തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2006

സരസ്വതിയുടെ പാരിതോഷികം

എം.കെ. ഹരികുമാര്‍

ജീവിതത്തെ നര്‍മ്മത്തോടെ കാണുന്ന കവിയാണ്‌ അയ്യപ്പപ്പണിക്കര്‍. എന്നാല്‍ ഈ നര്‍മ്മം കേവലമല്ല; ജീവിത ദുരന്തത്തിലും ചിരിക്കാനുളള വക തേടുന്ന ഒരു 'തലതിരിഞ്ഞ' നര്‍മ്മമാണത്‌. ജീവിതത്തിന്റെ ഫലശൂന്യതയെപ്പറ്റി ദാര്‍ശനികമായി നേടിയ അറിവാണ്‌ ഇതിനുകാരണം.
"വിളക്കൊക്കെയൂതിക്കെടു
ത്തിക്കഴിഞ്ഞിട്ടും
വെളിച്ചം വെളിച്ചം വിളിക്കുന്ന
മര്‍ത്ത്യന്റെ നാദമടങ്ങിക്കഴി
ഞ്ഞു" (മൃത്യുപൂജ)
എന്ന്‌ പാടാന്‍ കഴിയുന്ന കവിതന്നെയാണ്‌
"പുണ്യപുരുഷന്മാര്‍ മരിച്ചു
പോയി
ഭൂമിയുടെ പുണ്യമിത്‌ മിഥ്യാപു രാണം' (മൃത്യുപൂജ) എന്നും കുറിക്കുന്നത്‌.
പാരമ്പര്യത്തെ വിട്ട്‌ സ്വന്തം വഴിയില്‍ അലഞ്ഞ ഈ കവി 'കുരുക്ഷേത്രം', 'പകലുകള്‍ രാത്രികള്‍' തുടങ്ങിയ കവിതകളിലൂടെ സ്വന്തം കാവ്യദര്‍ശനത്തെയും ചിന്തയെയും അവതരിപ്പിച്ചു. അന്‌ധവിശ്വാസവും ആദര്‍ശവും നശിപ്പിച്ച മനുഷ്യനെ വീണ്ടെടുക്കാനുള്ള പുനരാലോചനകളാണ്‌ അയ്യപ്പപ്പണിക്കരോടൊപ്പം നിന്ന മറ്റു കവികളും ഏറ്റെടുത്ത ദൌത്യം. അതുവരെ കവിതകള്‍ക്ക്‌ വിഷയമാകാതിരുന്ന പുതിയ ഒരു മനുഷ്യനെ കടമ്മനിട്ട, സച്ചിദാനന്ദന്‍, ആറ്റൂര്‍ രവിവര്‍മ്മ, മാധവന്‍ അയ്യപ്പത്ത്‌, ആര്‍. രാമചന്ദ്രന്‍ തുടങ്ങിയ കവികള്‍ ആവിഷ്കരിച്ചു.
ഉണ്ടെന്ന്‌ പലരും പറഞ്ഞു പഠിപ്പിച്ച ഒരര്‍ത്ഥം ജീവിതത്തില്‍ കണ്ടത്താന്‍ കഴിയാത്തവന്റെ നിസ്സഹായത സത്യസന്‌ധമായി അയ്യപ്പപ്പണിക്കര്‍ അവതരിപ്പിച്ചിട്ടുണ്ട്‌. തീര്‍ത്തും നിരാശനായ ഒരു മനുഷ്യവ്യക്തിയെ അതേ രീതിയില്‍ അവതരിപ്പിച്ചതിലൂടെയാണ്‌ ഒരു നവമാനവസങ്കല്‌പത്തെ ഈ കവി നിര്‍മ്മിച്ചത്‌.

"സ്‌തുതിപാടുക നാം മര്‍ത്ത്യന്‌
സ്‌തുതി പാടുക നാം അയല്‍പ്പ
ക്കത്തെ അരവയര്‍
നിറയാപ്പെണ്ണിന്‌ നിറവയര്‍ നല്‍
കിയ മര്‍ത്ത്യന്‌
സ്‌തുതി പാടുക നാം" എന്ന്‌ കവി ഒരിക്കല്‍ എഴുതിയത്‌ ഈ പശ്ചാത്തലത്തിലാണ്‌ ഉള്‍ക്കൊള്ളേണ്ടത്‌.
വാസ്‌തവത്തില്‍ മലയാള കവിതയെ മരണത്തില്‍ നിന്ന്‌ രക്ഷിച്ചത്‌ ഈ തരത്തിലുള്ള പരീക്ഷണങ്ങളാണ്‌. വൃത്തത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ ഗദ്യത്തിലും ഗദ്യവും പദ്യവും കലര്‍ന്ന മിശ്രഭാഷയിലും അയ്യപ്പപ്പണിക്കര്‍ എഴുതിയിട്ടുണ്ട്‌. ഗദ്യത്തിന്റെ താളത്തെ കണ്ടെത്തിയ അദ്ദേഹം അധ്യാപകന്‍, പരിഭാഷകന്‍, പ്രഭാഷകന്‍, ഗദ്യകാരന്‍ എന്നീ നിലകളിലും തന്റെ സാഹിത്യബോധത്തിന്‌ വികാസം നല്‍കി. ആഗോളസാഹിത്യത്തെപ്പറ്റിയുളള അവബോധമാണ്‌ അയ്യപ്പപ്പണിക്കരുടെ മറ്റൊരു സവിശേഷത. നൂതന പ്രവണതകളെപ്പറ്റി പഠിക്കുകയും അതിന്റെ നല്ല വശങ്ങള്‍ സ്വന്തം കവിതയിലേക്ക്‌ സ്വാംശീകരിക്കുകയും ചെയ്ത അദ്ദേഹം ഇന്നും കവിതയില്‍ പരീക്ഷണം നടത്തുന്നു.
ആധുനികോത്തരകവിത മലയാളത്തില്‍ അവതരിച്ചു എന്ന്‌ ആദ്യമായി വിളിച്ചുപറഞ്ഞത്‌ അയ്യപ്പപ്പണിക്കരാണെന്നോര്‍ക്കണം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'മനുഷ്യന്റെ കൈകള്‍, മരിക്കാത്ത കൈകള്‍' എന്ന വരി പുതിയ ബിംബം കണ്ടെത്തുന്ന ആധുനികോത്തര കവിതയായി അദ്ദേഹം അവതരിപ്പിച്ചത്‌ ഇരുപതുവര്‍ഷം മുമ്പ്‌ 'കലാകൌമുദി'യില്‍ എഴുതിയ ഒരു ലേഖനത്തിലാണ്‌. ഇന്നും അയ്യപ്പപ്പണിക്കര്‍ ആധുനികതയുടെയും ഉത്തരാധുനികതയുടെയും പ്രവണതകളെ സമന്വയിപ്പിച്ചുകൊണ്ട്‌ നീങ്ങുകയാണ്‌. ഒരിക്കലും സാഹിത്യത്തിന്‌ യാഥാസ്ഥിതികമാകാന്‍ കഴിയില്ലെന്ന്‌ ശഠിക്കുന്ന അദ്ദേഹം അഭിമുഖ സംഭാഷണങ്ങള്‍ക്ക്‌ തയ്യാറല്ല. "ഒരു അഭിമുഖത്തിനാണ്‌, വീട്ടിലേക്ക്‌ വരട്ടേ" എന്നു വിളിച്ചുചോദിച്ചാല്‍ സ്‌നേഹമുള്ളവരോട്‌ അയ്യപ്പപ്പണിക്കര്‍ പറയും, 'വന്നോളൂ, പക്ഷേ, അഭിമുഖം എന്ന സാധനം മാത്രം ഇവിടെയില്ല' എന്ന്‌.

കവിത എഴുതുകയും പൊതുവേദികളില്‍ വായിക്കുകയും ചെയ്യുന്ന അദ്ദേഹം മലയാളകവിതയിലെ വിവിധ തലമുറകളുടെ രക്ഷാധികാരിയുമാണ്‌. പുതിയ കവികള്‍ക്ക്‌ എഴുതിക്കൊടുക്കുന്ന അവതാരികകള്‍ മാത്രമല്ല ഇതിനുള്ള വേദി. പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ 'കേരളകവിത' എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം അദ്ദേഹം ആരംഭിച്ചതാണ്‌ ഈ വഴിക്ക്‌ ഒരു മുന്നേറ്റമുണ്ടാക്കിയത്‌. ആനുകാലികങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട്‌ വഴി തെറ്റിപ്പോകുന്ന അനേകം യുവകവികളെ തേടിപ്പിടിച്ച്‌ വര്‍ഷംതോറും പുറത്തുവരുന്ന 'കേരളകവിത'യില്‍ അവരുടെ രചനകളെ അദ്ദേഹം ഉള്‍ക്കൊള്ളിച്ചത്‌ ചരിത്രപരമായി എത്രയോ വലിയ കാര്യമാണ്‌. ഇന്നും കേരളകവിത മുടക്കംകൂടാതെ എല്ലാവര്‍ഷവും പുറത്തിറങ്ങുന്നു.എപ്പോഴും ഒരു നര്‍മ്മം അയ്യപ്പപ്പണിക്കര്‍ക്കുണ്ടാവും. ഏതു സംഭാഷണശകലത്തില്‍ നിന്നും അദ്ദേഹം അതുണ്ടാക്കും. കവി യായ പ്രഭാകര്‍മാച്ച്‌വേ വഴി ചോദിച്ചാല്‍ അദ്ദേഹം "മച്ച്‌ വേ" എന്ന്‌ നര്‍മ്മത്തോടെ പറയുന്നത്‌ പെട്ടെന്നാണ്‌.

ഈ നര്‍മ്മബോധം, ജീവിതം ദുഃഖകരമെങ്കിലും ചിരിക്കാനുള്ളതാണെന്ന അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ നിന്നുണ്ടായതുമാണ്‌.
അദ്ദേഹത്തിന്‌ സരസ്വതി സമ്മാനവും ജ്ഞാനപീഠ പുരസ്കാരവും വളരെ നേരത്തെ ലഭിക്കേണ്ടതായിരുന്നുവെന്ന്‌ ഏതൊരു സഹൃദയനും സമ്മതിക്കും. ഇപ്പോള്‍ സരസ്വതിസമ്മാനം ലഭിച്ചു. ഇനി ജ്ഞാനപീഠ കമ്മിറ്റിയുടെ ഊഴമാണ്‌.

കടപ്പാട് : കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: