തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2006

ചരമശതാബ്‌ദിയില്‍ തെളിയുന്ന രവിവര്‍മ്മപ്പെരുമ

ജെ. ശശികുമാര്‍

ചരമശതാബ്‌ദി വര്‍ഷത്തില്‍ രാജാരവിവര്‍മ്മ ഉയിര്‍ത്തെഴുന്നേറ്റ അനുഭവമാണുണ്ടായിരിക്കുന്നത്‌. കേരളീയ സംസ്കാരത്തിന്റെ ഹൃദയസ്‌പന്ദനവും പൈതൃകവും ഭാരതീയ പുരാണേതിഹാസങ്ങളിലെ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും രവിവര്‍മ്മ ചിത്രങ്ങള്‍ക്ക്‌ വിഷയമായി ഭവിച്ച്‌ ഒരു നൂറ്റാണ്ട്‌ പിന്നിട്ടിട്ടും ആ കലാസൃഷ്‌ടികള്‍ ഇന്നും മനസുകളില്‍ അനശ്വരരചനകളായിത്തന്നെ നിലകൊള്ളുന്നു എന്ന്‌ നാടെങ്ങും നടക്കുന്ന രവിവര്‍മ്മ അനുസ്‌മരണങ്ങള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്തുനിന്നും 40 കിലോമീറ്റര്‍ അകലെ കിളിമാനൂര്‍ കൊട്ടാരത്തില്‍ എഴുമാവില്‍ നീലകണ്ഠന്‍ ഭട്ടതിരിപ്പാടിന്റെയും ഉമ അംബാഭായി തമ്പുരാട്ടിയുടെയും പുത്രനായി 1848 ഏപ്രില്‍ 29 ന്‌ പൂരുരുട്ടാതി നക്ഷത്രത്തില്‍ രാജാരവിവര്‍മ്മ ജനിച്ചു. രവിവര്‍മ്മ കുട്ടിക്കാലത്തുതന്നെ ചിത്രരചനയില്‍ അസാധാരണമായ അഭിനിവേശം കാട്ടിയിരുന്നു. കൊട്ടാരമതിലുകളില്‍ കരിക്കട്ടകൊണ്ട്‌ മനസില്‍ തോന്നിയ ചിത്രങ്ങള്‍ പോറിയിട്ടു. രവിവര്‍മ്മയുടെ അമ്മാവന്‍ രാജരാജവര്‍മ്മ കുട്ടിയിലെ പ്രതിഭ മനസിലാക്കി. അമ്മാവന്‍ തന്നെയായിരുന്നു ആദ്യഗുരു. ചിത്രകലയുടെ പ്രാഥമിക പാഠങ്ങള്‍ പഠിച്ച രവിവര്‍മ്മ തിരുവനന്തപുരം കൊട്ടാരത്തില്‍ താമസിച്ചാണ്‌ എണ്ണച്ചായ ചിത്രം വരയ്ക്കുന്നതില്‍ പരിശീലനം നേടിയത്‌. ഭാരതീയ പുരാണങ്ങളിലെ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും രവിവര്‍മ്മ ചിത്രങ്ങളിലൂടെ സാധാരണ ജനങ്ങളിലേക്ക്‌ എത്തിച്ചേര്‍ന്നു. ദൈവങ്ങള്‍ക്ക്‌ മനുഷ്യരൂപം നല്‍കി സാധാരണ ജനങ്ങളുടെ പൂജാമുറികളിലും ഗൃഹങ്ങളിലും കലണ്ടര്‍ രൂപത്തില്‍ രവിവര്‍മ്മ എത്തിച്ചു.

പാരമ്പര്യത്തിന്റെ ഓജസ്‌ ഉള്‍ക്കൊണ്ട്‌, തഞ്ചാവൂര്‍ ശെയിലിയും പാശ്ചാത്യ ശെയിലിയും ലയിപ്പിച്ച്‌, ജനങ്ങളോട്‌ സംവദിക്കുന്ന ചിത്രങ്ങള്‍, രാജാരവിവര്‍മ്മയെ ഛായാചിത്രങ്ങളുടെ ചക്രവര്‍ത്തിയാക്കി.രവിവര്‍മ്മയുടെ വിശാലമായ കാഴ്ചപ്പാട്‌ അദ്ദേഹത്തിന്റെ സൃഷ്‌ടികളില്‍ പ്രകടമാണ്‌. അക്കാലത്ത്‌ കേരള ജനതയ്ക്ക്‌ അന്യമായിരുന്ന 'സാരി' അദ്ദേഹത്തിന്റെ സൃഷ്‌ടികള്‍ക്ക്‌ മാറ്റ്‌ കൂട്ടിയിട്ടുണ്ട്‌. രവിവര്‍മ്മ ചിത്രങ്ങളിലെ മറ്റൊരു പ്രത്യേകത, അദ്ദേഹം സ്‌ത്രീകളെയാണ്‌ കൂടുതല്‍ വരച്ചിരുന്നത്‌ എന്നതാണ്‌. 'സ്‌ത്രീ സൌന്ദര്യത്തിന്റെ പര്യായം' എന്നതുകൊണ്ടായിരിക്കാം അത്‌.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭാരതീയ ചിത്രകലയില്‍ ഒരു അത്ഭുത പ്രതിഭാസം എന്ന്‌ പലരും വിശേഷിപ്പിച്ച രാജാരവിവര്‍മ്മ തന്നെയാണ്‌ പിന്നീട്‌ ഏറ്റവും രൂക്ഷമായ വിമര്‍ശനത്തിനും പാത്രമായത്‌ എന്നത്‌ ഭാരതീയ കലാചരിത്രത്തിലെ ഒരു ഐറണിയാണ്‌. ഭാരതീയ ഇതിഹാസപുരാണങ്ങളെ പാശ്ചാത്യശെയിലിയില്‍ ചിത്രീകരിച്ച രവിവര്‍മ്മ ഒരു അഖില ഭാരതീയ ദൃശ്യബോധം സൃഷ്‌ടിച്ചു.
ബ്രിട്ടീഷ്‌ സാമ്രാജ്യ സര്‍ക്കാരില്‍നിന്നും അദ്ദേഹത്തിന്‌ 1904 ലെ നവവത്സര ബഹുമതിയായ കേസരിഹിന്റ്‌ മുദ്ര നല്‍കപ്പെട്ടു. ഈ ബഹുമതി ഒരു കലാകരനെ തേടിയെത്തുന്നത്‌ ആദ്യമായിട്ടായിരുന്നു. ചിത്രകലാലോകത്ത്‌ രവിവര്‍മ്മ നേടിയിരുന്ന യശസ്‌ വര്‍ദ്ധിപ്പിക്കുവാന്‍ ഇത്‌ കാരണമായി.

തന്ത്രത്തില്‍ ഒരു ആപ്‌തവാക്യമുണ്ട്‌. ബ്രഹ്‌മാണ്‌ഡത്തില്‍ ഉള്ളതെല്ലാം, പിണ്‌ഡാണ്‌ഡത്തില്‍ അടങ്ങിയിരിക്കുന്നു. ആയവ പുറത്തുവരണമെങ്കില്‍ തപസ്‌ വേണം. അതായത്‌ മനസിനെ തപിപ്പിക്കണം. ഈ താപം ഉണ്ടാകുന്നത്‌ ധ്യാനകലയില്‍ അഥവാ ഏകാഗ്രതയില്‍നിന്നാണ്‌. ഏകാഗ്രതയില്‍ കാണുന്ന ഉള്‍കാഴ്ചകള്‍ ആയിരുന്നു മഹര്‍ഷിമാര്‍ നടത്തിയ 'പ്രതിഷ്ഠകള്‍'. ശിലായുഗത്തില്‍ തൂലികകള്‍ ലഭ്യമല്ലാത്തതിനാല്‍ അവ 'ശിലകളായും' അതിനുശേഷം പച്ചിലച്ചായങ്ങളുടെ വരവോടെ ചിത്രങ്ങളായും നമുക്ക്‌ ലഭിച്ചു. ചുരുക്കത്തില്‍ ശ്രീശങ്കരാചാര്യരുടെ പ്രതിഷ്ഠകളും രാജാരവിവര്‍മ്മയുടെ ചിത്രങ്ങളും തപസിദ്ധികളാണ്‌.

കടപ്പാട് : കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: