വ്യാഴാഴ്‌ച, മാർച്ച് 02, 2006

ബുഷ്‌ വന്നു - നിഴലുകള്‍ മായുമോ?

ബുഷ്‌ വന്നു - നിഴലുകള്‍ മായുമോ?
ജി. സുഭാഷ്‌

അമേരിക്കയുടെ നയങ്ങളെയും നിലപാടുകളെയും ചൊല്ലി ഇന്ത്യന്‍ ജനതയുടെ മനസില്‍ സംശയത്തിന്റെയും ആശങ്കയുടെയും തിരകള്‍ ഉയര്‍ന്നു നില്‍ക്കുന്ന വേളയിലാണ്‌ ഇന്നലെ രാത്രി അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്‌.
വന്‍ശക്തിരാഷ്‌ട്രത്തിന്റെ തലവനായ ബുഷിന്റെ ഇന്ത്യാസന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളില്‍ ഇന്ത്യയുടെ ആണവപരീക്ഷണങ്ങള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാക്കുക, ഇറാനെതിരായ നടപടിക്ക്‌ ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കുക തുടങ്ങിയവയും ഉണ്ടെന്ന്‌ വിമര്‍ശകര്‍ പറയുന്നു. അമേരിക്കയുടെ ആഗോള പ്രമാണിത്തത്തിന്‌ ഇന്ത്യയുടെ പിന്‍ബലം ഉറപ്പാക്കാനും ചൈനയുടെ വന്‍ശക്തി സ്വാധീനത്തെ ചെറുക്കാന്‍ ഇന്ത്യയെ സാമ്പത്തിക, സൈനിക ബദല്‍ശക്തികേന്ദ്രമായി ഉയര്‍ത്തിക്കാട്ടാനും പദ്ധതിയുണ്ടെന്നതും രഹസ്യമല്ല.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ചൂഷണം ചെയ്യുക അമേരിക്കന്‍ കമ്പനികളുടെ ലക്ഷ്യമാണ്‌. ഐ.ടി, ബിസിനസ്‌ പ്രോസസിംഗ്‌ രംഗങ്ങളില്‍ കുറഞ്ഞ കൂലിക്ക്‌ അമേരിക്കന്‍ ഇടപാടുകള്‍ ഇന്ത്യയില്‍ നടത്തിയെടുക്കാമെന്ന സാദ്ധ്യത ഇതിലൊന്ന്‌. ജോലികള്‍ ഇന്ത്യയിലേക്ക്‌ പുറംകരാര്‍ നല്‍കികൊണ്ടു പോകുന്നതിനാല്‍ അമേരിക്കയില്‍ തൊഴിലില്ലായ്‌മ വര്‍ദ്ധിക്കുണ്ടെന്ന മുറവിളി ശക്തമായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യയ്ക്ക്‌ ഏറെ പ്രതികൂലമായ നടപടി ഉണ്ടാവില്ലെന്ന്‌ പ്രസിഡന്റ്‌ ബുഷ്‌ കഴിഞ്ഞയാഴ്ച വാഷിംഗ്‌ടണില്‍ ഏഷ്യാ സൊസൈറ്റിയുടെ യോഗത്തില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ തൊഴിലുകള്‍ ചെയ്യുന്നത്‌ ഇല്ലാതാക്കുന്നതിന്‌ പകരം അമേരിക്ക വിദ്യാഭ്യാസനയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിവേണം പ്രശ്നപരിഹാരം കാണാനെന്നാണ്‌ പ്രസിഡന്റ്‌ ബുഷ്‌ പറഞ്ഞത്‌.

ഗതാഗത, ഊര്‍ജ്ജ മേഖലകളില്‍ ഇന്ത്യയ്ക്ക്‌ ആധുനിക അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കിനല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക്‌ അവസരം ലഭ്യമാക്കുക എന്നതും അമേരിക്കന്‍ അധികാരികളുടെ ബിസിനസ്‌ ലക്ഷ്യങ്ങളില്‍പെട്ടതാണ്‌.ലോക മുതലാളിത്ത സമ്പദ്‌വ്യസ്ഥയോട്‌ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കൂട്ടിയിണക്കിവയ്ക്കുക, ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക സന്നാഹശേഷിക്കുമേല്‍ നിയന്ത്രണം നേടിയെടുക്കുക എന്നതും അമേരിക്കന്‍ ലക്ഷ്യങ്ങളാണ്‌.

ഇന്ത്യയാകട്ടെ ആണവായുധശക്തിരാജ്യമെന്ന അന്താരാഷ്‌ട്ര അംഗീകാരം കിട്ടാന്‍ ആഗ്രഹിക്കുന്നു. യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ വാദഗതിക്ക്‌ ബലം നല്‍കുന്നതാകും ആ അംഗീകാരം. അതല്ലെങ്കില്‍ ലോകശക്തി രാഷ്‌ട്രമെന്ന അംഗീകാരമെങ്കിലും നേടാനാകും.സിവിലിയന്‍ ആണവ ഊര്‍ജ്ജശേഷി വികസിപ്പിക്കാന്‍ വിടേശ സാങ്കേതികവിദ്യയും ഇന്‌ധനവും നേടാനും ഇന്ത്യയ്ക്ക്‌ താത്‌പര്യമുണ്ട്‌. അതിലൂടെ വിടേശത്തുനിന്നുള്ള എണ്ണ, വാതക ഇറക്കുമതി കുറയ്ക്കാനും കൂടുതല്‍ വിഭവശേഷി സ്വന്തം സൈനിക ഗവേഷണ, വികസന കാര്യങ്ങള്‍ക്കായുള്ള ആണവ പദ്ധതിക്കായി വിനിയോഗിക്കാനാകുമെന്നും കണക്കുകൂട്ടുന്നു.

കഴിഞ്ഞ ജൂലായില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ വാഷിംഗ്‌ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ-യു.എസ്‌ ആണവ ഉടമ്പടിക്ക്‌ ധാരണയായിരുന്നു. ഇന്ത്യയ്ക്ക്‌ പുതിയ സിവിലിയന്‍ ആണവ സാങ്കേതികവിദ്യയും ആണവ ഇന്‌ധനവും ലഭ്യമാക്കാന്‍ അമേരിക്ക ആണവ വിതരണ സംഘത്തിലെ അംഗരാജ്യങ്ങളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ്‌ ധാരണ. യു.എന്നിലെ അഞ്ചു സ്ഥിരാംഗരാജ്യങ്ങള്‍ക്ക്‌ ആണവായുധ കാര്യത്തില്‍ കുത്തകാധികാരം നല്‍കുന്ന ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാന്‍ ഇന്ത്യ വിസമ്മതിച്ചുനില്‍ക്കുന്നത്‌ അതിന്‌ വിഘാതമാവില്ല. എന്നാല്‍, ആ ഉടമ്പടി പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യ സിവിലിയന്‍, സൈനിക ആണവപദ്ധതികള്‍ വ്യക്തമായി വേര്‍തിരിക്കണമെന്നും ആണവപദ്ധതി അന്താരാഷ്‌ട്ര ആണവ ഊര്‍ജ്ജ സമിതിയുടെ പരിശോധനാ പരിധിയില്‍പെടുത്തണമെന്നുമുള്ള ഉപാധികൂടി അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്നതാണ്‌ തര്‍ക്കവിഷയമായിരിക്കുന്നത്‌.

അമേരിക്ക ഫലത്തില്‍ ഇന്ത്യയെ സാങ്കേതിക, സൈനിക ആശ്രിത രാജ്യമാക്കുകയാണ്‌ ഇതിന്റെ ഫലം.ഇറാനെതിരായ നീക്കങ്ങള്‍ക്ക്‌ ഇന്ത്യയുടെ പിന്തുണ നേടാന്‍ അമേരിക്കയ്ക്ക്‌ യൂറോപ്യന്‍ യൂണിയനിലെ അതിന്റെ സഖ്യരാജ്യങ്ങളും ആണവ കരാര്‍ ആയുധമാക്കി സമ്മര്‍ദ്ദം ചെലുത്തുന്നു. ഇറാന്റെ ആണവ പദ്ധതിയെ അപലപിക്കാന്‍ അമേരിക്കയ്ക്കൊപ്പം വോട്ട്‌ ചെയ്ത്‌ ഇന്ത്യ ഉത്തരവാദപ്പെട്ട ആണവശക്തി രാജ്യമെന്ന്‌ തെളിയിക്കണമെന്നു അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, ഇപ്പോള്‍ ഇറാനെതിരെ സ്വീകരിച്ചിരിക്കുന്ന അമേരിക്കന്‍ നയം ഭാവിയില്‍ ഇന്ത്യയ്ക്കെതിരെയും പ്രയോഗിക്കപ്പെടാവുന്ന ആയുധമാണെന്നതാണ്‌ വസ്തുത.അമേരിക്കന്‍ബന്‌ധം സുദൃഢമാക്കാന്‍ മന്‍മോഹന്‍സിംഗും സോണിയാഗാന്‌ധിയും ശക്തമായി നിലകൊള്ളുന്നുവെന്നതിന്‌ തെളിവായി അമേരിക്കന്‍ ബന്‌ധത്തിനെതിരെ സംസാരിച്ച നട്‌വര്‍സിംഗിന്‌ വിടേശമന്ത്രിസ്ഥാനവും (ഇറാക്ക്‌ എണ്ണവിവാദത്തെച്ചൊല്ലി) മണിശങ്കര്‍ അയ്യര്‍ക്ക്‌ പെട്രോളിയം മന്ത്രിസ്ഥാനവും നഷ്‌ടമായി എന്നത്‌ വിമര്‍ശകര്‍ എടുത്തുകാട്ടുന്നു.


അഞ്ചാമന്‍

ഡ്വൈറ്റ്‌ ഡി. ഐസനോവര്‍, റിച്ചാര്‍ഡ്‌ നികസ്ണ്‍, ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്‌ളിന്റണ്‍.... മുമ്പ്‌ ഇന്ത്യ സന്ദര്‍ശിച്ച യു.എസ്‌ പ്രസിഡന്റുമാരാണിവര്‍. ആ പട്ടികയിലേക്ക്‌ ഇപ്പോള്‍ ജോര്‍ജ്‌ ബുഷും എത്തി. ഇന്ത്യ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ യു.എസ്‌ പ്രസിഡന്റാണ്‌ ബുഷ്‌.1959 ഡിസംബര്‍ 10-ന്‌ ഐസനോവര്‍ക്ക്‌ ഡല്‍ഹിയില്‍ നല്‍കിയ വരവേല്‌പ്‌ അതിഗംഭീരമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജാവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളില്‍ 'ഞങ്ങളുടെ പ്രതീക്ഷയെയും അതിശയിപ്പിച്ച ഉജ്ജ്വല വരവേല്‌പ്‌.' അമേരിക്ക പാകിസ്ഥാനോടു കാട്ടുന്ന അമിത അടുപ്പവും ആ രാജ്യത്തിന്‌ ആയുധങ്ങള്‍ നല്‍കുന്ന നയവും ഇന്ത്യന്‍ താത്‌പര്യങ്ങള്‍ക്ക്‌ എതിരായിരുന്നെങ്കിലും ഇന്ത്യ-യു.എസ്‌ ബന്‌ധത്തില്‍ കാര്യമായ പുരോഗതിവരുത്താന്‍ ഐസനോവറുടെ ഇന്ത്യാസന്ദര്‍ശനം സഹായമായി.

1969 ആഗസ്റ്റില്‍ പൂര്‍വ്വേഷ്യാ സന്ദര്‍ശനം കഴിഞ്ഞ്‌ യൂറോപിലേക്ക്‌ പോകുന്നതിനിടെ ഒരു ദിവസമാണ്‌ പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്‌സണ്‍ ഡല്‍ഹിയില്‍ തങ്ങിയത്‌. വരവേല്‍ക്കാന്‍ ജനക്കൂട്ടം ഉണ്ടായിരുന്നെങ്കിലും അത്ര ഊഷ്‌മളമായിരുന്നില്ല സ്വീകരണം. ഇന്ത്യയുടെ പുരോഗതിക്ക്‌ സാമ്പത്തിക സഹായം നല്‍കുന്നതിനോട്‌ നിക്‌സണ്‌ എതിര്‍പ്പില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്‌ ചായ്‌വ്‌ പാകിസ്ഥാനോടായിരുന്നു.

1978 ജനുവരി ഒന്നിന്‌ ജിമ്മി കാര്‍ട്ടര്‍ക്ക്‌ ഇന്ത്യയില്‍ ലഭിച്ചത്‌ മുമ്പ്‌ ഐസനോവര്‍ക്ക്‌ ലഭിച്ചതിന്റെയത്ര ഗംഭീരമല്ലെങ്കിലും ഉജ്ജ്വലവും ഊഷ്‌മളവുമായ വരവേല്‌പായിരുന്നു. 1974 ല്‍ ഇന്ത്യ ആണവപരീക്ഷണം നടത്തിയതിലുള്ള അനിഷ്‌ടം കാര്‍ട്ടര്‍ക്കുണ്ടായിരുന്നു. കൊക്കകോളയും ഐ.ബി.എമ്മും ഇന്ത്യയില്‍നിന്ന്‌ തുരത്തപ്പെട്ടതും അമേരിക്കന്‍ താത്‌പര്യങ്ങള്‍ ഹനിക്കുന്നതായി. പക്ഷേ, കാര്‍ട്ടര്‍ ഇന്ത്യാസന്ദര്‍ശനത്തെ അത്‌ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുമായി ചേര്‍ന്ന്‌ ഡല്‍ഹി പ്രഖ്യാപനത്തിലും ഒപ്പുവച്ചു.

പ്രസിഡന്റ്‌ പദവിയിലുള്ള അവസാനനാളുകളിലാണ്‌ 2000 മാര്‍ച്ചില്‍ ബില്‍ ക്‌ളിന്റണ്‍ ഇന്ത്യ സന്ദര്‍ശിച്ചത്‌. അത്‌ ഉത്സവമായി മാറ്റാന്‍ ഇന്ത്യയിലെയും അമേരിക്കയിലെയും പ്രചാരകരും പി.ആര്‍ വിദഗ്ദ്ധരും തന്ത്രപൂര്‍വ്വം കരുനീക്കി.
ഇന്ത്യന്‍ ജനതയുടെ പ്രീതി പിടിച്ചുപറ്റുന്ന സരസഭാഷണത്തിലൂടെ ക്‌ളിന്റണും അവസരത്തിനൊത്തുനിന്നു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിച്ച്‌ കൈയടിനേടി. ഡല്‍ഹിയിലും ഹൈദരാബാദിലും മുംബയിലും തിരക്കിട്ട പരിപാടികളിലൂടെ വ്യവസായ, വാണിജ്യബന്‌ധങ്ങളും ദൃഢമാക്കാന്‍ ക്‌ളിന്റണ്‍ ശ്രദ്ധിച്ചു.

കടപ്പാട്‌ : കേരളകൌമുദി ഓണ്‍ലൈന്‍

1 അഭിപ്രായം:

വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...

ഒന്നും സംഭവിക്കില്ല കലേഷേ..
അമേരിക്ക എന്ന ആഢ്യന്റെ കിരാത കരങ്ങൾ ഇങ്ങ്‌ ഏഷ്യയുടെ സുഖ ശീതളിമയിലേക്കും നീണ്ട്‌ തുടങ്ങുന്നു..!