ചൊവ്വാഴ്ച, ഫെബ്രുവരി 07, 2006

നിങ്ങള്‍ ഫ്ലക്‌സ്‌ ആണോ?

നിങ്ങള്‍ ഫ്ലക്‌സ്‌ ആണോ?
കെ സുദര്‍ശന്‍
കൌമുദി വാരിക

അനേകം വാക്കുകള്‍ പുതിയതായി പ്രചാരത്തില്‍ വന്നിട്ടുണ്ട്‌. അതിലൊന്നാണ്‌ ഫ്‌ളക്‌സ്‌ (flux).
നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നത്‌ എന്നാണതിന്റെ അര്‍ത്ഥം.
കണ്ടിട്ടില്ലേ പലയിടത്തും എഴുതിയിരിക്കുന്നത്‌.
കേരള ഈസ്‌ ഇന്‍ ഫ്‌ളക്‌സ്‌.
ഇന്ത്യ ഈസ്‌ ഇന്‍ ഫ്‌ളക്‌സ്‌....
കേരളവും ഇന്ത്യയും മാത്രമല്ല ഇവിടെ ഓരോ വ്യക്തിയും ഇന്ന്‌ 'ഫ്‌ളക്‌സി'ലാണ്‌.
സംഭവം മാര്‍ക്‌സ്‌ പറഞ്ഞതുതന്നെ, മാറ്റമില്ലാത്തതായി മാറ്റമേയുള്ളൂ.
അക്കൂട്ടത്തില്‍ സദാ മാറുന്ന ഒന്നാണ്‌ ഭരണം.
ഇപ്പോഴത്തെ സര്‍ക്കാരായിരിക്കില്ല ഇനി വരുന്നത്‌. സര്‍ക്കാര്‍ മാറുമ്പോള്‍ അതോടൊപ്പംപലതും മാറും.
പഴയ ആള്‍ ഉപയോഗിച്ച കര്‍ട്ടന്‍ ഉള്‍പ്പെടെ! അക്കൂട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥരെയും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറ്റും.
അതിനു പറയുന്ന ഒരു വാക്കുണ്ട്‌
ഷഫിളിംഗ്‌!
ഇങ്ങനെ ഷഫിള്‍ ചെയ്യുന്ന കൂട്ടത്തില്‍ ഒരിക്കല്‍ ഒരു ഐ.ജിയെ ഏതോ ഒരു സ്വയംഭരണ സ്ഥാപനത്തിന്റെ എം.ഡി. ആയിട്ടു വിട്ടു.
ഒരു 'വിശ്രമം'!
ഈ 'വിശ്രമം' പ്രതീക്ഷിച്ചതാണ്‌. അതുകൊണ്ട്‌ വേറെ പ്രയാസമൊന്നും തോന്നിയില്ല.
എം.ഡിയായി ചാര്‍ജെടുത്ത്‌ വൈകിട്ട്‌ തിരിച്ചുവരുമ്പോള്‍ അദ്ദേഹം ഭാര്യയോടു പറഞ്ഞു:
"ഇതാണ്‌ രവി. നമ്മുടെ പുതിയ ഡ്രൈവറാ. രവിക്ക്‌ ചായ എടുക്ക്‌."
രവി താഴ്‌മയോടെ ചായ വാങ്ങിച്ച്‌ താഴ്ന്നുനിന്നു കുടിച്ചു.
ഭയഭക്തിപുരസ്സരം!
വളരെവേഗം രവി യജമാനന്റെ വിശ്വസ്‌തനായി മാറി. കുടുംബാംഗങ്ങളെയും കൈയിലെടുത്തു.
ഉത്തമനായ ഡ്രൈവര്‍, അല്ലെങ്കിലും അങ്ങനെയാണല്ലോ!
അഞ്ചുവര്‍ഷം കഴിഞ്ഞു.
ആശാന്റെ ഭാഷയില്‍ പറഞ്ഞാല്‍, 'അഞ്ചു വട്ടമിഹ പൂത്തുകാനനം!"
എന്നുപറഞ്ഞാല്‍, ആ സര്‍ക്കാര്‍ കാലാവധി തികച്ചു എന്നു സാരം.
'ഫ്‌ളക്‌സ്‌' അനുസരിച്ച്‌ ഭരണംമാറി പുതിയ കക്ഷികള്‍ വന്നു.
വീണ്ടും ഷഫിളിംഗ്‌.
നമ്മുടെ 'എം.ഡി'ക്ക്‌ ശാപമോഷം.
പഴയ ഐ.ജി വീണ്ടും ഐ.ജിയായി!
അന്നു വൈകുന്നേരം എം.ഡി പദം ഒഴിഞ്ഞു വീട്ടിലെത്തുമ്പോള്‍, പതിവുപോലെ അദ്ദേഹം സഹധര്‍മ്മിണിയോടു പറയുന്നു.
"രവിക്ക്‌ ചായ കൊടുക്ക്‌."
രവി സങ്കടത്തോടെ ചായ വാങ്ങി കുടിച്ചു.
ചായ മോശമായതിലല്ല സങ്കടം.
നാളെ മുതല്‍ ഈ ചായ ഇല്ലല്ലോ എന്നോര്‍ത്താ!
"എന്താ രവീ, ഒരു വിഷമം പോലെ?"
മിസ്സിസ്സ്‌ ഐ.ജി ചോദിച്ചു.
"ഒന്നുമില്ല.
നാളെ മുതല്‍ വീണ്ടും പഴയ ജഗദപ്പനായിട്ട്‌ കഴിയണമല്ലോ എന്നാലോചിച്ചപ്പോള്‍, ഒരു...."
ആര്‍ക്കും ഒന്നും മനസ്സിലായില്ല.
സംഭവം ഇതാണ്‌.
അയാളുടെ പേര്‌ രവി എന്നായിരുന്നില്ല. ജഗദപ്പന്‍ നായര്‍ എന്നാണ്‌ ഒറിജിനല്‍ നെയിം.
ഐ. ജി. അദ്ദേഹം, സൌകര്യത്തിനുവേണ്ടി 'രവി' എന്നു വിളിച്ചു.
'രവി' വിളിയും കേട്ടു!
അത്രതന്നെ!
ഇതാണ്‌ പൊലീസ്‌.
അവര്‍ എവിടെച്ചെന്നാലും 'പൊലീസ്‌' ആയിരിക്കും. ജനം കാണുന്നതും അങ്ങനെതന്നെ.
നമ്മുടെ രാജ്യത്തിന്റെ സുപ്രധാന തകരാറുകളില്‍ ഒന്നാണിത്‌. പൊലീസ്‌ എന്ന സങ്കല്‌പം തന്നെ ജനോപകാരത്തിനുവേണ്ടിയാണ്‌.
ജനങ്ങളുടെ സുഹൃത്തും സഹായിയും ബന്‌ധുവും എല്ലാം എല്ലാം ആണ്‌ പൊലീസ്‌.
അഥവാ, 'ആയിരിക്കേണ്ടതാണ്‌' പൊലീസ്‌.
പക്ഷേ, ജനം അവരെ കാണുന്നതോ?
പണ്ട്‌, നഗരത്തിലെ ഒരു സ്റ്റേഷനിലെ എസ്‌. ഐയുടെ പേര്‌ അറിഞ്ഞുവരാനായി ഞാന്‍ ഭരണനിലയത്തിലെ ഒരു ശിപായിയെ അയച്ചു.
ജയിംസ്‌ എന്നാണാശാന്റെ പേര്‌. കളരിയുടെ നാട്ടില്‍ നിന്നുവരുന്ന ആളാണ്‌. കണ്ടാലും കളരിയാശാന്‍ തന്നെ.
പുള്ളിക്കാരന്‍ പോയിട്ട്‌ നേരം കുറേയായി. സ്റ്റേഷനിലെ ഫോണ്‍ തകരാറായതുകൊണ്ടാണ്‌ ആളിനെ വിടേണ്ടിവന്നത്‌.
രാവിലെ പോയ ജയിംസിനെ ഉച്ചയായിട്ടും കാണുന്നില്ല.
ഉച്ചകഴിഞ്ഞിട്ടും കാണുന്നില്ല!
ഓഫീസില്‍ പലരും തിരക്കിത്തുടങ്ങി. ഒടുവില്‍ ഞാന്‍ തന്നെ സ്റ്റേഷനിലേക്ക്‌ തിരിച്ചു.
ആളേറെപ്പോകുന്നതിനെക്കാള്‍ താനോടിപ്പോകുന്നതായിരിക്കും നല്ലത്‌.
ചെല്ലുമ്പോള്‍ കണ്ട കാഴ്ച ഇതാണ്‌.
ജയിംസും വേറെ രണ്ടുപേരുംകൂടി കൈയുംകെട്ടി നില്‍ക്കുന്നു!
ഏതോ ജോയിന്റ്‌ വെഞ്ച്വര്‍ ചെയ്‌തതുപോലെ. എന്നെ കണ്ടിട്ടും ജയിംസ്‌ അനങ്ങുന്നില്ല.
സംഭവം പിന്നെയാണറിയുന്നത്‌.
ജയിംസ്‌ പാറാവുനിന്ന പൊലീസുകാരനോട്‌ ചോദിച്ചു :
"എസ്‌. ഐ ഉണ്ടോ?"
മറുപടി രൌദ്രമായിരുന്നു.
"ഉണ്ട്‌. അങ്ങോട്ട്‌ നീങ്ങി നില്‍ക്ക്‌". എസ്‌. ഐ. തിരക്കിലായതുകൊണ്ട്‌ കുറച്ചുകഴിഞ്ഞ്‌ കാണാം എന്നായിരുന്നു പൊലീസുകാരന്‍ ഉദ്ദേശിച്ചത്‌.
ജയിംസ്‌ നീങ്ങിനിന്നു.
തൊട്ടടുത്തു വേറെ രണ്ടുപേര്‍ നില്‌പുണ്ടായിരുന്നു.
ഒരു 'പോക്കറ്റടിയും" ഒരു 'കമന്റടി'യും. അല്‌പം കഴിഞ്ഞപ്പോള്‍ നേരത്തെ പറഞ്ഞ 'ഫ്‌ളക്‌സ്‌' സംഭവിച്ചു.
പാറാവു നിന്നയാള്‍ മാറി വേറൊരാള്‍ വന്നു. അയാള്‍ 'മൂന്നുപേരോടു'മായി അലറി.
"അങ്ങോട്ടു മാറി നില്ലെടാ."
അങ്ങനെ ജയിംസ്‌ ഉള്‍പ്പെടെ 'ആ മൂന്നംഗ സംഘം' ചുവരിന്റെ അടുത്തോട്ടു നീങ്ങി. പിന്നീട്‌ വന്നുംപോയുമിരുന്ന കാക്കിക്കാര്‍ അവരെ 'ഒറ്റ യൂണിറ്റാ'യിട്ടാണ്‌ കണ്ടത്‌. സമഭാവനയില്‍!
ഇതിനിടയ്ക്കാരോ കൈകെട്ടി നില്‍ക്കാനും കല്‌പിച്ചു. ജയിംസിന്റെ കളരിലുക്കും കൂടിയായപ്പോള്‍, ധാരാളം!
ചുരുക്കത്തില്‍, 'ഒന്നിനു' പോയവന്‍രണ്ടും കഴിഞ്ഞിട്ട്‌ വെള്ളം തൊടാതെ മടങ്ങിവന്നു എന്നു പറഞ്ഞതുപോലെയായി!
ഒടുവില്‍ ഞാന്‍ നിര്‍ബന്‌ധിച്ചു വിളിച്ചിട്ടേ ജയിംസ്‌ 'കൈ അഴിച്ചിട്ടിട്ട്‌' ഇറങ്ങി വന്നോളൂ!
ഇതാണ്‌ പൊലീസും ജനവും തമ്മിലുള്ള റിലേഷന്‍!
പക്ഷേ, ഇങ്ങനെയാണോ വേണ്ടത്‌?
എത്ര ക്‌ളേശകരമായ ജോലിയാണ്‌ അവരുടേത്‌?
രാവും പകലും ഇല്ലാത്ത പണി.
ഭാരിച്ച ഉത്തരവാദിത്വം.
സ്വകാര്യത എന്നൊന്നേ ഇല്ല.
ഓണത്തിനുപോലും ഡ്യൂട്ടി.
നമ്മളോട്‌ കുട്ടികള്‍ എത്രയായി എന്നു ചോദിച്ചാല്‍, ഇത്രയായി.... ഇത്രയായി... എന്നൊക്കെ പൊക്കത്തിലാണ്‌ കാണിക്കുന്നത്‌.
പക്ഷേ, പൊലീസുകാര്‍ കാണിക്കുന്നത്‌ 'വണ്ണ'ത്തിലാണ്‌!
കാരണം അവര്‍ വീട്ടിലെത്തുമ്പോള്‍ പിള്ളാരെല്ലാം കട്ടിലിലായിരിക്കും.
പിള്ളാരെഴുന്നേല്‍ക്കും മുമ്പേ അടുത്ത ഡ്യൂട്ടിക്കായി തിരിക്കുകയും ചെയ്യും!
പിന്നെ 'വണ്ണ'ത്തിലല്ലേ കാണിക്കാന്‍ പറ്റൂ!
'ഇത്ര' ആയെന്ന്‌....!
POLICE എന്നതിലെ P പൊളൈറ്റ്‌ എന്നാണ്‌. O ഒബീഡിയന്റ്‌ എന്ന്‌. അങ്ങനെ ഓരോ അക്ഷരവും ഓരോ സദ്‌ഗുണത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌.
എന്നിട്ടും ജനം മുമ്പ്‌ നിന്നിടത്തുതന്നെ. ഈ രണ്ടു വിഭാഗവും തമ്മിലുള്ള ദൂരം കുറയ്ക്കാന്‍ എന്താണു വഴി?
പൊലീസും ജനങ്ങളും മാത്രം വിചാരിച്ചാല്‍ മതിയോ?
എന്തോ എനിക്കു തോന്നുന്നില്ല.
ഈ രണ്ടു കൂട്ടരെയും സേവിക്കാന്‍ കാലാകാലങ്ങളില്‍ ഇവിടെ അവതരിക്കുന്നവര്‍ കൂടി ഒന്നു മനസ്സുവയ്ക്കണം!

കടപ്പാട്‌: കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: