തിങ്കളാഴ്‌ച, ഫെബ്രുവരി 27, 2006

സൂര്യനെ പുതുക്കിപ്പണിയാന്‍

സൂര്യനെ പുതുക്കിപ്പണിയാന്‍
എസ്‌. ഭാസുരചന്ദ്രന്‍
ചിലരുണ്ട്‌, കാറിലുള്ള ദൂരയാത്രയ്ക്കിടയില്‍ ഊണ്‌ കഴിയുന്നതും കള്ളുഷാപ്പിലാക്കും. തലയില്‍ മുണ്ടിടാതെ തന്നെ കയറും. കാരണം അവര്‍ക്കിതില്‍ ഒളിക്കാനൊന്നുമില്ല. കുടിക്കാനല്ല, തിന്നാന്‍ മാത്രമാണ്‌ കയറുന്നത്‌. കള്ളുഷാപ്പില്‍ നല്ല സ്വാദുള്ള മീന്‍കറിയും ഇറച്ചിക്കറിയും കിട്ടും. എരിയന്മാര്‍ക്ക്‌ പരമസുഖം. ബി.ജെ.പിയിലെ നമ്മുടെ സി.കെ. പത്‌മനാഭന്‍ ഈ വകയില്‍ ചെറിയൊരു പുലിവാല്‍ പിടിച്ചതായി കേട്ടിട്ടുണ്ട്‌. ഇന്റര്‍വ്യൂവിലെ ചോദ്യം : താങ്കള്‍ ഷാപ്പില്‍ കയറിയെന്ന്‌ കേള്‍ക്കുന്നത്‌ ശരിയാണോ? ഉത്തരം: ശരിയാണ്‌. കയറിയത്‌ ദൂരയാത്രയ്ക്കിടയില്‍ ഊണുകഴിക്കാനാണ്‌ എന്ന ഭാഗം എഡിറ്റ്‌ ചെയ്തുമാറ്റിയശേഷം വിവാദം എത്രദൂരംകൊണ്ടുപോകാം എന്നാലോചിച്ചുനോക്കുക.

വായനയിലുമുണ്ട്‌ ഇങ്ങനെയൊന്ന്‌. സിനിമ ഉണ്ടാക്കുന്ന വിധത്തെപ്പറ്റി ഇംഗ്ലീഷില്‍ ധാരാളം പുസ്തകങ്ങളുണ്ട്‌. ഇവയിലൊരഞ്ചെണ്ണം വായിച്ച്‌ തുടയില്‍ മപ്പടിച്ചുകൊണ്ട്‌ ആരെങ്കിലും സിനിമസംവിധാനം ചെയ്തുകളയുമെന്ന്‌ പേടിക്കേണ്ട. തുനിഞ്ഞാല്‍ കരയിലിരുന്ന്‌ നീന്തല്‍ പഠിച്ചശേഷം വെള്ളത്തില്‍ ചാടിയതുപോലാവും. പക്ഷേ, സായിപ്പിന്റെ മിക്ക സിനിമാ പഠിപ്പിക്കല്‍ പുസ്തകങ്ങളിലും നല്ല എരിയുള്ള മീന്‍കറി ഉണ്ടാവും. റിച്ചാര്‍ഡ്‌ ക്രിവോലിന്‍ എന്ന തിരക്കഥാ പ്രൊഫസര്‍ക്ക്‌ ഈ രംഗത്തെ ഒരു കന്നി അയ്യപ്പന്‍ താന്‍ ആദ്യമായെഴുതിയ തിരക്കഥ കൊറിയറില്‍ അയച്ചുകൊടുക്കുന്നു, നിര്‍ദ്ദേശ ഉപദേശങ്ങള്‍ക്കായി. 'ചെക്കന്‍' തിരക്കഥയെ ഏതാണ്ട്‌ കീഴടക്കിയ ഭാവത്തിലാണ്‌. ക്രിവോലിന്‍ അയച്ച മറുപടിയുടെ മൊത്തം മൂഡ്‌ മലയാളത്തില്‍ ഇങ്ങനെയാകാം: ഡേയ്‌, നീ അയച്ച സാധനം കിട്ടി. നീ തെറ്റിദ്ധരിക്കുംപോലെ ഞാനത്‌ തുറന്നുനോക്കിയതൊന്നുമില്ല. അപ്പോള്‍ ചോദിക്കും ഞാന്‍ പിന്നെന്താ ചെയ്തതെന്ന്‌. ആദ്യത്തെ തിരക്കഥയെന്നല്ലേ കത്തിലെഴുതിയത്‌? രാവിലെ ഓഫീസിലേക്ക്‌ പോകുംവഴി കാറിന്റെ ഗ്‌ളാസ്‌ താഴ്ത്തി ഞാന്‍ നിന്റെ തിരക്കഥാഫയല്‍ വലിച്ചൊരേറ്‌ കൊടുത്തു. തന്നെടേയ്‌, ആറ്റിലേക്കു തന്നെ! നീ ഞെട്ടി, അല്ലേ? ഞെട്ടും കാരണം നിനക്ക്‌ വിവരമില്ലല്ലോ. എടാ ഒരുത്തന്‍ ആദ്യം എഴുതിയ തിരക്കഥ വേറൊരുത്തന്‍ വായിക്കേണ്ട ഒരു കാര്യവുമില്ല. അതിനകത്ത്‌ ആട്‌ പോയിട്ട്‌ അതുകിടന്നേടത്തെ പൂടപോലും കാണില്ല. വിട്ടുകള! (പുസ്തകം, Screen Writing From Soul - Richard Krevolin)
തിരക്കഥയെഴുതിയ പയ്യന്‍ മാത്രമല്ല, നമ്മളും നെഞ്ചത്തുകൈവച്ചുപോകും. ദൈവമേ ഇങ്ങനെയും കാലമാടന്മാരുണ്ടല്ലോ! എന്നിട്ട്‌ പുസ്തകം വായിച്ചുതീരുമ്പോഴോ? എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ നമ്മള്‍ പോയി ആ തിരക്കഥ പുഴയില്‍നിന്ന്‌ തപ്പിയെടുക്കും. എന്നിട്ടാ പാലത്തിന്റെ മുകളില്‍ പോയിനിന്ന്‌ വീണ്ടും വലിച്ചൊരേറു വച്ചുകൊടുക്കും!

ഡി.ബി. ഗില്ലെസിന്റെ The Screen Writer Within എന്ന പുസ്തകം. അതിന്റെ ഇരുപത്തിരണ്ടാം അദ്ധ്യായത്തില്‍ കഥാപാത്രത്തെ ഉണ്ടാക്കാനുള്ള വഴികളെപ്പറ്റി ഒരാലോചനയുണ്ട്‌. ഒരുവഴി: തിരക്കഥാകൃത്ത്‌ തന്നെത്തന്നെ ഒരുകഥാപാത്രമായി കാണുക. ആദ്യപടിയായി അഞ്ച്‌ ചോദ്യങ്ങള്‍ക്ക്‌ തനിക്ക്‌ മാത്രം വായിക്കാനായി ഉത്തരം എഴുതണം എന്നാണ്‌ പറയുന്നത്‌. അതില്‍ മൂന്ന്‌ ചോദ്യങ്ങള്‍ നമുക്കിവിടെ വേണം. തിരക്കഥാകൃത്ത്‌ സ്വയം ചോദിക്കാനുള്ളതാണ്‌.

1. നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മോശപ്പെട്ടകാര്യം എന്താണ്‌?
2. ജീവിതത്തിലെ ഏറ്റവും വലിയ മൂന്ന്‌ പശ്ചാത്താപങ്ങള്‍ ഏതൊക്കെയാണ്‌?
3. നിങ്ങള്‍ ചെയ്തുപോയ ഏറ്റവും തെറ്റായ സംഗതി എന്താണ്‌?
കഥാപാത്രങ്ങളെ നിര്‍മ്മിക്കുമ്പോള്‍ ഇതെല്ലാം പ്രയോജനപ്പെടുത്തുക എന്നാണ്‌ ഗില്ലെസിന്റെ ഒരു പാഠം.
നോക്കൂ നന്നായി തിരക്കഥയെഴുതാന്‍ പഠിപ്പിക്കുന്ന പുസ്തകം ഇവിടയെത്തുമ്പോള്‍ തിരക്കഥയില്‍നിന്നും സിനിമയില്‍നിന്നുമൊക്കെ പുറത്തുചാടി ജീവിതത്തിന്റെ പൊരിവെയിലത്തുവന്ന്‌ മനസിന്റെ വഞ്ചിയില്‍ കയറിയിരിക്കയാണ്‌. ചോദ്യങ്ങള്‍ മിക്കവാറും ഇനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത, വിജയമോഹിയായ ഒരു ചെറുപ്പക്കാരനോടാണ്‌ എന്ന്‌ ഓര്‍ക്കുക. അവന്‍ ഭാവിയുടെ ഖനിയില്‍നിന്ന്‌ സ്വര്‍ണ്ണം കുഴിച്ചെടുക്കണം. അതിനായി അവനോടുപറയുന്നത്‌ നീ നിന്റെ പരാജയങ്ങളെ, വീഴ്ചകളെ, തെറ്റുകളെ ധ്യാനിക്കുക എന്നല്ലേ? ഒരു ഇരുപത്തിയഞ്ചുവയസ്സിനിടയില്‍ ഒരിക്കലും മറക്കാനാവാത്ത അഞ്ച്‌ പരാജയങ്ങള്‍ അനുഭവിച്ചിട്ടില്ലാത്തയാള്‍ എഴുത്തും സിനിമയും കലയുമൊക്കെ കളഞ്ഞ്‌ വേറെ വല്ല പണിയും നോക്കുന്നതാണ്‌ നല്ലത്‌ എന്ന്‌ ഗില്ലെസിന്റെ സൂക്തങ്ങള്‍ വരികള്‍ക്കിടയിലൂടെ പറയുന്നുണ്ട്‌. സിനിമയിലാണെങ്കില്‍ അയാളുടെ കഥാപാത്രങ്ങള്‍ക്ക്‌ രക്തയോട്ടമോ ജീവിതരംഗങ്ങള്‍ക്ക്‌ ഞരമ്പുകളോ സംഭാഷണങ്ങള്‍ക്ക്‌ ഹൃദയമിടിപ്പോ ഉണ്ടാവില്ല.

ശരി, അങ്ങനെയുള്ള ഒരാള്‍ 'വേറെ പണി'ക്കുപോയാലോ? ഗില്ലസ്‌ എഴുതിയതില്‍നിന്ന്‌ ഗില്ലസ്‌ എഴുതാത്തതിലേക്ക്‌ ടേക്‍ഓഫ്‌ ചെയ്തു നോക്കുക. നല്ല പ്രായത്തില്‍ പ്രധാനപ്പെട്ട പരാജയങ്ങളുടെ രുചിയറിയാത്ത ഒരാള്‍ അതിന്റെ ആഘാതങ്ങളില്‍നിന്നും വാളുംപരിചയും നിര്‍മ്മിക്കാത്ത ഒരാള്‍, ജീവിതത്തിലെ മറ്റേതുരംഗത്തും ഒരുപരിധികഴിഞ്ഞ്‌ വിജയം വെട്ടിപ്പിടിക്കാന്‍ സാദ്ധ്യതയുണ്ടോ? ഇല്ല എന്ന്‌ ഞാനെഴുതുന്നത്‌. അത്‌ ഒരവസാനവാക്കാണ്‌ എന്ന പിടിവാശിയില്ലാതെയാണ്‌.

പുതിയ ലോകത്തിന്‌ വിജയം വെറുമൊരു സ്വപ്‌നം മാത്രമല്ല. അത്‌ 'വലിയൊരു മാനിയ' തന്നെയായിക്കഴിഞ്ഞു. പരാജയം സിനിമയില്‍ കാണാന്‍ പോലും ആരും ഇഷ്‌ടപ്പെടുന്നില്ല. പ്രധാന കഥാപാത്രങ്ങളെല്ലാം മരിക്കുന്ന 'ചെമ്മീന്‍' ഇന്നാണ്‌ റിലീസ്‌ ചെയ്യുന്നതെങ്കില്‍ തിയേറ്ററില്‍ മൂന്നാംദിവസം വേറെ പടം ഇടേണ്ടിവരും. ആ പയ്യന്‍ ഐ. എ. എസ്‌ നേടിയില്ലായിരുന്നുവെങ്കില്‍ 'തന്മാത്ര'യെയും നമ്മള്‍ ചവറ്റുകുട്ടയിലിടുമായിരുന്നു. ചോദിക്കാം, ശുഭപര്യവസായി സിനിമകള്‍ കണ്ട്‌ കുട്ടികള്‍ ശുഭാപ്‌തിവിശ്വാസം വളര്‍ത്തുന്നത്‌ നല്ലതല്ലേ? മണ്ടത്തരം. നിത്യോപയോഗവസ്തുവായ സിനിമ ഹോള്‍സെയിലായി ശുഭം ആയിക്കഴിഞ്ഞശേഷം കേരളത്തില്‍ ആത്‌മഹത്യകള്‍ കുറയുകയല്ല കൂടുകയാണ്‌ ചെയ്തത്‌. ട്രാജഡികള്‍ക്കു മാത്രമേ ശുഭാപ്‌തിവിശ്വാസം വളര്‍ത്താന്‍ സാധിക്കൂ. ഭാവിയില്‍ വസൂരി പിടിപെടാതിരിക്കാന്‍ വസൂരിയണുക്കള്‍ തന്നെ ലഘൂകരിച്ച്‌ വാക്‌സിനേഷന്‍ എടുക്കുന്നതുപോലെയാവാം ദുരന്തകഥകള്‍ നമ്മില്‍ പ്രവര്‍ത്തിക്കുന്നത്‌. ഗ്രീക്ക്‌ ട്രാജഡികള്‍ക്കുശേഷം ഭൂമിയില്‍ ഉദിച്ചത്‌ പുതിയ സൂര്യനാണ്‌. ഷേക്‌സ്‌പീരിയന്‍ ട്രാജഡികള്‍ക്കുശേഷം സൂര്യന്‍ പിന്നെയും പുതുതായി മാറി.

കടപ്പാട്‌: കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: