തിങ്കളാഴ്‌ച, ഫെബ്രുവരി 13, 2006

മഹാഗണി മരങ്ങള്‍ക്കറിയാം

മഹാഗണി മരങ്ങള്‍ക്കറിയാം
എസ്‌. ഭാസുരചന്ദ്രന്‍

പഴയ സെയിലന്റ്‌വാലിയെയും സിംഹവാലന്‍ കുരങ്ങനെയും ഓര്‍ക്കുക. കേരളത്തില്‍ ഫിലിം ഫെസ്റ്റിവല്‍ തിയേറ്ററുകള്‍ക്ക്‌ മുന്നിലെ താടി-സഞ്ചിവാലകള്‍ക്ക്‌ സമ്പൂര്‍ണമായ വംശനാശം സംഭവിച്ച വിവരം കഴിഞ്ഞ ഡിസംബറില്‍ നമ്മള്‍ തിരുവനന്തപുരത്തുകണ്ടു. ഒരു സംഭവം എന്ന നിലയില്‍ത്തന്നെ അതിന്റെ റിപ്പോര്‍ട്ടുകളും വന്നു. കോളേജ്‌ പ്രിന്‍സിപ്പാളായ ഡോ. തോന്നയ്ക്കല്‍ വാസുദേവന്‍ ഇപ്പോള്‍ പറയുന്നു (കേരളകൌമുദി, ജനുവരി 28) കാമ്പസില്‍ സ്വപ്‌ന-വിപ്‌ളവജീവികളുടെ കുലവും ഇല്ലാതായി എന്ന്‌.

ഇല്ലാതായി എന്നു പറയുമ്പോള്‍, ആ സ്വരത്തില്‍ ഒരു നഷ്‌ടഭാരം ഉണ്ടോ? പോകാന്‍ പാടില്ലാത്തത്‌ പോവുകയാണെങ്കില്‍ അവിടെ നേര്‍ത്തൊരു ചുടുനിശ്വാസത്തിന്‌ ഇടമുണ്ട്‌. ഫിലിം ഫെസ്റ്റിവല്‍ പൂമുഖത്തുനിന്ന്‌ ഫ്രെയിം ഔട്ടായ താടി സഞ്ചികളുടെയും യൂണിവേഴ്‌സിറ്റി കോളേജ്‌ വളപ്പിലെ മുത്തശ്ശി മാവിലെ ഇലകളോടൊപ്പം കൊഴിഞ്ഞുപോയ സ്വപ്‌ന ക്ഷുഭിത യൌവനത്തിന്റെയും ഓര്‍മ്മ ഈ നിശ്വാസം അര്‍ഹിക്കുന്നതാകുന്നതാണ്‌ വ്യക്തിപരമായി എനിക്കിഷ്‌ടം. ഓര്‍മ : യൂണിവേഴ്‌സിറ്റി കോളേജ്‌, ആധുനികതയുടെ എഴുപതുകള്‍, മെലഡി മൂളുന്ന വിക്‌ടോറിയന്‍ ഇടനാഴികള്‍, ചില്ലക ളില്‍ നിന്ന്‌ മാര്‍ച്ചിനെ ചൊരിച്ചിടുന്ന ആ മഹാഗണിമരങ്ങള്‍........

കാമ്പസില്‍ ഇപ്പോള്‍ രാഷ്‌ട്രീയ സംവാദങ്ങള്‍ നടക്കുന്നില്ല എന്നൊരു പറച്ചിലുണ്ട്‌. പണ്ടങ്ങനെ വല്ല കൊടുക്കല്‍ വാങ്ങലും നടന്നിരുന്നോ? രാഷ്‌ട്രീയത്തിന്‌ രാഷ്‌ടത്തെ സംബന്‌ധിക്കുന്നത്‌ എന്ന വിസ്‌തൃതമായ അര്‍ത്ഥ കല്‍പന നല്‍കുംവിധമുള്ള ചര്‍ച്ചാ ഫോറങ്ങള്‍ എഴുപതുകളിലെ കാമ്പസുകള്‍ കാഴ്ചവച്ചിട്ടില്ല എന്ന്‌ ആ കാലത്തിന്റെ കാമ്പസ്‌ മക്കളിലൊരാളായ വാസുദേവന്‍ ഓര്‍ക്കുന്നുണ്ടാവും. കോളേജ്‌ കോറിഡോറുകളിലെ നക്‌സല്‍ പടയൊരുക്കം അലസിക്കഴിഞ്ഞ്‌, പുറത്തെ വിലപേശല്‍ രാഷ്‌ട്രീയത്തിന്‌ പിറ്റേന്നത്തെ ആവശ്യത്തിനുള്ള ഞാറ്റടികള്‍ അല്ലെങ്കില്‍ മേറ്റ്ന്തായിരുന്നു ആ പതിറ്റാണ്ടിലെ കലാശാലാ വളപ്പുകള്‍? പിന്നാലേ വന്ന എണ്‍പതുകളും തൊണ്ണൂറുകളും പറഞ്ഞില്ല, വ്യത്യസ്തമായ ഒരു കഥ. ഈ കാലയളവുകള്‍ മുഖ്യധാരാ രാഷ്‌ട്രീയത്തിന്‌ സംഭാവന ചെയ്ത വ്യക്തിത്വങ്ങളെ സി.ടി. സ്കാന്‍ ചെയ്താല്‍ ഇത്‌ വ്യക്തമാകും. അപവാദ വ്യക്തിത്വങ്ങള്‍ തീര്‍ച്ചയായും ഉണ്ട്‌-പക്ഷേ അവര്‍ ജീവിച്ചിരിക്കേ തന്നെ പ്രതിമകളായി മാറി.

സഞ്ചിയിലെ ഏതു സ്വപ്‌നത്തിന്റ വിത്തില്‍ നിന്ന്‌ ഏതൊക്കെ മരങ്ങള്‍ മുളച്ചു വന്നു? അന്നത്തെ ഏതൊക്കെ താടികള്‍ ആശയവസന്തങ്ങള്‍ക്ക്‌ കാടുകളായി മാറി? അയഞ്ഞ കുപ്പായത്തിന്റെ കൈമടക്കുകളില്‍നിന്ന്‌ രാപകലുകളെ വിസ്‌മയിപ്പിച്ച രചനകളുടെ എത്ര മുയലുകള്‍ പുറത്തുവന്നു? സാംസ്കാരികമായ ഓഡിറ്റിംഗ്‌ എന്ന ഒന്നുണ്ട്‌. കാലമാണ്‌ അതിന്റെ ഓഫീസര്‍. നിര്‍ദ്ദയമായ കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്നൊരു കക്ഷി. സുവര്‍ണ ഭൂതകാലത്തിലെ ആ സ്വര്‍ണം മുക്കാണെങ്കില്‍, അത്‌ കണ്ടുപിടിക്കപ്പെടുകതന്നെ ചെയ്യും.

നിങ്ങള്‍ 'എന്നെ' കമ്മ്യൂണിസ്റ്റാക്കി എന്ന്‌ പത്തമ്പതു വര്‍ഷക്കാലം നമ്മള്‍ രോമഹര്‍ഷത്തോടെ പറഞ്ഞു. ഇനിയിപ്പോള്‍ ആ 'ഞാന്‍' പിന്നെ എന്താക്കി എന്ന ചോദ്യം പുതിയ കാമ്പസ്‌ കുട്ടികള്‍ ചോദിച്ചെന്നുവരും. അവിടെയാണ്‌ നമ്മുടെയൊക്കെ ഒരു ബുദ്ധിമുട്ട്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും അടിമുടി കോണ്‍ഗ്രസ്‌ പാര്‍ട്ടിയായി പരിണമിക്കുകയാണെങ്കില്‍, പുന്നപ്രവയലാര്‍ വെടിവയ്‌പിന്റെ വീരചരിത ഗ്രന്ഥമെടുത്ത്‌ വായിക്കുകയല്ല, അതില്‍ റീത്ത്‌ വയ്ക്കുകയായിരിക്കും കുട്ടികള്‍ ചെയ്യുക. ഇങ്ങനെയുമാവാം വായന മരിക്കുന്നത്‌! അഴിമതിയില്‍ പുതിയ പിഎച്ച്‌.ഡി.ക്കാരെ സൃഷ്‌ടിച്ച്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ മുന്നോട്ടുതന്നെ പോവുകയാണെങ്കില്‍ സ്വാതന്ത്യ്‌രസമര പുളകങ്ങളുടെ കഥാപ്രസംഗം കേള്‍ക്കാന്‍ ആ മൈക്ക്‌ സെറ്റുകാരന്‍ മാത്രമേ കാണൂ- ഒന്നു തീര്‍ന്നിട്ട്‌ അഴിച്ചെടുത്തുകൊണ്ടു പോവാന്‍!

മൈക്ക്‌ മൂകസാക്ഷിയായി ഏതാനും വാക്കുകള്‍ കൂടി. നമ്മുടെ നാട്ടില്‍ ഇന്ന്‌ ഈ നിശ്ശബ്‌ദ ജീവിയുടെ മുന്നില്‍ നില്‍ക്കാനുള്ള മുഖ്യ യോഗ്യതകളിലൊന്ന്‌ ഏറ്റവും പുതിയ തലമുറയെ, കാലത്തെ, വൃത്തനിബദ്ധമായി ആക്ഷേപിക്കാനുള്ള ശേഷിയാണ്‌. 'മൂല്യച്യുതി' എന്നതാണ്‌ മാരകമായ പദപ്രയോഗം. പി. ഭാസ്കരനുണ്ണിയുടെ 'പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം' എന്ന ഒരു പുസ്തകമുണ്ട്‌. അതെടുത്ത്‌ ഏതാനും പേജുകള്‍ മറിച്ചുനോക്കിയാല്‍ കാണാം മൂല്യങ്ങളുടെ ഇരുണ്ട കേരളത്തെ. അതിരിക്കട്ടെ, മൈക്ക്‌ കൈവാക്കിന്‌ കിട്ടിയ ഭാഗ്യശാലി കൂട്ടത്തില്‍ പറയും കാടു മുഴുവന്‍ വെട്ടിത്തെളിച്ചെന്നും പുഴകളെയാകെ കൊന്നുവെന്നും പരിസ്ഥിതി മൊത്തം മലിനമാക്കിയെന്നും. കേരളത്തിലെ കാടുകള്‍ മൊട്ടയാക്കിയത്‌ എറണാകുളം മഹാരാജാസ്‌ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളാണോ? നിളാനദിയുടെ ശവമടക്കിയത്‌ പാലക്കാട്‌ വിക്‌ടോറിയാ കോളേജിലെ കുട്ടികളാണോ? നീലാകാശത്തെ പഴന്തുണിയാക്കിയത്‌ തിരുവനന്തപുരം എം.ജി. കോളേജിലെ പുതിയ ബാച്ചാണോ?

കുറച്ചു വൈകിയിട്ടാണെങ്കിലും നാം പുതിയ കുട്ടിയിലേക്ക്‌ സഞ്ചരിക്കുക. അവന്‍ സ്വപ്‌നജീവിയാവേണ്ട എന്ന്‌ തീരുമാനിച്ചത്‌ അവനാണോ, അതോ നമ്മളാണോ? അവന്‍ തന്നെയാണെങ്കില്‍, അങ്ങനെയൊരു ജീവിയായാല്‍ ഗതി പിടിക്കില്ല എന്ന്‌ ഈ നമ്മള്‍ അവനുമുന്നില്‍ തെളിയിച്ചുകൊടുത്തുകൊണ്ടുകൂടിയല്ലേ അത്‌? പ്‌ളസ്‌ വണ്ണിനു മുമ്പുതന്നെ അവനില്‍ സമ്പൂര്‍ണ്ണമായ സ്വപ്‌നവന്‌ധ്യംകരണം ഉറപ്പുവരുത്തുന്നത്‌ ആരാണ്‌?

ഇന്നത്തെ കുട്ടി പൂര്‍ണമായും പ്രായോഗികമായി സ്വയം ചുരുക്കിയെടുത്തു എങ്കില്‍, അതിലും ഉണ്ട്‌ ഒരു കലാപം. കഞ്ചാവും കാമ്പസ്‌ അരാജകത്വവും നൈരാശ്യമുഖങ്ങളും ഇറക്കിക്കൊണ്ടുള്ള പഴയ കാമ്പസ്‌ നിഷേധ പ്രകടനത്തിന്റെ തന്നെ മുടിവെട്ടി കുളിച്ച്‌ വൃത്തിയായ ബദല്‍രൂപമാവാം ഇന്നത്തെ കാമ്പസുകളില്‍ കാണുന്നത്‌. ഒന്നു തീര്‍ച്ച : ആളുകളെ മുഴുവന്‍ അടുത്ത വിപ്‌ളവത്തിലേക്കുള്ള ബസില്‍ കയറ്റിവിട്ടശേഷം അക്കാഡമിദാദയുടെ എക്‌സിക്യൂട്ടീവ്‌ ചെയറില്‍ കയറിയിരിക്കാന്‍ പോന്ന അത്യത്ഭുത ധീരസാഹസികത പുതിയ കുട്ടികള്‍ക്കില്ല.
മറിച്ച്‌ ഒളിവുകളില്ലാതെ കരിയറിസം പരിശീലിക്കുന്നതിലൂടെ അവര്‍ മുഖമടച്ച്‌ മറുപടി നല്‍കുന്നു. പിതാക്കന്മാര്‍ക്ക്‌. കാലത്തിന്‌.

കടപ്പാട്‌ : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: