ശനിയാഴ്‌ച, മാർച്ച് 11, 2006

'ഓര്‍ക്കുക വേലുക്കുട്ടി അരയനെ'

'ഓര്‍ക്കുക വേലുക്കുട്ടി അരയനെ'
സ്വാമി ബ്രഹ്‌മവ്രതന്‍
ഡോ. വി.വി. വേലുക്കുട്ടി അരയന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു സഹസ്രമുഖനോ ശതമുഖനോ ആയിരുന്നു എന്ന്‌ പറയുന്നത്‌ അതിശയോക്തിയാണെങ്കില്‍ കുറഞ്ഞപക്ഷം ഒരു ദശമുഖനെങ്കിലുമായിരുന്നു. ആ മുഖങ്ങളിലെല്ലാം തന്നെ അപാര ധീരതയുടെ തേജസ്സും അത്ഭുതകരമായ കര്‍മ്മണ്യതയുടെ ഓജസ്സും നിതാന്തകാന്തിയോടെ ഓളം തുളുമ്പിയിരുന്നു. ഒരു വൈദ്യവിദ്യാവിശാരദന്‍, നിഷ്‌പക്ഷമതിയും നിശിതധര്‍മ്മവ്രതനുമായ ഒരു പത്രാധിപന്‍, ഭാവനാസുന്ദരനായ ഒരു വരകവി. പിന്നില്‍ പ്രതിഭയും മുന്നില്‍ ശാസ്‌ത്രവൈദ്യവുമായി ശക്തനായി നിന്ന ഒരു നിരൂപകന്‍. ഔചിത്യബോധം അനുഗ്രഹിച്ച ഒരു അതുല്യ വാഗ്‌മി, അതികായനായ ഒരു സാഹിത്യകാരന്‍, സരസ സംഭാഷണചതുരന്‍ - എന്നു വേണ്ടാ, ആരായിരുന്നില്ല ഡോ. വേലുക്കുട്ടി അരയന്‍!
ഡോക്‌ടര്‍ ആദ്യമായും അവസാനമായും ഒരു സമുദായോദ്ധാരകനായിരുന്നു എന്നറിയുന്നവര്‍ 60 വര്‍ഷം മുമ്പുള്ള അരയസമുദായത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്ന്‌ ചിന്തിക്കാറില്ല. ഒരു ഡോക്‌ടര്‍ കോമനോ, ഒരു റാവുബഹദൂര്‍ വി.വി. ഗോവിന്ദനോ, അങ്ങനെ സമുദായാന്തരീക്ഷത്തില്‍ അപൂര്‍വം അത്യുജ്വല ഗോളങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളതും സത്യം തന്നെ. പക്ഷേ, അവയുടെ പ്രകാശരശ്‌മികള്‍ "താഴെത്തമോഭൂമി" യിലെ അരയസമുദായത്തിന്റെ ഉറക്കമുണര്‍ത്തിയില്ല. ആ ഇരുളടഞ്ഞ നാളുകളില്‍ സമുദായാഭിമാനത്തിന്റെ തീപ്പന്തമേന്തിനിന്ന്‌ ആ സമുദായോദ്ധാരകര്‍ത്താവ്‌, നായര്‍ സമുദായത്തിന്‌ സി. കൃഷ്‌ണപിള്ളയും മന്നത്തു പത്‌മനാഭനും ഈഴവസമുദായത്തിന്‌ ഡോ.പി. പല്‍പുവും ടി.കെ. മാധവനും പുലയര്‍ സമുദായത്തിന്‌ അയ്യന്‍കാളിയുമെന്നപോലെയായിരുന്നു അരയസമുദായത്തിന്‌ ഡോ. വേലുക്കുട്ടി അരയന്‍. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള സമുദായോത്തേജന ശ്രമങ്ങളില്‍ പലതിലും ഭാഗഭാക്കും പലപ്പോഴും ഒരു കര്‍മ്മസാക്ഷിയുമായിരുന്ന ഈ ലേഖകന്‌ പറയാന്‍ കഴിയും അക്കാലം അദ്ദേഹം ഭ്രാന്തിന്‌ മരുന്നുകൊടുക്കുന്ന ഒരു ഡോക്‌ടര്‍ ആയിരുന്നു എന്ന്‌.
സമുദായോന്നമനത്തിനുള്ള പ്രധാനായുധമായിരുന്നു സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലും സ്വന്തം പ്രസില്‍ നിന്നും പ്രസിദ്ധീകരിച്ച " അരയന്‍"' പത്രം. വലിയ സമ്പന്നനല്ലായിരുന്ന ഒരു സമുദായപരിഷ്കര്‍ത്താവിന്റെ ആവേശോജ്ജ്വലമായ ധീരസാഹസികത മാത്രമാണ്‌ പ്രസിന്റെയും പത്രത്തിന്റെയും പിന്നില്‍ ജാഗരിച്ചിരുന്നത്‌. പത്രധര്‍മ്മം എന്തെന്നറിയാമായിരുന്ന പത്രാധിപര്‍ പത്രത്തിന്റെ പേജുകള്‍ അരയസമുദായ പ്രശ്‌നങ്ങള്‍ക്ക്‌ മാത്രമായി ഉപയോഗിച്ചിരുന്നില്ല.
ഈ ധീരനായ പടയാളിയില്‍ ഉന്നതനായ ഒരു സല്‍ക്കവിയുമുണ്ടായിരുന്നു എന്ന വസ്തുത അറിഞ്ഞവര്‍ കേരളത്തില്‍ എത്ര പേരുണ്ടായിരിക്കും? അദ്ദേഹം ഭാവനാ സമ്പന്നനായ ഒരു കവിയായിരുന്നു. പക്ഷേ, കവിയശഃ പ്രാര്‍ത്ഥിയായിരുന്നില്ല. "കാവ്യം യശസ്സേര്‍ത്ഥകൃതേ" എന്നിങ്ങനെ കാവ്യ കൃത്ഫലങ്ങളെപ്പറ്റി ശാസിച്ച ആചാര്യനെ നല്ലവണ്ണം പഠിച്ചിരുന്നിട്ടും സ്വാത്‌മ ചോദിതനായ ആ സാക്ഷാല്‍ കവിയഃശസ്സിനും അര്‍ത്ഥത്തിനുവേണ്ടി കളകോമളാംഗിയായ തന്റെ കവിതാ കാമിനിയെ നൃത്തം ചവിട്ടിച്ചില്ല. എന്നാല്‍, " സതതോത്ഥായിയും രസജ്ഞനു'മായ കവിയുടെ ഭാവനാസുരഭിലമായ കാവ്യകാരകത്തെ ഉള്ളൂര്‍ മഹാകവി, എത്ര ഹൃദയസ്‌പൃക്കായിട്ടാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌! 1120ല്‍, മഹാകവി കുമാരനാശാനോട്‌ ഡോക്‌ടര്‍ക്കുണ്ടായിരുന്ന ബഹുമുഖ ബന്‌ധത്തിന്റെ സ്‌മാരകമായി പ്രസിദ്ധീകരിച്ച ഒരു സമാഹാരമാണല്ലോ "പദ്യകുസുമാഞ്ജലി". ആ ഒരൊറ്റ കൃതി മതി, വിനയം തടസ്സമായി നിന്നിരുന്നില്ലെങ്കില്‍ തന്റെ സമകാലിക കവികളുടെ മുന്നില്‍ ചാടിക്കടന്ന്‌, അഗ്രിമ പീഠസ്ഥനാകുവാന്‍.
ഡോക്‌ടര്‍ അരയന്‍ ഒരു കവിയും അതേസമയം ഒരു നിരൂപകനുമായിരുന്നു. അതുതന്നെയാകാം അദ്ദേഹത്തിന്റെ കാവ്യകൃതികളില്‍ ആന്ദോളനം ചെയ്യുന്ന അവികല മാധുരിയുടെ കാരണവും. തകഴി ശിവശങ്കരപ്പിള്ളയുടെ 'ചെമ്മീന്‍" എന്ന കെട്ടുകഥയ്ക്ക്‌ ഡോക്‌ടര്‍ എഴുതിയ ഒരു നിരൂപണമുണ്ടല്ലോ. അതൊന്നുമതി ഡോക്‌ടറിലെ നിരൂപകന്റെ ഘനഗാംഭീര്യം വ്യക്തമാക്കാന്‍.
പദ്യകുസുമാഞ്ജലി, ശ്രീ ചൈത്രബുദ്ധന്‍, ചെമ്മീന്‍ നിരൂപണം, രസലക്ഷണസമുച്ചയം, ലഘുകഥാകൌമുദി, ഭാഗ്യപരീക്ഷകള്‍, ദീനയായ ദമയന്തി, മത്സ്യവും മതവും, ക്‌ളാവുദീയ അഥവാ ദിവ്യപ്രേമം, ഒരദ്ധ്യക്ഷ പ്രസംഗം, ശര്‍മ്മദ, ഒരിംഗ്‌ളീഷ്‌ ആഖ്യായികയുടെ സ്വതന്ത്ര വിവര്‍ത്തനം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ വേലുക്കുട്ടി അരയന്‍ എഴുതി.
പരേതനായ ഡോ. വി.വി. വേലുക്കുട്ടി അരയന്‍ ബഹുമുഖവിലാസം തികഞ്ഞ ഒരപൂര്‍വ്വ സിദ്ധിമാനായിരുന്നു എന്ന്‌ തീര്‍ച്ച.
(1976ല്‍ സ്വാമി ബ്രഹ്‌മവ്രതന്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്ന്‌)

കടപ്പാട്‌: കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: