ശനിയാഴ്‌ച, മാർച്ച് 11, 2006

ദേവദാരുപോലെ...

ദേവദാരുപോലെ...
പി.പി. ജയിംസ്‌

ഒരിക്കല്‍ വെള്ളയമ്പലത്തെ അരമനയിലിരുന്ന്‌ സൌഹൃദം പങ്കിടുകയായിരുന്നു. സ്വതസ്സിദ്ധമായ നിഷ്കളങ്കതയോടെ ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസാപാക്യം പറഞ്ഞു : "മെത്രാന്‍ പദവി വലിയ അലങ്കാരമാണെന്ന്‌ പുറത്തുള്ളവര്‍ക്ക്‌ തോന്നും. ചിലപ്പോഴൊക്കെ സ്വര്‍ണക്കൂട്ടിലെ പക്ഷിയുടെ അവസ്ഥയാണ്‌. പരിമിതികള്‍ ഏറെയാണ്‌. ഏതെങ്കിലും കൊച്ചുഗ്രാമത്തില്‍ പാവപ്പെട്ട മനുഷ്യരോടൊപ്പം അവരുടെ വേദനയും സന്തോഷവും പങ്കിട്ട്‌ സാധാരണ വൈദികനായി കഴിയാന്‍ സ്വകാര്യമായിട്ടെങ്കിലും മോഹിച്ചുപോയിട്ടുണ്ട്‌." ഈ ആഗ്രഹപ്രകടനം ഭംഗിവാക്കല്ലെന്ന്‌ ഡോ. സൂസാപാക്യത്തെ അടുത്തറിയുന്നവര്‍ക്ക്‌ മനസ്സിലാവും.

മെത്രാപ്പൊലീത്തയുടെ അറുപതാം പിറന്നാളിന്റെ തലേന്ന്‌ കൂടിക്കാഴ്ചയ്ക്ക്‌ ചെന്നപ്പോഴും ഹൃദയവികാരം മറച്ചുവച്ചില്ല. ' എന്നെ ബലൂണ്‍ ഊതിവീര്‍പ്പിക്കുന്നപോലെ ഉയര്‍ത്തിക്കാട്ടുന്ന അഭിമുഖമൊന്നും പ്രസിദ്ധീകരിക്കരുതേ. ഷഷ്‌ടിപൂര്‍ത്തി ആരെയും അറിയിക്കരുതെന്ന്‌ മനസില്‍ കരുതിയതാണ്‌. സി. ജോസഫച്ചന്‍ പറ്റിച്ച പണിയാണ്‌. പത്രക്കാര്‍ വന്നു. ആരേയും പിണക്കിവിടാന്‍ എനിക്ക്‌ കഴിയില്ല.'

ഒടുവില്‍ ഹൃദയപരമായ സംഭാഷണത്തിന്‌ വഴങ്ങി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ സ്വന്തം മാതാവ്‌ തെരേസാമ്മ എന്നന്നേക്കുമായി വേര്‍പിരിഞ്ഞതിന്റെ ദുഃഖവും നഷ്‌ടബോധവും വിട്ടുമാറിയിരുന്നില്ല. 'വലിയ നഷ്‌ടമാണ്‌. ഇപ്പോള്‍ പ്രതീക്ഷിച്ചില്ല. അമ്മപോയശേഷം ഒരുതരം ശൂന്യത അനുഭവപ്പെടുന്നു. ഞങ്ങള്‍ അഞ്ചു സഹോദരങ്ങളെ ഒരുമിപ്പിച്ചിരുന്ന കണ്ണിയായിരുന്നു അവര്‍. അമ്മ ഏതു വീട്ടിലാണോ അവിടെയാണ്‌ ഞാന്‍ പോയിരുന്നത്‌. മറ്റുള്ളവര്‍ ഒത്തുകൂടും. ഇനി ആ കണ്ണിയില്ല' - ലൌകിക ലോകവുമായി തന്നെ ബന്‌ധിപ്പിച്ചിരുന്ന സുപ്രധാന കണ്ണിയാണ്‌ പോയതെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഓര്‍ത്തു.
മാര്‍ത്താണ്‌ഡന്‍ തുറയില്‍ കടലിനോട്‌ തൊട്ടുള്ള ഓലമേഞ്ഞ വീട്ടില്‍ ദാരിദ്യ്‌രത്തിനു നടുവിലും അമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ച ബാല്യകാലത്തേക്ക്‌ ഓര്‍മ്മകള്‍ പാഞ്ഞു. " പതിനൊന്നുവയസ്സുവരെ കടലിന്റെ തിരകളെ തൊട്ട്‌ നില്‍ക്കുന്ന ഓലമേഞ്ഞ വീട്ടിലായിരുന്നു താമസം. അമ്മ രാവിലെ എഴുന്നേല്‍പ്പിച്ച്‌ പ്രാര്‍ത്ഥന ചൊല്ലിത്തരും. പള്ളിയില്‍ കൊണ്ടുപോകും. ജീവിതഭാരങ്ങള്‍ക്കുനടുവില്‍ കണ്ണുമടച്ച്‌ പ്രാര്‍ത്ഥിക്കുന്ന അമ്മയെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്‌. അമ്മ പകര്‍ന്നുതന്ന ദൈവാനുഭവമാണ്‌ വൈദികനാവാന്‍ പ്രേരണയായത്‌.'

വീണ്ടും ഓര്‍മ്മകള്‍ കുട്ടിക്കാലത്തേക്ക്‌. ' ഓലമേഞ്ഞ ഞങ്ങളുടെ വീടിന്റെ ഒരുഭാഗം പണ്ടകശാലയാണ്‌. അവിടെയാണ്‌ മത്സ്യം ഉണക്കാനിട്ടിരുന്നത്‌. അന്ന്‌ കട്ടിലൊന്നുമില്ല. കടലിന്റെ സംഗീതവും മത്സ്യത്തിന്റെ ഗന്‌ധവുമേറ്റ്‌ ഞാന്‍ പണ്ടകശാലയിലെ നിലത്ത്‌ ചുരുണ്ടുകൂടിക്കിടക്കും. ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍പോയി പഞ്ചനക്ഷത്ര സൌകര്യത്തില്‍ കഴിയുമ്പോള്‍ ആ നാളുകള്‍ ഓര്‍ക്കും. മത്സ്യത്തിന്റെ ഗന്ധമേറ്റ്‌ ചുരുണ്ടുകൂടി കിടക്കുന്ന കൊച്ചു ബാലന്‍ സുഖമുള്ള ഓര്‍മ്മയായി മനസില്‍ ഓടിയെത്തും. ആ സുഖവും സ്വാതന്ത്യ്‌രവും വേറെവിടെ കിട്ടും?

പാവപ്പെട്ടവരും വേദനിക്കുന്നവരുമായ എല്ലാ മനുഷ്യരുമായും ഹൃദയബന്‌ധം പങ്കിടുന്നതിലും അവരുടെ ആശ്വാസത്തിനായി ഒരുപാട്‌ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലും അതീവ തത്‌പരനാണ്‌ ഡോ. സൂസാപാക്യം. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പട്ടിണി നിറഞ്ഞ ജീവിതം അനുഭവിച്ചറിഞ്ഞ്‌ വളര്‍ന്ന പശ്ചാത്തലമാണ്‌ ഇതിന്‌ പ്രേരണയാവുന്നത്‌. മാര്‍ത്താണ്‌ഡന്‍ തുറയിലെ തന്റെ അമ്മൂമ്മ മരിയാപിള്ളയെ അദ്ദേഹം ഓര്‍ക്കുന്നു. കടകളില്‍ നല്‍കാന്‍ മത്സ്യവുമായി അമ്മൂമ്മ രാവിലെ പോകുമായിരുന്നു. അഭിമാനബോധം കൊണ്ടോ എന്തോ അമ്മയെ ഇതിനൊന്നും പറഞ്ഞുവിടില്ല. മത്സ്യം വിറ്റുകഴിയുമ്പോള്‍ അതേ കുട്ടയില്‍ ചക്കയും മാങ്ങയും വാങ്ങി അമ്മൂമ്മ വരുന്നതുംകാത്ത്‌ ഞാന്‍ ഇരിക്കും. വയര്‍നിറയെ ഇതെല്ലാം കഴിക്കുന്നത്‌ അമ്മൂമ്മ സ്‌നേഹത്തോടെ നോക്കിയിരിക്കും. ആ കാത്തിരിപ്പ്‌ തന്നെ ഒരു സുഖമായിരുന്നു.

കടല്‍ എന്നും സൂസാപാക്യത്തിന്‌ അത്ഭുതമായിരുന്നു. ചെറുപ്പത്തില്‍ കടലിന്റെ വിദൂരതയില്‍ നോക്കിനിന്ന്‌ ചിന്തിക്കുമായിരുന്നു. കടലിനുമപ്പുറത്ത്‌ എന്തായിരിക്കും എന്ന ആകാംക്ഷ മനസില്‍ നിറഞ്ഞുനിന്നു. എന്നെങ്കിലും കടലിനപ്പുറത്ത്‌ പോകാന്‍ പറ്റുമോ എന്നും മോഹിച്ചു. പിന്നീട്‌ മെത്രാനായി എത്രയോ തവണ കടല്‍കടന്ന്‌ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വിമാനം കടലിനുമുകളിലൂടെ പറക്കുമ്പോള്‍ അപ്പുറത്ത്‌ എന്താണ്‌ എന്ന്‌ സ്വപ്‌നംകണ്ട കൊച്ചുബാലന്റെ ആകാംക്ഷ ചിലപ്പോഴൊക്കെ ഉണരും. തന്റെ ജീവിതത്തില്‍ വഴിത്തിരിവ്‌ ഉണ്ടാക്കിയ ഒരു സെമിനാരി സംഭവം അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു.

സ്വതന്ത്രമായി കാറ്റുകൊള്ളാന്‍ ആരുമറിയാതെ പുറത്തുകടന്നു. അല്‍പം കഴിഞ്ഞപ്പോള്‍ വല്ലാത്ത ദാഹം. പാത്തും പതുങ്ങിയും ഭക്ഷണമുറിയില്‍ കയറി. സര്‍വത്ര ഇരുട്ട്‌. വെള്ളം എടുക്കുന്നതിനിടയില്‍ പ്‌ളേറ്റ്‌ തട്ടിവീണ്‌ ഉടഞ്ഞു. നിമിഷനേരംകൊണ്ട്‌ ആരും കാണാതെ ഇറങ്ങിയോടി. പാത്രം പൊട്ടിച്ചതിനെക്കുറിച്ച്‌ റെക്‌ടറച്ചന്‍ ഫാ. ജോണ്‍ കോയിപ്പറമ്പില്‍ അന്വേഷണമായി. ആരും തുറന്നുപറയാത്തതില്‍ അച്ചനും വിഷമം. രണ്ടു മൂന്നു ദിവസം മനസില്‍ കുറ്റബോധവുമായി നടന്നപ്പോള്‍ എനിക്കും ഭാരം. അറിഞ്ഞാല്‍ സെമിനാരിയില്‍ നിന്നു പറഞ്ഞുവിടും. ഒടുവില്‍ രണ്ടിലൊന്നു തീരുമാനിച്ചു. കുറ്റം ഏറ്റുപറയാന്‍ റെക്‌ടറച്ചന്റെ മുന്നിലെത്തി. ഹൃദയം പടപടാമിടിക്കുകയായിരുന്നു. ധൈര്യം സംഭരിച്ച്‌ കാര്യം പറഞ്ഞു. പ്‌ളേറ്റ്‌ കാലില്‍ വീണാണ്‌ പൊട്ടിയതെന്ന്‌ കേട്ടപ്പോള്‍ അച്ചന്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. 'മോന്റെ കാലിന്‌ വല്ലതും പറ്റിയോ?' കാലിന്‌ വേദനയുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ എണ്ണകൊണ്ടുവന്നു തടവിത്തന്നു. ആ സ്‌നേഹവും കാരുണ്യവുംകണ്ട്‌ കണ്ണുനിറഞ്ഞു. വൈദികജീവിതത്തില്‍ അതൊരു വലിയ പാഠമായി.
ആദ്ധ്യാത്‌മിക ജീവിതത്തില്‍ സത്യസന്‌ധത പുലര്‍ത്തണമെന്ന തീവ്രമായ ചിന്ത ഉണ്ടായത്‌ ഈ സംഭവത്തില്‍നിന്നാണ്‌. തെറ്റു ചെയ്യുന്ന പാപിയോട്‌ ക്ഷമിക്കുന്ന കാരുണ്യവാനായ ദൈവത്തിന്റെ മുഖത്തിന്‌ എന്റെ മനസില്‍ തിളക്കമേറിവന്നു.

അറുപതു വര്‍ഷത്തെ ജീവിതത്തിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ താന്‍ സമൂഹത്തിനുവേണ്ടി അത്ഭുതങ്ങളൊന്നും ചെയ്‌തതായി ആര്‍ച്ച്‌ ബിഷപ്പിന്‌ തോന്നുന്നില്ല. എന്നാല്‍, ഹൃദയംനിറയെ സംതൃപ്‌തിയും സന്തോഷവുമുണ്ട്‌. പ്രതീക്ഷിച്ചതിന്റെയും എത്രയോ വലിയ ദൂരങ്ങളിലേക്ക്‌ ദൈവം തന്നെ വഴിനടത്തി.
പൊതുപ്രവര്‍ത്തനരംഗത്ത്‌ അനുഭവമുള്ള ആളായിരുന്നില്ല ഞാന്‍. കഴിവിന്റെ പരിമിതി നന്നായി അറിയാമായിരുന്നു. നാണം കുണുങ്ങിയും മിതഭാഷിയുമാണ്‌ ഞാന്‍. മെത്രാനായി നിയോഗിക്കപ്പെടുമ്പോള്‍ അല്‍പം ഭയപ്പാടുണ്ടായിരുന്നു. എന്നാല്‍, പതിനാറുവര്‍ഷം മെത്രാനായും മെത്രാപ്പൊലീത്തയായും പ്രവര്‍ത്തിച്ചതുവഴി പാളിച്ചകള്‍ക്ക്‌ നടുവിലും പരിധിവരെ സ്‌നേഹസമൂഹം കെട്ടിപ്പടുക്കാനായി. ആദ്ധ്യാത്‌മിക, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമരംഗത്ത്‌ ഏറെ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്‌തിയുണ്ട്‌ സൂസാപാക്യത്തിന്‌.

ഇന്ത്യയെ പ്രതിനിധീകരിച്ച്‌ റോമിലെ രണ്ടു ഏഷ്യന്‍ സിനഡില്‍ പങ്കെടുക്കാന്‍ അപൂര്‍വഭാഗ്യം ലഭിച്ചിട്ടുണ്ട്‌ ആര്‍ച്ച്‌ ബിഷപ്പിന്‌. മാര്‍പാപ്പ ആദ്ധ്യക്ഷ്യം വഹിച്ച ഉന്നത സമ്മേളനങ്ങളില്‍ ലോകമെമ്പാടുമുള്ള ആത്‌മീയ പണ്‌ഡിതന്മാരെ അഭിസംബോധനചെയ്യാനും അവസരമുണ്ടായി. കടല്‍ത്തീരത്തെ ചേരിയില്‍ നിന്ന്‌ റോമിലെ ഉന്നതവേദികളിലേക്ക്‌ എന്നെ വളര്‍ത്തിയ മാതാപിതാക്കളെയും ഗുരുക്കന്മാരെയും അഭിമാനത്തോടെ ഓര്‍ത്തു.
കാലം ചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി ഹൃദയപരമായ അടുപ്പം സൂക്ഷിച്ചിരുന്ന ഡോ. സൂസാപാക്യത്തിന്‌ മാര്‍പാപ്പയുടെ ഓര്‍മ്മശക്തിയില്‍ അത്ഭുതമാണ്‌. റോമിലെ സന്ദര്‍ശനവേളയില്‍ ലത്തീന്‍ ബിഷപ്പുമാര്‍ക്ക്‌ മാര്‍പാപ്പ കാസ സമ്മാനമായി നല്‍കി. പ്രായംകുറഞ്ഞ ബിഷപ്പായതുകൊണ്ട്‌ അവസാനമാണ്‌ ഡോ. സൂസാപാക്യം സമ്മാനം വാങ്ങാന്‍ ചെന്നത്‌. അല്‍പനേരം തറപ്പിച്ചുനോക്കി. തിരുവനന്തപുരത്തെ ബിഷപ്പിന്‌ രണ്ടു കാസ കൊണ്ടുവരാന്‍ പറഞ്ഞു.

കാലുമുറിച്ച്‌ വിശ്രമത്തിലായിരുന്ന ബിഷപ്പ്‌ ജേക്കബ്‌ അച്ചാരുപറമ്പിലിന്‌ ഒരു കാസ സമ്മാനമായി നല്‍കാന്‍ പറഞ്ഞു. നാട്ടിലെത്തി അച്ചാരുപറമ്പിലിന്‌ സമ്മാനം നല്‍കിയപ്പോള്‍ മാര്‍പാപ്പയുടെ കരുതലും സ്‌നേഹവും ഓര്‍ത്ത്‌ ബിഷപ്പിന്റെ കണ്ണുനിറഞ്ഞു. എത്ര വലിയ പദവിയിലിരുന്നാലും മറ്റുള്ളവരോട്‌ കരുതല്‍ ഉണ്ടാവുക ആദ്ധ്യാത്‌മിക ആചാര്യന്റെ നന്മയാണെന്ന്‌ ഡോ. സൂസാപാക്യത്തിന്‌ അന്ന്‌ ബോദ്ധ്യമായി.

ഗാന്‌ധിയന്മാരുമായി പ്രത്യേക മമതയുണ്ട്‌ ആര്‍ച്ച്‌ ബിഷപ്പിന്‌. മണ്‍മറഞ്ഞ മന്മഥന്‍ സാറും കുമാരപിള്ളയും സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഇപ്പോഴും തുടരുന്ന ഗോപിനാഥന്‍ നായരും സുഗതകുമാരിയും പ്രൊഫ. രാംദാസും അദ്ദേഹത്തിന്‌ പ്രിയപ്പെട്ടവരാണ്‌. അമ്മ മണ്‍മറഞ്ഞതിന്റെ നഷ്‌ടബോധത്തിനിടയില്‍ അറുപതാം പിറന്നാള്‍ വന്നണയുമ്പോള്‍ ഡോ. സൂസാപാക്യം മനസില്‍ ചിലതൊക്കെ തീരുമാനിച്ച്‌ ഉറപ്പിക്കുകയാണ്‌.
'ജീവിതത്തെ കൂടുതല്‍ ശുദ്ധീകരിക്കണം. പാളിച്ചകള്‍ മറികടക്കണം. ഈ ലോകത്തിനപ്പുറത്തുള്ള സ്വര്‍ഗ്‌ഗീയ ജീവിതത്തിനായി ഒരുങ്ങിത്തുടങ്ങണം. ആരെയും ഉപദ്രവിക്കാന്‍ പാടില്ല. ഹൃദയം തുറന്ന്‌ എല്ലാവരെയും സ്‌നേഹിക്കണം. ദൈവത്തെ പ്രാപിക്കാന്‍ ഏതു സമയവും തയ്യാറാവണം.' നല്ല മനുഷ്യരെക്കുറിച്ച്‌ എഴുത്തുകാരന്റെ ഒരു ഭാവനയുണ്ട്‌. 'ഏതോ വിശുദ്ധ പര്‍വതത്തിന്റെ താഴ്‌വരയില്‍ ദൈവം അലങ്കരിച്ച ദേവദാരുപോലെ'. ഡോ. സൂസാപാക്യത്തിന്‌ ഈ വര്‍ണന നന്നേചേരും.

കടപ്പാട്‌: കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: