച്ചുപൂട്ടി ഇരിക്കുകയാണ്‌. പുറത്തു കാഴ്ചക്കാരായി കുറച്ചുപേര്‍ മാത്രം.

അല്‍പനേരം കഴിഞ്ഞില്ല, നാല്‍പത്തഞ്ച്‌ അമ്പതുപേരടങ്ങുന്ന സംഘം കമ്പിവടിയും ബസിന്റെ സ്‌പ്രിംഗ്‌പ്‌ളേറ്റുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി പാഞ്ഞുവരുന്നു. മുട്ടന്‍തെറിയും അവര്‍ വിളിക്കുന്നുണ്ട്‌. എറികിട്ടിയവര്‍ ഉള്‍പ്പെടെയുള്ള ട്രാന്‍സ്‌പോര്‍ട്ട്‌ ജീവനക്കാരാണവര്‍ എന്ന്‌ എനിക്ക്‌ ബോദ്ധ്യമായി. ഞാന്‍ ക്യാമറ റെഡിയാക്കി സ്കൂളിന്റെ മുന്നിലുള്ള റോഡിന്റെ എതിര്‍വശം പോയി ക്‌ളിക്ക്‌ ചെയ്യാന്‍ തയ്യാറായി നിന്നു.

കമ്പിവടിയുമായി എത്തിയവര്‍ സ്കൂള്‍ ഗേറ്റിന്‌ മുന്നിലെത്തി തുറക്കാന്‍ ആക്രോശിക്കുന്നു. തുറക്കില്ല എന്ന്‌ മനസ്സിലായതോടെ കൈയിലുള്ള കമ്പിയും പ്‌ളേറ്റും ഒക്കെ ഉപയോഗിച്ച്‌ ഗേറ്റ്‌ കുത്തിപ്പൊളിക്കാനുള്ള ശ്രമമാണ്‌. ഞാന്‍ പയ്യെ അടുത്തേക്ക്ചെന്ന്‌ ചറപറാന്ന്‌ കുറേ സ്‌നാപ്പ്‌ എടുത്തു. കുത്തിപ്പൊളിക്കുന്ന വ്യക്തികളുടെ മുഖം വ്യക്തമായി കിട്ടി. കഷ്‌ടകാലത്തിന്‌ എന്റെ വണ്ണമുള്ള ശരീരം ഒരുഗ്രന്‍ ഐഡന്റിറ്റിയായിരുന്നു. അവരില്‍ പലരും എന്നെ പല സ്ഥലത്തുംവച്ച്‌ കണ്ടിട്ടുണ്ടായിരിക്കാം. ക്യാമറകൂടി കണ്ടപ്പോള്‍ പ്രസ്‌ ഫോട്ടോഗ്രാഫര്‍ എന്ന്‌ അവര്‍ ഉറപ്പിച്ചു.

ഫോട്ടോ എടുത്തു എന്നറിഞ്ഞപ്പോള്‍ ഗേറ്റ്‌ തല്ലിപ്പൊളിക്കുന്നത്‌ നിര്‍ത്തി അവരെല്ലാം എന്റെ നേര്‍ക്ക്‌ തിരിഞ്ഞു. ഈ തടിയും വച്ച്‌ ഓടാനും എനിക്ക്‌ കഴിഞ്ഞില്ല. ഞാന്‍ അന്നുവരെ കേട്ടിട്ടില്ലാത്ത 'എമണ്ടന്‍' തെറിയും വിളിച്ചോണ്ട്‌ പാഞ്ഞുവന്നപ്പോള്‍ ഞാനൊരു പാവമാണേ ഒന്നും ചെയ്യല്ലേ എന്ന മുഖഭാവത്തോടെ പതുക്കെ തിരിഞ്ഞുനടക്കാന്‍ ശ്രമിച്ചു. ആദ്യത്തെ അടി പെടലിയില്‍ കിട്ടി. വയറ്റിലും പുറത്തും കമ്പിയും പ്‌ളേറ്റുമായി അവര്‍ പെരുമാറി. ഞാന്‍ കാറിവിളിച്ചുകരഞ്ഞിട്ടും രക്ഷയില്ല. ഒരുത്തന്‍ പൂണ്ടടക്കം എന്നെ പിടിച്ചു. ഞാന്‍ കുതറി മാറി. അവന്‍ തെറിച്ച്‌ അടുത്ത ഓടയില്‍ വീണു. അവിടെ കിടന്ന കുപ്പിച്ചില്ലുകൊണ്ട്‌ അവന്റെ കൈ മുറിഞ്ഞു. അവന്‍ എഴുന്നേറ്റ്‌ കരയാനും തുടങ്ങി. സംഘത്തിലെ മറ്റുള്ളവര്‍ കരുതി ഞാന്‍ എന്തോ എടുത്ത്‌ കുത്തിയതാണെന്ന്‌. മനസ്സാവാചാ അറിയാത്ത കാര്യം. "കുത്തിയോടാ തെണ്ടീ, പിടിയെടാ അവന്റെ ക്യാമറ" എന്ന്‌ ആക്രോശിച്ചുകൊണ്ട്‌ അവരെല്ലാവരും കൂടി എന്നെ പെറോട്ട അടിക്കുന്നതുപോലെ റോഡിലിട്ട്‌ റെഡിയാക്കി. ഇതിനിടെ എനിക്ക്‌ കാണാമായിരുന്നു കമ്പനിതന്ന എന്റെ റോളീകോര്‍ഡ്‌ ക്യാമറ അവന്മാര്‍ തറയില്‍ അടിച്ച്‌ പൊട്ടിച്ച്‌ ഫിലിം ഊരി എടുക്കുന്നത്‌.

ദൈവദൂതനെപ്പോലെ ഈ സമയത്ത്‌ പൊലീസ്‌ കമ്മീഷണര്‍ സയറണ്‍ മുഴക്കി ജീപ്പ്പില്‍ എത്തി. പൊലീസിനെ കണ്ടപ്പോള്‍ അക്രമികള്‍ ഓടി. എന്നെ കമ്മിഷണര്‍ സുബ്രഹ്‌മണ്യം സാറിന്‌ അറിയാമായിരുന്നു. അദ്ദേഹം അപ്പോള്‍ അവിടെ എത്തിയില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇതിനകം എന്റെ പത്തുമുപ്പത്തിമൂന്ന്‌ ചരമവാര്‍ഷിക ചിത്രങ്ങള്‍ കണ്ടുകഴിയുമായിരുന്നു. സുബ്രഹ്‌മണ്യം സാര്‍ റോഡില്‍ കിടന്ന എന്നെ പിടിച്ച്‌ താങ്ങി ജീപ്പ്പില്‍ കയറ്റി. അടുത്ത കടയില്‍നിന്ന്‌ വെള്ളം കൊണ്ടുവന്ന്‌ തന്നു. എന്നോട്‌ എവിടെപ്പോണം ഏത്‌ ആശുപത്രിയില്‍ പോണം എന്ന്‌ ചോദിച്ചു.

തീരെ അവശനായിരുന്നില്ല ഞാന്‍. കുറച്ച്‌ മുറിവുകള്‍ മാത്രം. ഞാന്‍ പറഞ്ഞു കേരളകൌമുദിയില്‍ പോയി മണിസാറിനെ കാണണമെന്ന്‌. അദ്ദേഹം എന്നെ പേട്ടയില്‍ ഓഫീസില്‍ എത്തിച്ചു. ഭാഗ്യം എന്ന്‌ പറയട്ടെ ചീഫ്‌ എഡിറ്റര്‍ മണിസാര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടപാടെ അദ്ദേഹം "വാ ആശുപത്രിയില്‍ പോകാം" എന്നുപറഞ്ഞ്‌ കാറില്‍ കയറ്റി സ്വയം ഡ്രൈവ്‌ ചെയ്‌ത്‌ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പോണവഴി ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. നേരെ ഞങ്ങള്‍ ഡോക്‌ടര്‍ സാംബശിവനെപ്പോയി കണ്ടു.

സാംബശിവന്‍ ഡോക്‌ടര്‍ എന്റെ നാലുചുറ്റും നടന്ന്‌ പരിശോധിച്ചു. ഒടിവൊന്നും ഇല്ലെന്ന്‌ ബോദ്ധ്യമായി. മുറിവില്‍ മരുന്നുവച്ചിട്ട്‌ അദ്ദേഹം ചോദിച്ചു. "ബാലന്‌ ഇപ്പോള്‍ എന്തുതോന്നുന്നു?" ഞാന്‍ ഉള്ളകാര്യം തുറന്നുപറഞ്ഞു. 'ഡോക്‌ടറെ എനിക്ക്‌ വിശക്കുന്നു.' ചിരിച്ചുകൊണ്ട്‌ ഡോക്‌ടര്‍ ചോദിച്ചു "എന്തുവേണം കഴിക്കാന്‍?" "ഒരു 30 മുട്ടകിട്ടിയാല്‍ കൊള്ളാം."

ഉടനെ ചീഫ്‌ എഡിറ്റര്‍ ഡോക്‌ടറോട്‌ ഇത്‌ ഞാന്‍ കൈകാര്യം ചെയ്തോളാം എന്നുപറഞ്ഞ്‌ എന്നെ കൂട്ടിനേരെ ട്രിവാന്‍ഡ്രം ക്‌ളബില്‍ എത്തി. ഊണുസമയം ആണെന്ന്‌ തോന്നുന്നു അപ്പോള്‍. അദ്ദേഹം എനിക്കുവേണ്ടി 30 പുഴുങ്ങിയ മുട്ട ഓര്‍ഡര്‍ ചെയ്തു. മുട്ട ഓരോന്നായി വെട്ടിവിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ചോദിച്ചു, ബാലന്‌ വേറെ എന്തെങ്കിലും വേണോ എന്ന്‌. ഞാന്‍ ഒരു കുസൃതിച്ചിരിയോടെ തല കുനിച്ചപ്പോള്‍ അദ്ദേഹത്തിന്‌ രോഗം പിടികിട്ടി. ഇതെല്ലാം പുഞ്ചി രിയോടെ അദ്ദേഹം കണ്ടും കേട്ടുമിരുന്നു. എന്നോടുള്ള സഹതാപമായിരിക്കാം മനസില്‍. അവിടന്ന്‌ നേരെ അദ്ദേഹം എന്നെ വീട്ടില്‍കൊണ്ടുവിട്ടു. 200 രൂപയും കൈയില്‍വച്ചുതന്നു. (ഇന്നത്തെ 5000 രൂപയുടെ വില. അന്ന്‌ ശമ്പളം എനിക്ക്‌ അത്രയും ഇല്ല) എല്ലാം ഭേദമായിട്ട്‌ ഓഫീസില്‍ വന്നാല്‍ മതിയെന്ന്‌ പറഞ്ഞ്‌ അദ്ദേഹം പോയി.

മറ്റൊരു ഫോട്ടോഗ്രാഫര്‍ക്കും കിട്ടാത്ത ന്യൂസ്‌ ഫോട്ടോയായിരുന്നു അന്ന്‌ ഞാന്‍ എടുത്തത്‌. നിര്‍ഭാഗ്യംകൊണ്ട്‌ അത്‌ അച്ചടിക്കാന്‍ സാധിക്കാതെ പോയെങ്കിലും എന്റെ സംഭവം, ഞാന്‍ കണ്ടകാര്യങ്ങള്‍ ഇതൊക്കെ എക്‌സ്ക്‌ളൊോസെവ്‌ വാര്‍ത്തയാക്കാന്‍ കഴിഞ്ഞു.

ഈ സംഭവത്തിനുശേഷം ഞാന്‍ താമസിക്കുന്ന ശ്രീകാര്യം പ്രദേശത്തും സിറ്റിയിലുമൊക്കെ പ്രതിഷേധ പ്രകടനങ്ങളും യോഗവും ഒക്കെ നടന്നു-ന്യൂസ്‌ ഫോട്ടോഗ്രാഫറെ തല്ലിയതിന്‌. കാര്യങ്ങള്‍ അങ്ങനെയിങ്ങനെയൊക്കെ പോയെങ്കിലും ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ അന്ന്‌ അടികിട്ടിയപ്പോള്‍ എനിക്കൊരുകാര്യം പിടികിട്ടി. ഈ ന്യൂസ്‌ ഫോട്ടോഗ്രാഫി എന്ന പണി പടപണ്ടാരന്‍ ശരീരവുമായി നടക്കുന്ന എനിക്ക്‌ പറ്റിയതേ അല്ല എന്ന്‌. ഈ ശരീരത്തില്‍ ഒന്നുതല്ലുന്ന ആര്‍ക്കും ഒന്നുകൂടി തല്ലാന്‍ തോന്നും. ഒരുതരം കുപ്പന്‍ ഇഫക്‌ട്‌ കൊണ്ടാവാം!

ഇതൊക്കെയാണെങ്കിലും പല കാരണങ്ങള്‍കൊണ്ടും ന്യൂസ്‌ ഫോട്ടോഗ്രാഫി രംഗത്തോട്‌ വിട പറയേണ്ടിവന്നതില്‍ വിഷമമുണ്ട്‌. അതൊരുഗ്രന്‍ കാലഘട്ടമായിരുന്നു. (തയ്യാറാക്കിയത്‌: ആര്‍. അശോക്‌ )

കടപ്പാട്‌ : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: