തിങ്കളാഴ്‌ച, ഫെബ്രുവരി 27, 2006

ചട്ടക്കൂടുകളോട്‌ കലഹിച്ച ചലച്ചിത്രകാരന്‍

ചട്ടക്കൂടുകളോട്‌ കലഹിച്ച ചലച്ചിത്രകാരന്‍
ആര്‍. അഭിലാഷ്‌
തൃശൂര്‍: സിനിമയുടെ പരമ്പരാഗത സങ്കല്‌പങ്ങളെ തച്ചുടച്ച കലാപകാരിയെയാണ്‌ പവിത്രന്റെ വിയോഗത്തോടെ നഷ്‌ടമാവുന്നത്‌.
പ്രേക്ഷകരുടെ ചിന്തകള്‍ക്ക്‌ തീപടര്‍ത്തി, സിനിമയുടെ ചട്ടക്കൂടുകളോട്‌ നിരന്തരം കലഹിച്ച പവിത്രന്റെ സിനിമകള്‍ എക്കാലവും വിസ്‌മയമായിരുന്നു. 1975-ല്‍ 'കബനീനദി ചുവന്നപ്പോള്‍' എന്ന ചിത്രത്തിലൂടെയാണ്‌ പവിത്രന്‍ സിനിമാ ലോകത്ത്‌ എത്തിയത്‌. പി. എ. ബക്കര്‍ സംവിധാനം ചെയ്ത്‌ ടി.വി. ചന്ദ്രന്‍ അഭിനയിച്ച ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു പവിത്രന്‍.
നക്‌സലിസത്തിന്റെ വിപ്‌ളവകഥ പറഞ്ഞ ഈ സിനിമയുടെ പൂജാദിനത്തിലാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. ഈ ചിത്രം തിയറ്ററിലെത്തുന്നതിന്‌ മുമ്പ്‌ 16 തവണ സെന്‍സര്‍ ചെയ്യപ്പെട്ടു. 1800 അടി ഫിലിമാണ്‌ മുറിച്ചു നീക്കിയത്‌. സ്വന്തം പേരിലുള്ള വസ്‌തു പണയപ്പെടുത്തിയാണ്‌ പവിത്രന്‍ ഈ സിനിമ പിടിച്ചത്‌. ചിത്രം തിയറ്ററിലെത്തിയിട്ടും പൊലീസ്‌ വിട്ടില്ല. തോറ്റുകൊടുക്കാന്‍ പവിത്രനും തയ്യാറായില്ല. ഇങ്ങനെ കലാപങ്ങളുടെയും കലഹങ്ങളുടെയും ചുവന്ന പുഴ നീന്തിയാണ്‌ പവിത്രന്‍ ചലച്ചിത്രലോകത്ത്‌ സ്ഥാനമുറപ്പിച്ചത്‌.
ഇടതു ബുദ്ധിജീവികള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും പാളിച്ചകളും തുറന്നുകാട്ടിയ 'യാരോ ഒരാള്‍' എന്ന ചിത്രത്തിലൂടെയാണ്‌ പവിത്രന്‍ സംവിധായകന്റെ കുപ്പായമണിഞ്ഞത്‌. പിന്നീടാണ്‌ പവിത്രന്‌ രാജ്യാന്തര പ്രശസ്‌തി നേടിക്കൊടുത്ത 'ഉപ്പ്‌' എന്ന സിനിമ പിറവികൊണ്ടത്‌. അവാര്‍ഡുകളും പുരസ്കാരങ്ങളും ഈ കലാപകാരിയെ പിന്നീട്‌ തേടിവന്നു. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത 'ഉത്തരം' കൊമേഴ്‌സ്യല്‍ സിനിമയും തനിക്ക്‌ വഴങ്ങുമെന്ന പവിത്രന്റെ പ്രഖ്യാപനമായിരുന്നു. നല്ല കളക്ഷന്‍ നേടിയ ഈ ചിത്രത്തിനു ശേഷം 1992-ല്‍ നാഷണല്‍ ഫിലിം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷനു വേണ്ടി 'ബലി' എന്ന ചിത്രവും നിരവധി ഡോക്യുമെന്ററികളും പവിത്രന്റേതായി പുറത്തുവന്നു. അടുത്തിടെ വന്ന 'കുട്ടപ്പന്‍ സാക്ഷി' എന്ന സിനിമയും പവിത്രന്‍ സംവിധാനം ചെയ്തു.
തന്റെ നാടായ തൃശൂര്‍ ജില്ലയിലെ ' കണ്ടാണിശ്ശേരി'യെ ആസ്‌പദമാക്കി കോവിലന്‍ എഴുതിയ തട്ടകമെന്ന നോവല്‍ ചലച്ചിത്രമാക്കണമെന്ന്‌ പവിത്രന്‌ ഏറെ ആഗ്രഹമുണ്ടായിരുന്നു.
വിപ്‌ളവചിന്തകള്‍ കാട്ടുതീപോലെ പടര്‍ത്തിയ സിനിമകളുടെ നടുവില്‍ 1980ല്‍ ആണ്‌ കലാമണ്‌ഡലം ക്ഷേമാവതി പവിത്രന്റെ ജീവിതത്തിലേക്ക്‌ കടന്നു വന്നത്‌. 'യാരോ ഒരാള്‍' എന്ന ചിത്രത്തിന്റെ പ്രിവ്യു കണ്ടശേഷം കെ.പി.എ.സി. ലളിതയ്ക്കൊപ്പമെത്തിയ ക്ഷേമാവതി പവിത്രനെ അനുമോദിച്ചു. ഒരു കാഴ്ചയിലൂടെ മിന്നല്‍പോലെ പ്രണയം ഇവിടെ തുടങ്ങിയെന്നാണ്‌ ഇതേക്കുറിച്ച്‌ പവിത്രന്‍ പിന്നീടുപറഞ്ഞത്‌. ഒരിക്കല്‍ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ ക്ഷേമാവതിയുടെ മോഹിനിയാട്ടം കാണാന്‍ പവിത്രന്‍ മുന്‍നിരയിലുണ്ടായിരുന്നു. പ്രോഗ്രാം കഴിഞ്ഞ്‌ ഒരു ക്ഷമാപണത്തോടെയാണ്‌ പവിത്രന്‍ ക്ഷേമാവതിയെ അനുമോദിച്ചത്‌. മഹാരാജാസിലെ പഠനകാലത്ത്‌ ക്ഷേമാവതിയുടെ നൃത്തപരിപാടിക്ക്‌ കൂട്ടുകാരുമൊത്ത്‌ കൂവിയതിനായിരുന്നു ആ ക്ഷമാപണം. പിന്നീട്‌ ജാതകം നോക്കാതെ ക്ഷേമാവതിയെ ജീവിത സഖിയാക്കി.
പടമെടുക്കണമെന്നാവശ്യപ്പെട്ട്‌ ഒരുപാട്‌ നിര്‍മ്മാതാക്കള്‍ എത്തിയെങ്കിലും പവിത്രന്‍ തയ്യാറായില്ല. ഇതില്‍ സങ്കടം തോന്നി ഒരിക്കല്‍ ക്ഷേമാവതി കാര്യമന്വേഷിച്ചു."ഞാന്‍ കൊമേഴ്‌സ്യല്‍ പടമെടുക്കാം, നിനക്ക്‌ നാടോടിനൃത്തത്തിനിറങ്ങാമോ?"
ഈ മറുചോദ്യത്തില്‍ പുതിയ സിനിമയുടെ പോക്ക്‌ പവിത്രന്‍ വിശദീകരിച്ചുതന്നുവെന്ന്‌ ക്ഷേമാവതി ഓര്‍ക്കുന്നു. ഇത്തരം പവിത്രമായ ഓര്‍മ്മകള്‍ ബാക്കി യാക്കി ഫ്രെയിമുകള്‍ക്ക്‌ പുറത്തേക്ക്‌-പവിത്രന്‍ പടിയിറങ്ങി.

കടപ്പാ‍ട് : കേരള കൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: