ബുധനാഴ്‌ച, മാർച്ച് 15, 2006

ജി. ദേവരാജന്‍: അഞ്ജലി

ജി. ദേവരാജന്‍: അഞ്ജലി

നിത്യം, ഈ ദേവരാഗം
പാട്ടില്ലാത്തൊരു ജീവിതം ശരാശരി മലയാളിക്ക്‌ സങ്കല്‍പ്പിക്കാനാവില്ല. ശ്വാസത്തിന്റെ താളം പോലെ അയാള്‍ ചിലപ്പോള്‍ ചില ഗാനങ്ങളെ സ്നേഹിക്കുന്നു. ജീവിതത്തില്‍നിന്നു വേറിട്ടുനിറുത്താനാവില്ല അയാള്‍ക്കാ പാട്ടുകളെ. അപ്പോഴും അത്യധികം സ്വകാര്യമാണീ ഇഷ്ടങ്ങള്‍; വ്യക്‌തിപരവും. പലരുടെയും ഒാ‍ര്‍മയിലും ഇഷ്ടത്തിലും എപ്പോഴുമുള്ള കുറെ പാട്ടുകള്‍ തന്നിട്ടുണ്ട്‌ ജി. ദേവരാജന്‍ . മലയാളിയുടെ ഓ‍ര്‍മയുടെയും ഇഷ്ടത്തിന്റെയും പാട്ടുകാരന്‍. പാട്ടിനോടൊപ്പം പാട്ടിനീണമിട്ടയാളും ചരിത്രത്തിലെത്തുന്നതെങ്ങനെയെന്ന്‌ സ്വജീവിതം കൊണ്ട്‌ ദേവരാജന്‍ കാട്ടിത്തന്നു.

എത്രയെത്ര പാട്ടുകള്‍. എത്രയെത്ര ഭാവപ്രകാശങ്ങള്‍. എത്രയെത്ര കേള്‍വിയനുഭവങ്ങള്‍. മലയാളി കേട്ട ഏറ്റവും മനോഹരമായ പാട്ടുകളിലൊന്നിന്റെ പേരാണ്‌ ദേവരാജന്‍. നമ്മുടെ ഒാ‍ര്‍മയും സ്വപ്നവും ഗൃഹാതുരതയും ചാലിച്ച ഒരു സുന്ദരഗാനം..കേട്ടുകൊണ്ടേയിരിക്കാം. ഈ നല്ല പാട്ടുകള്‍ പിറന്ന ഒരു കാലത്തെ ജന്മം കൊണ്ടു പങ്കുവയ്ക്കാനായതില്‍ സന്തോഷിക്കാം.

ദേവരാജന്‍ എന്നും അജയ്യനായിരുന്നു. തെ‍ന്‍റ മനസ്സില്‍ രാഗങ്ങള്‍ ഒഴുകിയെത്തും പോലെ ചിന്തകളും അദ്ദേഹത്തിന്‌ ലോകത്തെ അറിയിക്കാന്‍ മുഖംമൂടികളില്ലായിരുന്നു. എന്തും തുറന്നു പറയുന്ന പ്രകൃതം.

ചില മൊഴികള്‍ :

'മൊത്തം 337 ചിത്രങ്ങള്‍ക്ക്‌ ഞാന്‍ സംഗീതസംവിധാനം നല്‍കിയതാണ്‌. എന്നിട്ട്‌ ഈ കാശൊക്കെ എവിടെപ്പോയെന്നാവും നിങ്ങളുടെ ചിന്ത. കൃത്യമായി പ്രതിഫലം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ബംഗാവു വച്ച്‌ കഴിഞ്ഞേനെ. ചില പാവങ്ങളായ നിര്‍മാതാക്കള്‍ കാശ്‌ തന്നു. ഓരോ കട്ടയായി വച്ച്‌ നാലു വര്‍ഷംകൊണ്ടാണ്‌ ഞാന്‍ ഒടുവില്‍ വീടു തീര്‍ത്തത്‌. ജീവിതത്തില്‍ എനിക്കിങ്ങനെ അബദ്ധങ്ങളേ പറ്റിയിട്ടുള്ളൂ
'കൊട്ടാരക്കരയില്‍ ഒരിക്കല്‍ പോയപ്പോള്‍ എനിക്കു വച്ചിരുന്ന ചോറ്‌ കാക്ക കൊത്തി. കാക്കയില്‍നിന്ന്‌ തട്ടിപ്പറിച്ചാണ്‌ ഒടുവില്‍ ആ ചോറെനിക്കു മടക്കിത്തന്നത്‌. ഇങ്ങനെ ജീവിതത്തിലാകെ തട്ടിപ്പറിച്ചു നല്‍കിയ അവസരങ്ങളായിരുന്നു ഏറെയും. അവിടെനിന്നാണ്‌ എല്ലാം ചെയ്‌തത്‌.

'ഞാന്‍ സംഗീതസംവിധാനം ചെയ്‌ത 31 ചിത്രങ്ങള്‍ക്കു പ്രതിഫലം തരാത്ത നിര്‍മാതാവ്‌ ഇന്നും ചെന്നൈയില്‍ വെള്ളയും വെള്ളയുമിട്ട്‌ സിഗററ്റും വലിച്ച്‌ മിടുക്കനായി ജീവിക്കുന്നുണ്ട്‌. കാശ്‌ തരാതിരുന്നിട്ടും ഞാന്‍ പിന്നെയും എന്തിന്‌ ചെയ്‌തു എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. പക്ഷേ, നല്ലതു ചെയ്യരുത്‌. ദ്രോഹമാണു നല്ലത്‌ എന്ന്‌ ഈ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു.

"സിനിമയിലേക്ക്‌ ഇനിയില്ല. എന്നെ വേണ്ടെന്ന്‌ അവര്‍ക്ക്‌ തോന്നിയിട്ടുണ്ടാവും ഇനി വിളിച്ചാലും പോവില്ല. എനിക്കതില്‍ താല്‍പര്യമില്ല കെ. പി. എ. സിയുടെ ഏതെങ്കിലും പുതിയ നാടകമുണ്ടെങ്കില്‍ അതിന്‌ സംഗീതം പകരാന്‍ താന്‍ തയാറാണ്‌. '

'പുതിയ സിനിമകള്‍ ടെലിവിഷനില്‍ പോലും കാണാറില്ല. അവയിലെ ഗാനങ്ങള്‍ നല്ലതാണോ ചീത്തയാണോ എന്ന്‌ അക്കാരണത്താല്‍ തന്നെ അഭിപ്രായം പറയാനും കഴിയില്ല. ഇപ്പോഴത്തെ സംഗീതസംവിധായകരുടെ നിരയില്‍ ജോണ്‍സന്റെ ഗാനങ്ങള്‍ മാത്രമെ കേട്ടിട്ടുള്ളൂ. ഗായകരെക്കുറിച്ചും അഭിപ്രായം പറയാന്‍ കഴിയില്ല ' .
'ഗായിക എന്ന നിലയ്ക്ക്‌ പി. സുശീലയ്ക്ക്‌ ഏറെ അവസരങ്ങള്‍ നല്‍കിയിരുന്നു. 'ജാനകി വളരെ നല്ല സ്‌ത്രീയാണ്‌ '

'പഴയ ഗാനങ്ങളെ വികലമായി അവതരിപ്പിക്കരുത്‌. ഗാനങ്ങളുടെ ഉടമസ്ഥവിതരണാവകാശമുള്ളവര്‍ അവ വാണിജ്യ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുമ്പോള്‍ തങ്ങളില്‍ നിന്നു കൂടി അനുവാദം വാങ്ങണം. ഗാനം സൃഷ്ടിച്ച ആളുകള്‍ വെറുതെ വീട്ടിലിരിക്കുന്നു. അവര്‍ (വിതരണാവകാശമുള്ളവര്‍) മാളികകള്‍ നിര്‍മിക്കുന്നു '

ജി. ദേവരാജന്‍ സംഗീതം നല്‍കിയ ആദ്യ ചിത്രത്തിന്റെ പേരു തന്നെ അദ്ദേഹത്തിന്റെ സംഗീതസംഭാവനയുടെ ചരിത്രത്തിലേക്കുള്ള ദിശാസൂചിയാണ്‌-കാലം മാറുന്നു. 1955 ല്‍ തുടങ്ങിയ ആ ചലച്ചിത്രഗാന സപര്യ അര നൂറ്റാണ്ടു കടന്നെത്തി. 'പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളേ.. എന്ന ദേവരാജന്റെ ആദ്യഗാനം മുഴങ്ങിക്കേട്ടതു കൊല്ലം എസ്‌.എന്‍. കോളജിലാണ്‌. എ.കെ.ജിക്കു നല്‍കിയ സ്വീകരണ മായിരുന്നു വേദി. നിത്യസതീര്‍ഥന്‍ ഒ.എന്‍.വി. കുറുപ്പിന്റെ രചനയ്ക്കു ദേവരാജന്റെ ആദ്യ ഈണം. പിന്നീടു 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ ഈ ഗാനം അനശ്വരമായി.

ദേവരാജന്റെ ചലച്ചിത്രസംഗീതലോകത്തേക്കുള്ള കടന്നുവരവിന്റെ രണ്ടാം വര്‍ഷം തന്നെ മാന്ത്രികമായ ആ കൂട്ടുകെട്ടു പിറന്നു. 'ചതുരംഗത്തിലൂടെ തുടക്കമിട്ട ദേവരാജന്‍-വയലാര്‍ സഖ്യം 121 സിനിമകളിലേക്കു നീണ്ടു. 'വാസന്തരാവിന്റെ വാതില്‍ തുറന്നു.. വന്ന ആ ഗാനസൌരഭ്യം മലയാളി ഉള്ളിടത്തോളം മായില്ല, മറയില്ല.
1962 ലാണു ദേവരാജന്‍ മലയാള ചലച്ചിത്ര സംഗീതത്തിലെ ചക്രവര്‍ത്തി സ്ഥാനം ഉറപ്പിക്കുന്നത്‌. നഗരം കാണാത്ത, നാണം മാറാത്ത മലയാള ഗാനത്തെ 'ഭാര്യ എന്ന ചിത്രത്തിലെ പടുകൂറ്റന്‍ ഹിറ്റുകളിലൂടെ അദ്ദേഹം തിരശ്ശീലയ്ക്കു പുറത്തേക്കു കൊണ്ടുവന്നു. 'പെരിയാറേ.., 'പഞ്ചാരപ്പാലുമിഠായി.., 'മുള്‍ക്കിരീടമിതെന്തിനു നല്‍കീ.., 'കണ്ണുനീര്‍മുത്തുമായ്‌.. എന്നീ ഗാനങ്ങള്‍ ആരു മറക്കും?

പാട്ടിന്റെ പഞ്ചാരപ്പാലുമിഠായി കൊടുത്തു ദേവരാജന്‍ കൊണ്ടുവന്ന ചെറുപ്പക്കാരനാണു യേശുദാസ്‌. 1961 ല്‍ ചലച്ചിത്ര ലോകത്തെത്തി 62 ല്‍തന്നെ ദേവരാജന്റെ ഈണത്തില്‍ പാടാന്‍ ഭാഗ്യം സിദ്ധിച്ച ദാസ്‌, ദേവരാജന്‍ സംഗീതമിട്ട 12 ചിത്രങ്ങളൊഴികെ എല്ലാത്തിലും പാടി. 63 ല്‍ 'നിത്യകന്യകയിലെ 'കണ്ണുനീര്‍മുത്തുമായ്‌.. എന്ന ഗാനം ദാസിന്റെ ശബ്ദം മലയാളി മനസ്സുകളിലെ നിത്യസാന്നിധ്യമാക്കി. ഗാനവേദികളില്‍ യേശുദാസിന്റെ സ്ഥിരം തുടക്ക ഗാനമായ 'ഇടയകന്യകേ പോവുക നീ..യും ദേവരാജന്റെ ഈണം തന്നെ. 66 ല്‍ 'കളിത്തോഴനിലെ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി.. വന്ന ശബ്ദമായി പി. ജയചന്ദ്രനെ അവതരിപ്പിച്ചതും ദേവരാജന്‍ തന്നെ.

പ്രിയ ചങ്ങാതിയുടെ വരികള്‍ക്കിട്ട ഈണം തന്നെയാണു മലയാളത്തിലെ ആദ്യ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ദേവരാജനും നേടിക്കൊടുത്തത്‌. ഒ.എന്‍.വിയുടെ വരിയില്‍ 'കുമാരസംഭവത്തിനു വേണ്ടി ദേവരാജന്‍ സംഗീതം നല്‍കിയ 'പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍ശെയിലാദൃ സാനുക്കളില്‍.. എന്ന ഗാനം 69 ലെ സംസ്ഥാന അവാര്‍ഡ്‌ നേടി. 'കളിയോടത്തിലെ 'മാതളമലരേ.., 'കാട്ടുപൂക്കളിലെ 'മാണിക്യവീണ.. തുടങ്ങി 'നീയെത്ര ധന്യ വരെയുള്ള ചലച്ചിത്രങ്ങള്‍... , 'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ.. വരെയുള്ള ലളിതഗാനങ്ങള്‍-ഒരിക്കലും പിരിയാത്ത സംഗീത കൂട്ടുകെട്ടിന്റെ അസുലഭ സംഭാവനകള്‍.

"അരികില്‍ നീ ഉണ്ടായി രുന്നെങ്കില്‍... ദശാബ്ദ ങ്ങള്‍ക്കും ശതവര്‍ഷ ങ്ങള്‍ക്കും ശേഷം മലയാള സിനിമ ജി. ദേവരാജനു വേണ്ടി ഇങ്ങനെ കേഴും. 'നീയെത്ര ധന്യയിലെ ഈ‍ ഗാനത്തിന്റെ ആദ്യവാക്കായ 'അരികില്‍ എന്ന ഒറ്റ വാക്കിനായ്‌ വേദവരാജന്‍ നടത്തിയ സംഗീത ധ്യാനത്തിന്‌ ഒരാഴ്ച ദൈര്‍ഘ്യമുണ്ടായിരുന്നു. ഒരു ദേവരാജ ഗാനത്തിലെങ്കിലും നീരാടിപ്പോകാത്ത മലയാളി മനസുണ്ടോ? ദക്ഷിണാ മൂര്‍ത്തിയും കെ.രാഘവനും ബാബുരാജിനും ഒപ്പമാണ്‌ ദേവരാജന്‍ മലയാള ചലച്ചിത്ര ഗാനസാമ്രാജ്യത്തിലേക്ക്‌ എത്തുന്നത്‌.

ഒരേ സമയം ദക്ഷിണാമൂര്‍ത്തിയുടെ ശാസ്‌ത്രീയ സംഗീത ഗാംഭീര്യവും കെ.രാഘവന്റെ നാടോടിപ്പാട്ടുകളുടെ തെളിമയും ബാബുരാജിന്റെ ഹിന്ദുസ്ഥാനി മാധുര്യവും അദ്ദേഹത്തില്‍ ഒത്തിണങ്ങി വന്നു. മാണിക്യവീണയുമായെന്‍, സ്വര്‍ഗപുത്രീ നവരാത്രീ, സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍, ഒാ‍രോ തുള്ളിച്ചോരയില്‍ നിന്നും, കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു, കൈതപ്പുഴ ക്കായലിലെ, റംസാനിലെ ചന്ദൃകയോ, ചെത്തിമന്ദാരം തുളസി, ഉണ്ണിക്കൈ വളരൂ, ഇന്നെനിക്ക്‌ പൊട്ടുകുത്താന്‍, സമയമാം രഥത്തില്‍, തേടിവരും കണ്ണുകളില്‍, കിനാവിന്റെ കുഴിമാടത്തില്‍, മംഗളം നേരുന്നു ഞാന്‍, ആകാശങ്ങളിലിരിക്കും, ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം, അമ്പലക്കുളങ്ങര, അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളി അമ്മാവന്‍, വണ്ടി വണ്ടീ നിന്നെപ്പോലെ, പത്മരാഗപ്പടവുകള്‍, പ്രാണനാഥനെനിക്കു നല്‍കിയ, മുള്‍ക്കിരീടമിതെന്തിനു നല്‍കി, ശംു‍പുഷ്പം കണ്ണെഴുതുമ്പോള്‍, പത്മതീര്‍ഥമേ ഉണരൂ, പെരിയാറേ, പതിനാലാം രാവുദിച്ചത്‌, താഴംപൂ മണമുള്ള, കല്യാണീ കളവാണീ, പൊല്‍ത്തിങ്കള്‍ക്കല, കല്‍പനയാകും യമുനാനദിയുടെ, കറുത്ത പെണ്ണേ കരിങ്കുഴലീ, ഇടയകന്യകേ, കസ്‌തൂരി തെയിലമിട്ട്‌, നാദബ്രഹ്മത്തിന്‍, ഒാ‍മലാളേ കണ്ടൂ ഞാന്‍, പ്രിയ സഖി ഗംഗേ, രാജശില്‍പീ, ഹൃദയേശ്വരീ, കായാമ്പൂ, പൂവും പ്രസാദവും, ആയിരം പാദസരങ്ങള്‍, എല്ലാരും ചൊല്ലണ്‌, ഒന്നിനി ശ്രുതി താഴ്ത്തി, വാസന്തരാവിന്റെ, കാറ്റേ വാ കടലേ വാ, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി , ദേവദാരു പൂത്ത, ഉജ്ജയിനിയിലെ ഗായിക, ഈകടലും മറുകടലും തുടങ്ങിയ അദ്ദേഹത്തിന്റെ വൈവവിധ്യമാര്‍ന്ന ഗാനശേരം മലയാളിയുടെ സംഗീതപാരമ്പര്യത്തിന്റെ ആസ്‌തിയാണ്‌. വയലാര്‍-ദേവരാജന്‍ ടീമിന്റെ ഒന്നിച്ചുള്ള ഗാനങ്ങളുടെ എണ്ണം ഇനിയും തകര്‍ക്കപ്പെടാത്ത റെക്കോഡാണ്‌.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സര്‍വേക്കല്ല്‌, മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടര്‍, കതിരുകാണാക്കിളി തുടങ്ങിയ നാടകങ്ങള്‍ക്കു വേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ നാടകഗാനങ്ങളുടെ മുഖഛായ തന്നെ മാറ്റി. പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളേ, ഇല്ലിമുളം കാടുകളില്‍, പാല്‍ക്കുടമൊക്കത്തേന്തിക്കൊണ്ടേ, അമ്പിളി അമ്മാവാ മാനത്തെ കുമ്പിളിലെന്തുണ്ട്‌, പാമ്പുകള്‍ക്ക്‌ മാളമുണ്ട്‌, മധുരിക്കും ഓര്‍മകളേ, ചക്കരപ്പന്തലില്‍ തേന്‍മഴ ചൊരിയും, തലയ്ക്കുമമീതെ ശൂന്യാകാശം..ഠുടങ്ങി കെ.പി.എ.സി.സുലോചനയും കെ.എസ്‌.ജോര്‍ജും എ.പി.കോമളയും സി.ഒ.ആന്റോയും പാടിയ പാട്ടുകള്‍ സുപ്രസിദ്ധങ്ങളായിത്തീര്‍ന്നു. ഇൌ‍ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്നു ചോദിച്ചുകൊണ്ടായിരിക്കും അദ്ദേഹം നാദബ്രഹ്മത്തിന്റെ സാഗരം കടന്നുപോയിരിക്കുക.

ഇന്നെനിക്കു പൊട്ടുകുത്താന്‍..
സ്വന്തം ലേഖകന്‍ 'ഗുരുവായൂര്‍ കേശവന്‍ എന്ന സിനിമ ഇന്നും നിങ്ങളുടെ ഒാ‍ര്‍മയില്‍ തുമ്പിക്കൈയുയര്‍ത്തുന്നതെന്തുകൊണ്ട്‌? മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്‌ ഈ സിനിമയിലേതാണെന്നതുതന്നെ പ്രധാന കാരണം. 'ഇന്നെനിക്കു പൊട്ടുകുത്താന്‍ സന്ധ്യകള്‍ ചാലിച്ച സിന്ദൂരം എന്നു തുടങ്ങി, ഉയര്‍ന്നുയര്‍ന്ന്‌ ആകാശം തൊടുന്ന ആ പാട്ട്‌ മലയാളിയുടെ അഭിമാനമാണ്‌. സ്വകാര്യ അഹങ്കാരമാവുമാണ്‌.

ഒരു ഗായിക പാടിയ ഏറ്റവും മനോഹരഗാനമാണത്‌. ആ പാട്ടുകാരിയെ ഗാനചരിത്രത്തിലെത്തിച്ച പാട്ട്‌. ഇനി ഫ്‌ളാഷ്ബാക്ക്‌: വളരെ മുന്‍പാണ്‌. ജി. ദേവരാജന്റെ മദ്രാസിലെ വീട്‌. ഒരു ദിവസം രാവിലെ വാതില്‍ക്കല്‍ നീണ്ടുമെലിഞ്ഞൊരു തമിഴ്പെണ്‍കുട്ടി. അവള്‍ക്കു മലയാള സിനിമയില്‍ പാടണം. ' മലയാളം എഴുതാനും വായിക്കാനുമറിയാമോ? ദേവരാജന്‍ ചോദിച്ചു. അവള്‍ ഇല്ലെന്നു തലകുലുക്കി. ' പിന്നെയെങ്ങനെ പാടും? പെണ്‍കുട്ടി മറുപടി പറഞ്ഞില്ല.

' പോയി മലയാളം പഠിച്ചിട്ടു വാ. മലയാളം പഠിച്ചിട്ട്‌ സ്വന്തം കൈപ്പടയില്‍ എനിക്കെഴുത്‌. അന്നാലോചിക്കാം. വീടിന്റെ വാതിലടഞ്ഞു. പാട്ടുകാരിയാവാന്‍ വന്നവള്‍ തിരിച്ചുനടന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ക്കൊരു കത്തുകിട്ടി. പഴയ പാട്ടുകാരി പെണ്‍കുട്ടിയുടേത്‌. സ്വന്തം കയ്യക്ഷരത്തില്‍ അവള്‍ മലയാളത്തിലെഴുതിയ കത്ത്‌. അങ്ങനെ പി. മാധുരി മലയാളത്തിലൊരു പാട്ടുപാടി. മലയാളി പിന്നീടൊരുകാലം പാടിയ ആ പാട്ട്‌: കസ്‌തൂരിത്തെയിലമിട്ടു മുടിമിനുക്കി.. ചിത്രം: കടല്‍പാലം.

'കടല്‍പാലംതൊട്ട്‌ 'ഊട്ടിപ്പട്ടണം വരെയുള്ള സിനിമകള്‍ക്കുവേണ്ടി അയ്യായിരത്തോളം പാട്ടുകള്‍. ആ സ്വരം മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ ഒരു അടരായി.
ഇന്നെനിക്കു പൊട്ടുകുത്താന്‍, കല്യാണി കളവാണി ( അനുഭവങ്ങള്‍ പാളിച്ചകള്‍), പ്രിയസഖി ഗംഗേ (കുമാരസംഭവം), ചന്ദ്രകളഭം( കൊട്ടാരം വില്‍ക്കാനുണ്ട്‌), ഏഴരപൊന്നാന (അക്കരപച്ച), അമ്പാടി തന്നിലൊരുണ്ണി (ചെമ്പരത്തി), പ്രാണനാഥനെനിക്കു നല്‍കിയ (ഏണിപ്പടികള്‍), താളത്തില്‍ താളത്തില്‍( ചെണ്ട), മണ്ടച്ചാരേ ( സിന്ദൂരച്ചെപ്പ്‌) തുടങ്ങിയ എത്രയെത്ര അനശ്വരഗാനങ്ങള്‍.
ഇനി മാധുരിയുടെ ഇഷ്ടഗാനവുമറിയുക: പതിനാലാം രാവുദിച്ചത്‌...

കടപ്പാട് : മനോരമ ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: