തിങ്കളാഴ്‌ച, മാർച്ച് 06, 2006

മടങ്ങിവന്നെങ്കില്‍

മടങ്ങിവന്നെങ്കില്‍
കെ.ആര്‍. മോഹനന്‍
(സംവിധായകന്‍)

"ഇവന്‍ യാരെന്നോ? സിനിമയുടെ മഹാഭാഗ്യമല്ലേ, നാളെയുടെ വലിയവന്‍; പേരും പെരുമയുമെഴുന്ന ചീട്ടല്ലേ തത്തമ്മ കൊത്തിയിട്ടത്‌!"ഞാനും ടി.വി. ചന്ദ്രനും മറ്റു സിനിമാസുഹൃത്തുക്കളും അടങ്ങുന്ന ഒരു സായാഹ്‌നസദസില്‍ വച്ച്‌ പവിത്രന്‍ തമാശ പൊട്ടിക്കുകയാണ്‌. വെറും തമാശ. മദ്രാസിലെ ഒരു വഴിയാത്രയ്ക്കിടെ പവിയും ചന്ദ്രനുംകൂടി കൈനോട്ടക്കാരന്റെ അടുത്തുപോയാലുള്ള ഫലിതദൃശ്യങ്ങളാണ്‌ അവതരിപ്പിച്ചത്‌. പവിത്രനെ ഞങ്ങളെല്ലാം 'പവി' എന്നാ വിളിക്കുന്നത്‌. പവിയുള്ള ഏതൊരു സദസും ഇതേപോലെയായിരിക്കും. ആ രൂപംതന്നെ വൈകാരികദൃശ്യമാണ്‌. വര്‍ത്തമാനങ്ങള്‍ മാത്രമല്ല ആംഗ്യഭാഷപോലും സിനിമയുടേതാണ്‌. സരസമായ നര്‍മ്മങ്ങളും കറുത്ത ഫലിതങ്ങളും നിറഞ്ഞ സംസാരം തുടങ്ങുമ്പോഴേ ഞങ്ങള്‍ സദസ്‌ അയാള്‍ക്കായി വിട്ടുകൊടുക്കും - ഇനി പവി സംസാരിക്കട്ടേ....'ഞങ്ങള്‍ ഒരേ നാട്ടുകാരായിരുന്നെങ്കിലും പരിചയപ്പെടുന്നത്‌ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ചാണ്‌-'70ല്‍. അന്ന്‌ ഞാന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുകയായിരുന്നു. പവി അവിടെ ഗവണ്‍മെന്റ്‌ ലാ കോളേജിലും. ലാ കോളേജില്‍ ആണെന്നേയുള്ളൂ, ഹാജര്‍ അവിടെയും പഠനം ഞങ്ങളുടെ ഇന്‍സ്റ്റിറ്റിയൂട്ടിലും.

ഇന്‍സ്റ്റിറ്റിയൂട്ട്‌ കാമ്പസിലെ 'വിസ്‌ഡം ട്രീ'ക്ക്‌ ചുറ്റം ഞങ്ങള്‍ പഠനത്തിനിടെയുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കൊത്തുകൂടും. 'വിസ്‌ഡം ട്രീ' എന്നാല്‍ വെറുമൊരു മാവിന്‍മരം. പണ്ടാരോ അങ്ങനെ പേരിട്ടു എന്നേയുള്ളൂ. ലാ കോളേജില്‍ ഹാജര്‍ വച്ചുകഴിഞ്ഞാല്‍ പിന്നെ രാവോളം പവി ഇവിടെയായിരിക്കും. ഇടവേളകളില്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സിലെ എല്ലാ സിനിമകളും കണ്ട്‌, എല്ലാ ചര്‍ച്ചകളിലും പങ്കാളിയായി സിനിമയെ പ്രണയിച്ചും സ്വപ്‌നം കണ്ടും സിനിമയ്ക്കുവേണ്ടി പിറവി എടുത്തൊരു ജന്മംപോലെ അവിടെ ചുറ്റിക്കൂടും. ലാ കോളേജില്‍ പ്രവേശനം തരംപ്പെടുത്തിയതുതന്നെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിപ്പറ്റാന്‍ വേണ്ടിയായിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ അപേക്ഷിച്ചെങ്കിലും അഡ്‌മിഷന്‍ കിട്ടാതെ വന്നപ്പോള്‍ ചെയ്ത പണിയാണിത്‌.

സിനിമയിലെ സാഹസികനായ ഒരാള്‍ക്ക്‌ ഒരു അക്കാഡമിക്‌ ബിരുദംകൊണ്ട്‌ എന്തു നേടാനാണ്‌? അതിന്റെ ശരിയായ ഒരു ഉത്തരമായിരുന്നു പവിത്രന്‍. '70കളില്‍ മലയാളത്തില്‍ നാമ്പിട്ട നവസിനിമയുടെ നേതൃപദവിയില്‍ ഒരാളായി മാറാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്‌. സത്യത്തില്‍ പവിത്രന്‍ ആരാണ്‌?നിര്‍മ്മാതാവോ, സംവിധായകനോ ക്യാമറാമാനോ, സംഗീതസംവിധായകനോ അതോ ഡോക്യുമെന്ററിയുടെ ആളോ, അതോ രാഷ്‌ട്രീയക്കാരനോ....? 'സിനിമയുടെ എല്ലാം' എന്നേ പറയാന്‍ പറ്റുള്ളൂ. ആദ്യസംരംഭമായ 'കബനീനദി ചുവന്നപ്പോള്‍ എന്ന സിനിമയുടെ പിറവി അതു കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്‌.

ഈ സിനിമയിലൂടെ താന്‍ ആരെന്നുള്ള പ്രഖ്യാപനമാണോ പവിത്രന്‍ നടത്തുന്നത്‌? അന്ന്‌ നക്‌സല്‍ പ്രസ്ഥാനം സജീവമായിരുന്ന കാലഘട്ടമാണ്‌. പോരെങ്കില്‍ '75ലെ അടിയന്തരാവസ്ഥയും. നക്‌സല്‍ പ്രസ്ഥാനംപോലുള്ള മുന്നേറ്റങ്ങളെ ഭരണകൂടവും പൊലീസും ചേര്‍ന്ന്‌ അടിച്ചമര്‍ത്തുകയും ആശയങ്ങള്‍ക്കും ആവിഷ്കാരങ്ങള്‍ക്കും സെന്‍സര്‍ഷിപ്പിന്റെ കര്‍ശന വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത ഒരു ഇരുണ്ട കാലയളവ്‌. ഇവിടെയാണ്‌ പവിത്രനിലെ തിളയ്ക്കുന്ന യുവത്വം ശക്തി തെളിയിക്കുന്നത്‌. ഞാനും മാടമ്പുകുഞ്ഞിക്കുട്ടനും ടി.വി. ചന്ദ്രനുമൊക്കെ ഉള്‍പ്പെട്ട സദസുകളില്‍ പവി വിഷയം ഗംഭീരമായി ചര്‍ച്ച ചെയ്തു. "നിനക്ക്‌ എന്തുകൊണ്ട്‌ ഒരു സിനിമ എടുത്തുകൂടാ, നീ വിജയിക്കും" ഞാന്‍ അവനെ അത്യധികം പ്രോത്സാഹിപ്പിച്ചു. എല്ലാവരും ഒരേപോലെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഒരുപ്രശ്നം. സിനിമയെടുക്കണമെങ്കില്‍ പണം വേണം.

പവിത്രന്‍ ഗുരുവായൂരിലുള്ള തന്റെ കുടുംബവീട്ടിലേക്ക്‌ മടങ്ങി. കണ്ടാണശ്ശേരിയിലെ വീട്ടില്‍ അന്ന്‌ തന്നെ കൂടാതെ മൂന്നു പെങ്ങളുമാരാണുള്ളത്‌. അച്ഛനും അമ്മയും നേരത്തേ മരിച്ചു. പെങ്ങളുമാര്‍ക്കെല്ലാം ഉറ്റവനാണ്‌. പവി തന്റെ മോഹം പറഞ്ഞപ്പോള്‍ അവര്‍ എതിര്‍വാക്കൊന്നും പറയാതെ സസ്‌നേഹം കുടുംബസ്വത്ത്‌ വില്‍ക്കാന്‍ അനുമതി മൂളി. അങ്ങനെ ആദ്യസംരംഭമായി 'കബനീനദി ചുവന്നപ്പോള്‍' അഭ്രപ്രാളികളില്‍ വെളിച്ചംകണ്ടു.പി.എ. ബക്കറിനെയാണ്‌ സംവിധാനച്ചുമതല ഏല്‌പിച്ചത്‌. പേഴ്‌സണല്‍ ഫിലിം കാറ്റഗറിയില്‍ ഇന്ത്യയിലെ ശ്രദ്ധേയമായ സംരംഭമായി അക്കൊല്ലത്തെ അവാര്‍ഡ്‌ കമ്മിറ്റി ഈ ചിത്രത്തെ വിലയിരുത്തുകയും ചെയ്തു.ഇവിടെ ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ ഒരു കക്ഷിരാഷ്‌ട്രീയത്തോടും ആഭിമുഖ്യം പുലര്‍ത്താതെയാണ്‌ പവിത്രന്‍ എന്ന സിനിമാക്കാരന്‍ തന്റെ രാഷ്‌ട്രീയക്കാഴ്ചപ്പാട്‌ വെളിപ്പെടുത്തുന്നത്‌. അതു കുറച്ചുകൂടി ശക്തമായി അവതരിപ്പിച്ചത്‌ 'യാരോ ഒരാള്‍' എന്ന സിനിമയിലൂടെയാണ്‌. വ്യക്തിപരമായ ഒരു അന്വേഷണമായിരുന്നു ഈ ചിത്രം. ആദ്യമായി സംവിധാനം ചെയ്തതും ഈ സിനിമയാണ്‌. മരണത്തെപ്പോലും തമാശയായി ചിത്രീകരിക്കുന്ന ഇതില്‍ മരണത്തെ മറികടക്കാന്‍ വഴിയുണ്ടോ എന്ന ചിന്തയാണ്‌ വിഷയമാകുന്നത്‌.പിന്നീട്‌ 'ഉപ്പ്‌'ചെയ്തു. 1986ല്‍ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ഉപ്പിനായിരുന്നു. അംഗീകാരങ്ങള്‍ക്കോ അവാര്‍ഡുകള്‍ക്കോ ഒന്നും കാത്തുനില്‍ക്കാതെ സ്വയം തീരുമാനിക്കുന്ന ഘടനാവ്യത്യാസങ്ങള്‍ ചാര്‍ത്തി സിനിമയ്ക്കുവേണ്ടി ജീവിച്ചു. പ്രശസ്തിയുടെ ഉന്നതികളിലേക്ക്‌ പോകുമ്പോഴും സിനിമയെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ വെമ്പുന്ന ഒരു വിദ്യാര്‍ത്ഥിയെപോലെ അവന്‍ ആശയങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. പിന്നെയും പിന്നെയും പഠിക്കുകയായിു‍ന്നു.

78ല്‍ ഞാന്‍ 'അശ്വത്ഥാമാവ്‌' സിനിമയെടുക്കുമ്പോള്‍ പവി എപ്പോഴും എന്റെ സെറ്റിലുണ്ടാകും. അന്ന്‌ അവന്‍ പ്രശസ്തനാണ്‌. പക്ഷേ, സെറ്റില്‍ കൂടക്കൂടെ ഓരോന്നു ചോദിച്ചുകൊണ്ടേയിരിക്കും.ഒരു സിനിമ കഴിഞ്ഞാല്‍ അടുത്തത്‌ എന്നൊരു ചിന്തയോ സിനിമയ്ക്കുവേണ്ടി നിര്‍മ്മാതാവിനെ തേടി അലയുന്ന ശീലമോ തീണ്ടാത്ത ഇയാള്‍ക്ക്‌ സിനിമ ഒരിക്കലും ഒരു കരിയര്‍ വര്‍ക്കേ ആയിരുന്നില്ല. അതേസമയം വഴിതെറ്റി വന്ന ഒരു നിര്‍മ്മാതാവോ, സംവിധായകനോ ആയിരുന്നില്ല. പ്രമേയത്തിലും സിനിമയുടെ രീതിയിലും എന്നും വ്യത്യസ്തത പുലര്‍ത്തിയിരുന്ന പിവത്രനെ എനിക്കെന്നല്ല ഒരു വാക്കു സംസാരിച്ചിട്ടുള്ള സുഹൃത്തുക്കള്‍ക്ക്‌ ആര്‍ക്കും മറക്കാനാവില്ല. സിനിമയുടെ ചരിത്രത്തില്‍ ഒരുനാളും മായാത്ത അടയാളം പതിച്ച അവന്‍ ദൂരെ എവിടേക്കോ യാത്രയായതുപോലെയാണ്‌ ഇപ്പോഴും എനിക്കു തോന്നുന്നത്‌. കുറച്ചുദിവസം കഴിഞ്ഞ്‌ പവി തിരിച്ചുവരും എന്നു വെറുതെ പ്രതീക്ഷിക്കുന്നു.

കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍

1 അഭിപ്രായം:

കണ്ണൂസ്‌ പറഞ്ഞു...

ജീവിച്ചിരുന്നപ്പോള്‍ പവിത്രന്‍ എന്ന സംവിധായകനെ ആരെങ്കിലും അറിഞ്ഞിരുന്നോ എന്ന് സംശയം.

മരിച്ച ആളുടെ കാര്യം പോട്ടെ, മലയാളത്തിലെ എണ്ണം പറഞ്ഞ മൂന്നു ചിത്രങ്ങള്‍ (അശ്വത്ഥാമാവ്‌, പുരുഷാര്‍ത്ഥം, സ്വരൂപം )സംവിധാനം ചെയ്ത ഈ കെ.ആര്‍.മോഹനനെ ആരോര്‍ക്കുന്നു? അപരാഹ്നവും, കഴകവും ശയനവും ചെയ്ത എം.പി.സുകുമാരന്‍ നായര്‍ ഇന്നെവിടെയാണ്‌? അതിഥിയും രുക്‍മണിയും തോറ്റവും എടുത്ത കെ.പി.കുമാരന്‍?