ബുധനാഴ്‌ച, ഫെബ്രുവരി 15, 2006

മുസന്ധം

ഒമാനിലെ മുസന്ധം പ്രവിശ്യയെകുറിച്ച്‌ മാധ്യമം ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത. മുസന്ധത്തെ കുറിച്ച്‌ നല്ലൊരു വിവരണവും ലേഖകന്‍ തരുന്നുണ്ട്‌.

അവധി ദിവസങ്ങളില്‍ ഒമാനിലേക്ക്‌ ടൂറിസ്റ്റ്‌ പ്രവാഹം വര്‍ധിക്കുന്നു
അബൂദബി/ഫുജൈറ: അവധി ദിവസങ്ങളില്‍ മുസണ്ഡത്തിലേക്കും ദിബ്ബയിലേക്കും ടൂറിസ്‌റ്‌റ പ്രവാഹം വര്‍ധിക്കുന്നു. വടക്കന്‍ എമിറേറ്റായ റാസല്‍ഖൈമയില്‍ നിന്ന്‌ ഷ്യാം-അല്‍ജീര്‍ വഴി മുസണ്ഡം മുനമ്പിലേക്ക്‌ റോഡുമാര്‍ഗം കടക്കുന്ന വിനോദ സഞ്ചാരികളുടെ പ്രവാഹം ദിനംപ്രതി കുടിവരികയാണ്‌. മലയാളികളുള്‍പ്പെടെ നിരവധിപേര്‍ ഒഴിവുദിവസങ്ങള്‍ ചെലവഴിക്കാന്‍ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ കടക്കുന്നുമുണ്ട്‌.

യു.എ.ഇയിലെ റാസല്‍ഖൈമ, ഫുജൈറ എമിറേറ്റ്‌സിലെ മലനിരകള്‍ക്കരികിലുള്ള മുസണ്ഡം പെനിന്‍സുലയിലെ കടലിനോടു ചേര്‍ന്നുള്ള കൂറ്റന്‍ പര്‍വ്വത താഴ്‌വരകളിലെ ഗ്രാമങ്ങളും ദ്വീപുകളും ഒമാന്‍ അതിര്‍ത്തിയിലാണ്‌. എന്നാല്‍ റോഡുമാര്‍ഗ്ഗം മുസണ്ഡത്തിലേക്കു കടക്കാന്‍ റാസല്‍ഖൈമ-ഫുജൈറ എമിറേറ്റുകളിലെ മലനിരകള്‍ കടക്കണം. യു.എ.ഇയുടെ വടക്കേ മൂലയില്‍ പര്‍വ്വത ശിഖരങ്ങള്‍ക്കപ്പുറത്തുള്ള മുസണ്ഡം ഗ്രാമ പ്രദേശങ്ങളും ദ്വീപുകളും പ്രകൃതി രമണീയ മലനിരകളും, താഴ്‌വരകളും, കടല്‍ത്തീരവും, കടല്‍ ജീവി സങ്കേതങ്ങളും പൌരാണിക കോട്ടകളുമെല്ലാം ഗള്‍ഫിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമായി വികസിക്കുകയാണ്‌. കാര്യമായ വികസനങ്ങമൊന്നുമില്ലാത്ത ഈ മേഖലയില്‍ എത്താന്‍ ഒമാന്‍കാര്‍ക്ക്‌ കടമ്പകളേറെ കടക്കണം. എന്നാല്‍, യു.എ.ഇയിലെ വിടേശികള്‍ക്കു പോലും നിഷ്‌പ്രയാസം കടക്കാന്‍ കഴിയുന്ന ടൂറിസ്റ്റു കേന്ദ്രമാണ്‌ ഇത്‌.

നോര്‍വേ ഓഫ്‌ അറേബ്യ, നോര്‍വേ ഓഫ്‌ മിഡിലീസ്റ്റ്‌ എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന പര്‍വ്വത നിബിഢമായ മുസണ്ഡത്തിലെ ഓരോഗ്രാമവും കൌതുകം നല്‍കുന്നു. മലനിരകള്‍ക്കു താഴെ സമുദ്രവും താഴ്‌വാരങ്ങളിലെ ജലാശയവും ഏറെ ആകര്‍ഷകമാണ്‌. 70കിലോമീറ്ററോളം വീതിയുള്ള 'സ്‌ട്രെയ്റ്റ്‌ ഓഫ്‌ ഹൊര്‍മുസ്‌' കടലിടുക്കിന്‌ സമീപത്തെ മുസണ്ഡം മുനമ്പിലെ ഏകപട്ടണം തലസ്ഥാനമായ ഖസബാണ്‌. 17-ാ‍ം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ്‌ ഖസബിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്‌. പോര്‍ച്ചുഗീസുകാര്‍ നാവിക താവളമാക്കിയിരുന്ന കോട്ടയാണിത്‌. കടല്‍ക്ഷോഭവേളയിലും മറ്റും കപ്പലുകള്‍ നങ്കൂരമിട്ട്‌ വിശ്രമിക്കാനും ശുദ്ധജലം ശേഖരിക്കാനും പൌരാണിക കാലഘട്ടത്തില്‍ താവളമാക്കിയതും ഖസബായിരുന്നു. ഈത്തപഴം, ഗോതമ്പ്‌, ചെറുനാരങ്ങ തുടങ്ങിയ കൃഷിയും ഇവിടെയുണ്ട്‌. പരമ്പരാഗത രീതിയില്‍ ഈത്തപ്പന നാരും ഓലയും ഉപയോഗിച്ച്‌ പായയും കയറും നെയ്യുന്ന ഖസബിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ മത്സ്യബന്ധനമാണ്‌.
മുസണ്ഡത്തിലെ ജനസംഖ്യ 28,000 മാത്രമാണ്‌. 18,000പേര്‍ തലസ്ഥാനമായ ഖസബിലാണ്‌ താമസിക്കുന്നത്‌. 5500പേര്‍ കിഴക്കന്‍ അതിര്‍ത്തി ഗ്രാമമായ ദിബ്ബയിലും.

വിരലുകള്‍ കടലിലേക്ക്‌ തള്ളി നില്‍ക്കും പോലെ കടലില്‍ പൊങ്ങി നില്‍ക്കുന്ന കൂറ്റന്‍ മലകള്‍ സുന്ദരമായ കാഴ്ചയാണ്‌. ലിമ, ഖുംസാര്‍, താവി, ബുഖ തുടങ്ങിയ ഗ്രാമപ്രദേശങ്ങളും മുസണ്ഡത്തിലെ മനോഹര മേഖലയാണ്‌. ലിമ, ഖുംസാര്‍ ദ്വീപുകളിലേക്ക്‌ ബോട്ടു മാര്‍ഗമേ സഞ്ചാര സൌകര്യമുള്ളു. ഖുംസാര്‍ ദ്വീപു യാത്രക്കിടയിലെ ഡോള്‍ഫിന്‍ കാഴ്ചകള്‍ മനോഹരമാണ്‌.
ബോട്ടു സഞ്ചാരികള്‍ക്കൊപ്പം നീന്തിപ്പായുന്ന ഡോള്‍ഫിന്‍കൂട്ടമാണ്‌ മുസണ്ഡം ദ്വീപുകളിലേക്ക്‌ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്‌.

ഖുംസാര്‍ ദ്വീപുവാസികളുടെ ഭാഷയും കൌതുകകരമാണ്‌. അറബി, പേര്‍ഷ്യന്‍, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകള്‍ ഇടകലര്‍ത്തിയുള്ളതാണ്‌ ഖുംസാരി ഭാഷ. മറ്റൊരു ദ്വീപായ മഖ്‌ലാബ്‌ ദ്വീപ്‌ അറിയപ്പെടുന്നത്‌ ടെലിഗ്രാഫ്‌ ദ്വീപെന്ന പേരിലാണ്‌. 1864ല്‍ ബസ്‌റയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ സമുദ്രാന്തര്‍ വാര്‍ത്താ വിനിമയ കേബിള്‍ സ്ഥാപിച്ചത്‌ ഈ ദ്വീപു വഴിക്കായതാണ്‌ ഈ പേര്‍്‌ വരാന്‍ കാരണം. ജി.സി.സി രാജ്യങ്ങള്‍, ഇറാന്‍, ഇറാഖ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ എണ്ണയുള്‍പ്പെടെയുള്ള 90 ശതമാനം വ്യാപാരക്കടത്ത്‌ നടക്കുന്ന തിരക്കേറിയ കപ്പല്‍ മാര്‍ഗ്ഗമാണ്‌ മുസണ്ഡം പെനിന്‍സുലക്കരികിലെ സ്‌ട്രെയ്റ്റ്‌ ഓഫ്‌ ഹോര്‍മൂസ്‌ കടല്‍ ഇടുക്ക്‌. തന്ത്രപ്രാധാന പ്രദേശമായതിനാല്‍ മുസണ്ഡം മലനിരകളില്‍ പട്ടാളക്കാരെ വിന്യസിച്ച്‌ നിരീക്ഷണം നടത്തുന്നുമുണ്ട്‌.
മുസണ്ഡത്തിലേക്ക്‌ പോകുന്നവര്‍ക്ക്‌ റാസല്‍ഖൈമയിലെ ഷ്യാം-അല്‍ജീര്‍ വഴി റാസ്‌ അല്‍ദാര അതിര്‍ത്തിയില്‍ കസ്റ്റംസ്‌ ക്ലിയറന്‍സിന്‌ 30 ദിര്‍ഹമാണ്‌ ചെലവ്‌. അബൂദബിയില്‍ നിന്ന്‌ എമിറേറ്റ്‌സ്‌ റോഡുവഴി മൂന്ന്‌ മണിക്കൂറാണ്‌ യാത്രക്ക്‌ വേണ്ടിവരിക. അവിടെ നിന്ന്‌ 40 കിലോമീറ്ററാണ്‌ മുസണ്ഡം പട്ടണമായ ഖസബിലേക്കുള്ളത്‌.
ഖൊര്‍ഫുക്കാന്‍ റോഡുവഴി ദിബ്ബയില്‍ നിന്ന്‌ ജബല്‍ റാബ്‌ മലചുറ്റിയുള്ള ഹൈറേഞ്ചിലൂടെ വാഹനസവാരിക്കു പറ്റിയ മറ്റൊരു റോഡും കരമാര്‍ഗ്ഗം മുസണ്ഡത്തിലേക്കുണ്ട്‌. ജബല്‍ റാബിലേക്കുള്ള പകുതി വഴിയില്‍ മിലിറ്ററി ചെക്ക്‌ പോസ്റ്റുണ്ട്‌. റോഡ്‌ പെര്‍മിറ്റ്‌ മുന്‍കൂട്ടി വാങ്ങിച്ചാല്‍ ഇതുവഴി സഞ്ചരിക്കാന്‍ സാധിക്കും. ദിബ്ബ കടല്‍ത്തീരത്തെ ജെട്ടിയില്‍ നിന്ന്‌ ബോട്ടു വഴിയും മുസണ്ഡം ദ്വീപുകളിലേക്ക്‌ ടൂറിസ്റ്റുകളെ കൊണ്ടുപോകുന്നുണ്ട്‌.

കടലും കരയും തീര്‍ത്ത മനോഹരമായ ദൃശ്യവിരുന്നാണ്‌ ഒമാന്റെ ദിബ്ബ ബയാഹില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്‌. മല്‍സ്യബന്‌ധനം മുഖ്യ തൊഴിലാക്കിയ കടലോര ഗ്രാമങ്ങള്‍ തേടിയുള്ള സ്‌പീഡ്‌ ബോട്ടിലെ യാത്ര അവിസ്‌മരണീയമായ അനുഭവമാണ്‌. യു.എ.ഇയുടെ ഹിസ്സിന്‍ ദിബ്ബ തീരദേശ റോഡിലൂടെ മൂന്ന്‌ കിലോമീറ്ററോളം യാത്ര ചെയ്‌താല്‍ ദിബ്ബ ബയാഹിലുള്ള മല്‍സ്യബന്‌ധന തുറമുഖത്ത്‌ എത്താനാകും.
ഇവിടെ വലിയ ലോഞ്ചുകള്‍ മുതല്‍ ചെറിയ സ്‌പീഡ്‌ ബോട്ടുകള്‍ വരെ യാത്രക്കാരെ കാത്തിരിക്കുന്നുണ്ട്‌. 10 പേര്‍ക്ക്‌ ഇരിക്കാവുന്ന തദ്ദേശീയര്‍ ഓടിക്കുന്ന സ്‌പീഡ്‌ ബോട്ടുകളും ലഭ്യമാണ്‌. 3 മണിക്കൂറിലേറെ യാത്രക്ക്‌ 400 ദിര്‍ഹമാണ്‌ ഇവര്‍ ഈടാക്കുന്നത്‌.
വിജനമായ ഈ മലമുകളില്‍ മനുഷ്യന്റെ സാഹസികതയുശട പര്യായമായി കടന്നുപോകുന്ന ഇലക്‌ട്രിക്‌ പോസ്റ്റുകള്‍, പഞ്ചാരമണലുള്ള മനോഹരമായ കടലോര ഗ്രാമങ്ങള്‍, മലമുകളില്‍നിന്ന്‌ നേരെ കടലിലേക്ക്‌ മുഖമുള്ള ഒറ്റപ്പെട്ട വീടുകള്‍, ആടുകള്‍ മാത്രം മേഞ്ഞുനടക്കുന്ന തീരങ്ങള്‍ എന്നിവയാണ്‌ ഇവിടുത്തെ പ്രധാന കാഴ്ചകള്‍. സ്‌പീഡ്‌ ബോട്ടില്‍ 20 മിനിററ്‌ യാത്ര ചെയ്‌താല്‍ എത്തുന്ന കടലോര ഗ്രാമമാണ്‌ ഇഹി. മല്‍സ്യബന്‌ധനം മുഖ്യ തൊഴിലാക്കിയ ഗ്രാമത്തില്‍ വെറും 40 വീടുകളാണ്‌ ഉള്ളത്‌. നിര്‍മാണ വൈദഗ്‌ധ്യത്തിന്‌ പേരുകേട്ട ലിമ ഗ്രാമവും ഇവിടെ അടുത്തുതന്നെയാണ്‌.

കടപ്പാട്‌ : മാധ്യമം ഓണ്‍ലൈന്‍.
ലിങ്ക്‌

അഭിപ്രായങ്ങളൊന്നുമില്ല: