തിങ്കളാഴ്‌ച, മാർച്ച് 13, 2006

കെന്നഡിയെ വധിച്ചതും വാര്‍ത്തയെ മുക്കിയതും

കെന്നഡിയെ വധിച്ചതും വാര്‍ത്തയെ മുക്കിയതും
എന്‍. രാമചന്ദ്രന്‍

പത്രപവര്‍ത്തന രംഗത്ത്‌ ഗ്‌ളാമര്‍ ബോയ്‌സ്‌ റിപ്പോര്‍ട്ടര്‍മാരാണ്‌. അവരുടെ പേരില്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കും. അവരെ ആളുകള്‍ അറിയും. അവരുടെ പേരില്‍ സ്കൂപ്പുകള്‍ പ്രസിദ്ധീകരിച്ചുവരും. അതിന്‌ അവാര്‍ഡുകള്‍ കിട്ടിയെന്നുംവരും. അവര്‍ക്ക്‌ ഉദ്യോഗസ്ഥ പ്രമുഖരുമായി ബന്‌ധങ്ങളുണ്ടാകും. മന്ത്രിമാരുമായി അടുപ്പം ഉണ്ടാകും. അവര്‍ പത്രപ്രവര്‍ത്തന രംഗത്തെ പ്രമാണിമാരാകും.

എന്നാല്‍ പത്രത്തിന്റെ 'സ്റ്റീല്‍ ഫ്രെയിം' ഓഫീസിലിരിക്കുന്നവരാണ്‌. സബ്‌ എഡിറ്റര്‍മാര്‍, സീനിയര്‍ സബ്‌ എഡിറ്റര്‍മാര്‍, ചീഫ്‌ സബ്‌ എഡിറ്റര്‍മാര്‍, ഡെപ്യൂട്ടി എഡിറ്റര്‍മാര്‍, ന്യൂസ്‌ എഡിറ്റര്‍മാര്‍, അസോസിയേറ്റ്‌ എഡിറ്റര്‍മാര്‍ ഇങ്ങനെ ഒരുകൂട്ടം ആള്‍ക്കാര്‍ അടങ്ങുന്നതാണ്‌ ആ സ്റ്റീല്‍ ഫ്രെയിം. അവരാണ്‌ പത്രത്തിന്‌ രൂപം നല്‍കുന്നത്‌. റിപ്പോര്‍ട്ടര്‍മാര്‍ അഭ്യാസമൊക്കെ കാണിച്ച്‌ വാര്‍ത്ത കൊണ്ടുവരുമെങ്കിലും ആ വാര്‍ത്ത പ്രസിദ്ധീകരിക്കണമോ എന്ന്‌ തീരുമാനിക്കുന്നതും ആവശ്യമെങ്കില്‍ വെട്ടിച്ചുരുക്കുന്നതും എഡിറ്റ്‌ ചെയ്‌ത്‌ തലക്കെട്ട്‌ നിശ്ചയിക്കുന്നതും ന്യൂസ്‌ റൂമിലിരിക്കുന്നവരാണ്‌. അവരെ അധികംപേര്‍ അറിയുകയില്ല.സമയവുമായി യുദ്ധം ചെയ്യുന്നവരാണവര്‍. അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ പുറത്താര്‍ക്കും അറിയില്ല. എല്ലാ വാര്‍ത്തയും പത്രത്തില്‍ വരണം. പത്രം സമയത്തിന്‌ അച്ചടിക്കണം. തെറ്റ്‌ കൂടാതെ അച്ചടിക്കണം. വാര്‍ത്തകളുടെ കാര്യത്തില്‍ ഒരു പത്രത്തിന്റെയും പിന്നിലായിപ്പോകരുത്‌ - എന്നിങ്ങനെയുള്ള ചിന്തകള്‍ സൃഷ്‌ടിക്കുന്ന സംഘര്‍ഷം അനുഭവിക്കുന്നവരാണവര്‍. അവരെ സംബന്‌ധിച്ച്‌ സമയം വലിയൊരു 'ടെറര്‍' പോലെ നില്‍ക്കും. അവര്‍ക്ക്‌ ലഭിക്കുന്ന പ്രശംസ പത്രം ഓഫീസില്‍ ഒതുങ്ങിനില്‍ക്കും.

മറക്കാത്ത പല അനുഭവങ്ങളുമുണ്ട്‌. ഒന്ന്‌ ഞാന്‍ പറയാം. ഞാന്‍ കേരളകൌമുദിയില്‍ ഒരു ഷിഫ്റ്റിന്റെ ചുമതലക്കാരനായ അസിസ്റ്റന്റ്‌ എഡിറ്ററായിരുന്ന കാലത്താണ്‌ ആ സംഭവം നടന്നത്‌. ഒരുദിവസം രാത്രി ഓഫീസിലെ ജോലിയൊക്കെ കഴിഞ്ഞ്‌ ഞാന്‍ ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. പ്രിന്റിംഗ്‌ നടക്കുന്നു. രാത്രി ഒരു മണിയാകും. അപ്പോള്‍ ടെലിപ്രിന്ററിന്റെ മണിയൊച്ച കേട്ടു. ഫ്‌ളാഷ്‌ ന്യൂസ്‌ വരുമ്പോഴാണ്‌ അതറിയിച്ചുകൊണ്ട്‌ പ്രത്യേക ബെല്‍ ടെലിപ്രിന്റര്‍ പുറപ്പെടുവിക്കുന്നത്‌. ഞാന്‍ ചെന്നുനോക്കിയപ്പോള്‍ “Flash : President Kennedy shot at. A clergy man coming out of theatre said he is still living” എന്ന ഞെട്ടിക്കുന്ന വാക്കുകള്‍. അമേരിക്കന്‍ പ്രസിഡന്റിന്‌ വെടിയേറ്റിരിക്കുന്നു. ഞാന്‍ ഫോര്‍മാനെ വിളിച്ച്‌ അച്ചടി നിര്‍ത്താന്‍ പറഞ്ഞു. ഉടനെ മണിയെ (എം.എസ്‌. മണി) വിളിച്ചുണര്‍ത്തി. മണി വന്നു. ഡല്‍ഹിയിലെ അന്നത്തെ ഞങ്ങളുടെ ലേഖകനായിരുന്ന കെ. ഗോപിനാഥനും ഒപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കും അമ്പരപ്പ്‌. മണി കട്ടന്‍കാപ്പി ഓര്‍ഡര്‍ ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ ടെലിപ്രിന്റര്‍ തുടരെ തന്നുകൊണ്ടിരുന്നു. അതൊക്കെ ഞാന്‍ എഴുതി കമ്പോസിംഗിന്‌ കൊടുത്തുകൊണ്ടിരുന്നു. കമ്പോസിംഗ്‌ തീരുംമുമ്പേ അമേരിക്കന്‍ പ്രസിഡന്റ്‌ കെന്നഡി വെടിയേറ്റ്‌ മരിച്ചു എന്ന ഫ്‌ളാഷ്‌ വന്നു. ആദ്യത്തെ ഇന്‍ട്രോ മാറ്റി എഴുതി നേരത്തെ എഴുതിയ വിവരങ്ങള്‍ ആദ്യം കിട്ടിയ വാര്‍ത്ത എന്ന തലക്കെട്ടില്‍ ചേര്‍ത്തുകൊണ്ട്‌ മെയിന്‍ സ്റ്റോറി തയ്യാറാക്കി.
ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇന്ത്യയുടെ ആറ്‌ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‌മാര്‍ മരിച്ച വാര്‍ത്ത വലിയ തലക്കെട്ടില്‍ മെയിന്‍ സ്റ്റോറിയായി കൊടുത്തിരിക്കുകയായിരുന്നു. ആ വാര്‍ത്ത താഴോട്ടിറക്കി പേജ്‌ റീമേക്ക്‌ ചെയ്യാന്‍ ഫോര്‍മാനോട്‌ പറഞ്ഞു. ഏത്‌ അടിയന്തരാവസ്ഥയെയും പുഞ്ചിരിയോടെ നേരിടാന്‍ കരുത്തുള്ള കുഞ്ചുഫോര്‍മാന്‍ (ശ്രീധരന്‍ നായര്‍) പേജ്‌ അഴിച്ച്‌ പുതിയ പേജ്‌ ഉണ്ടാക്കി തുടങ്ങി. താമസിച്ചെത്തിയ വാര്‍ത്ത എട്ട്‌ കോളം തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അപൂര്‍വ്വ സംഭവമായിരുന്നു അത്‌.
എട്ടുകോളം (മത്തങ്ങ വലിപ്പത്തില്‍) 'കെന്നഡിയെ വെടിവച്ചുകൊന്നു" എന്ന തലക്കെട്ടുള്ള വാര്‍ത്തയുമായി പത്രം അച്ചടിച്ചു. വൈകിയാണ്‌ അച്ചടി തീര്‍ന്നത്‌. ഏജന്റുമാര്‍ക്ക്‌ പത്രം എത്തിക്കുന്നതിനൊക്കെ മണി വണ്ടി ഏര്‍പ്പാടുചെയ്‌തു.

തിരുവനന്തപുരത്തുവന്ന മറ്റു മലയാളം പത്രങ്ങളില്‍ ആ വാര്‍ത്ത കണ്ടില്ല. കേരളകൌമുദിയുടെ എക്‌സ്ക്‌ളൊോസെവ്‌ വാര്‍ത്തപോലെയായി അത്‌. അതും എട്ടുകോളം തലക്കെട്ടില്‍. ഇംഗ്‌ളീഷ്‌ പത്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ സ്റ്റോപ്പ്‌ പ്രസ്‌ വാര്‍ത്തയായി സിംഗിള്‍ കോളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്റ്റേറ്റ്‌സ്‌മാന്‍ പത്രം അത്‌ പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ചുവെന്ന്‌ പിന്നീടറിഞ്ഞു.

രാവിലെ ഞാന്‍ ഓഫീസിലെത്തി. എല്ലാവരും അഭിനന്ദിച്ചു. പത്രാധിപര്‍ മുറിയിലേക്ക്‌ എന്നെ വിളിച്ച്‌ നേരിട്ട്‌ അനുമോദിച്ചു. ഒരു കവര്‍ എനിക്ക്‌ തന്നു. അങ്ങനെയൊരു സംഭവം ഓഫീസില്‍ ആദ്യമായിരുന്നു. അവാര്‍ഡുകളില്ലാത്ത കാലത്ത്‌ എനിക്ക്‌ കിട്ടിയ അവാര്‍ഡായിരുന്നു അത്‌.

ഒരു വാര്‍ത്ത കൈയില്‍ കിട്ടിയിട്ടും അച്ചടിക്കാതിരുന്നത്‌ വാര്‍ത്തയായ ഒരനുഭവവും എനിക്കുണ്ടായി.ന്യൂസ്‌ റൂമിനകത്തെ സംഘര്‍ഷത്തിന്റെ ഒരു ഉദാഹരണമാണത്‌.വൈകിട്ട്‌ നാലുമണിക്ക്‌ കിട്ടിയ വാര്‍ത്ത പ്രസിദ്ധീകരിക്കേണ്ടെന്ന തീരുമാനമെടുത്ത ദിവസം അനുഭവിച്ച മാനസികമായ പിരിമുറുക്കം ഇന്നും മറന്നിട്ടില്ല.

ന്യൂസ്‌ ഏജന്‍സി (യു.എന്‍. ഐ) ഒരു ഫ്‌ളാഷ്‌ അടിച്ചു. ഒറ്റവരി ഫ്‌ളാഷ്‌. “Sasikala Kakodkar Chief Minister of Goa passed away” ഈ ഒരുവരി അടിച്ചുകഴിഞ്ഞിട്ട്‌ കൂടുതലായി ഒരു വരിയും വന്നില്ല. മഴയും കൊടുങ്കാറ്റും മൂലം ടെലിപ്രിന്റര്‍ ബന്‌ധം ഛേദിക്കപ്പെട്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞാന്‍ യു. എന്‍. ഐ ഓഫീസുമായി ഫോണില്‍ ബന്‌ധപ്പെട്ടു. ലൈന്‍ തകരാറിലായതിനാല്‍ അവര്‍ നിസ്സഹായരായിരുന്നു. ഞാനാകെ പരിഭ്രമിച്ചു. ഏഴരയുടെ ആകാശവാണി വാര്‍ത്ത ശ്രദ്ധിച്ചുകേട്ടു. അതില്‍ ഇക്കാര്യം പറഞ്ഞില്ല. വീണ്ടും ഒന്‍പതുമണിയുടെ ഇംഗ്‌ളീഷ്‌ വാര്‍ത്ത ശ്രദ്ധിച്ചു. അതിലും പറഞ്ഞില്ല. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി മരിച്ചാല്‍ ആകാശവാണി അറിയാതിരിക്കുമോ? ഗോവ മുഖ്യമന്ത്രി മരിച്ചതായ ഏജന്‍സി വാര്‍ത്ത നമ്മുടെ പത്രത്തില്‍ അച്ചടിക്കേണ്ട എന്ന്‌ ഞാന്‍ തീരുമാനിച്ചു. പത്തരയായപ്പോള്‍ എല്ലാ പേജും റിലീസ്‌ ചെയ്‌ത്‌ പത്രം അച്ചടിക്കാന്‍ തുടങ്ങി. എന്റെ ടെന്‍ഷന്റെ ഗ്രാഫ്‌ മുകളിലേക്ക്‌ മുകളിലേക്ക്‌ പൊയ്ക്കൊണ്ടിരുന്നു. ഒരുപക്ഷേ, ആകാശവാണിക്ക്‌ ആ വാര്‍ത്ത കിട്ടാതെ വന്നതാണെങ്കിലോ? ഒരു പ്രധാന വാര്‍ത്ത 'കേരളകൌമുദി' മിസ്‌ ചെയ്യില്ലേ? ഡല്‍ഹിയിലേക്ക്‌ വിളിക്കാന്‍ ഫോണ്‍ കണക്ഷന്‍ തരാറിലുമാണ്‌. മുഖ്യമന്ത്രി അച്ചുതമേനോന്റെ പ്രൈവറ്റ്‌ സെക്രട്ടറിയും എന്റെ അടുത്ത സുഹൃത്തുമായ കെ. ഗോവിന്ദപ്പിള്ളയെ വിളിച്ചുണര്‍ത്തി. പൊലീസിന്റെ വയര്‍ലെസ്‌ സംവിധാനം ഉപയോഗപ്പെടുത്തി ഡല്‍ഹിയുമായി ബന്‌ധപ്പെട്ട്‌ വിവരം അന്വേഷിച്ച്‌ തരാന്‍ ഞാന്‍ പറഞ്ഞു. അദ്ദേഹം കുറച്ചുസമയം കഴിഞ്ഞ്‌ എന്നെ വിളിച്ചു. ഡല്‍ഹിയില്‍ അങ്ങനെയൊരു വിവരം കിട്ടിയിട്ടില്ലെന്നു പറഞ്ഞു. ആകാശവാണിയും ആഭ്യന്തര വകുപ്പും അറിയാത്ത വിവരം അച്ചടിക്കാതിരുന്ന എന്റെ തീരുമാനം ശരിതന്നെ എന്ന്‌ സ്വയം ആശ്വസിച്ചു. എങ്കിലും ഞാന്‍ ഓഫീസില്‍ കാത്തിരുന്നു.
രാത്രി രണ്ടുമണി കഴിഞ്ഞപ്പോള്‍ ടെലിപ്രിന്റര്‍ ഉണര്‍ന്നു. ബെല്ല്‌ കേട്ട്‌ ഞാന്‍ ചെന്നു നോക്കിയപ്പോള്‍ “Kill Kill Kakodkar story” എന്ന്‌ (വാര്‍ത്ത തെറ്റാണെന്നും അതു കൊടുക്കരുതെന്നുമുള്ള മുന്നറിയിപ്പ്‌) തുടരെത്തുടരെ ടെലിപ്രിന്റര്‍ അടിച്ചുകൊണ്ടിരിക്കുന്നു. വാര്‍ത്ത തെറ്റായിരുന്നുവെന്ന്‌ വിശദീകരണവും വന്നു. പക്ഷേ സംഭവിച്ചതെന്താ? പല പത്രങ്ങളിലും ഒന്നാംപേജില്‍ ഗോവ മുഖ്യമന്ത്രി മരിച്ചു എന്ന പടം സഹിതമുള്ള വാര്‍ത്ത വന്നു!

യു.എന്‍.ഐയുടെ സര്‍വീസുള്ള സകലമാന പത്രങ്ങളും ഈ വാര്‍ത്ത ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു. പിറ്റേദിവസം ഈ പത്രങ്ങളെല്ലാം യു.എന്‍.ഐയ്ക്ക്‌ പറ്റിയ പിശകുമൂലം സംഭവിച്ച തെറ്റിന്‌ വായനക്കാരോട്‌ ക്ഷമാപണം നടത്തേണ്ടിവന്നു. വാര്‍ത്ത കൊടുക്കാതിരുന്ന കേരളകൌമുദിയുടെ നിലപാട്‌ പരക്കെ ചര്‍ച്ചചെയ്യപ്പെട്ടു.

യു.എന്‍.ഐ പോലുള്ള ഏജന്‍സിക്ക്‌ എങ്ങനെ ഇത്തരത്തില്‍ ഒരു പിഴവു പറ്റി എന്നന്വേഷണമായി. അന്ന്‌ ഒരു തുമ്പും കിട്ടിയില്ല. പിന്നീട്‌ വിശദമായി അറിയാന്‍ കഴിഞ്ഞു. യു.എന്‍. ഐയുടെ ചീഫ്‌ ആയ മിര്‍ച്ഛന്ദാനി തിരുവനന്തപുരം സന്ദര്‍ശനത്തിനെത്തിയപ്പോള്‍ എം.എസ്‌. മണി അദ്ദേഹത്തിന്‌ വിരുന്നു നല്‍കി. എന്നെയും ക്ഷണിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച്‌ ഞാന്‍ സ്വകാര്യമായി ചോദിച്ചപ്പോള്‍ മിര്‍ച്ഛന്ദാനി ആ 'കഥ' പറഞ്ഞു.

ഗോവയിലെ യു.എന്‍.ഐ ഓഫീസ്‌ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. അവിടത്തെ ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക്‌ ഓഫീസിന്റെ പ്രവര്‍ത്തനം വിവരിച്ചുകൊടുത്ത കൂട്ടത്തില്‍ ഒരു പ്രധാന വാര്‍ത്ത ഉണ്ടായാല്‍ എങ്ങനെ അത്‌ യു. എന്‍. ഐ കൈകാര്യം ചെയ്യുമെന്ന്‌ കാണിച്ചുകൊടുക്കുന്നതിനുവേണ്ടി ഗോവ മുഖ്യമന്ത്രിയുടെ പിതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രിയായിരുന്ന കകോട്കര്‍ മരിച്ചപ്പോള്‍ വാര്‍ത്ത നല്‍കിയത്‌ Goa CM Kakodkar Passed away ന്ന്‌ ടെലിപ്രിന്ററില്‍ അടിച്ചു കാണിച്ചുകൊടുത്തു. പുറത്തേക്കുള്ള ലൈന്‍ ഓഫ്‌ ചെയ്യുന്നതിന്‌ ഓപ്പറേറ്റര്‍ മറന്നുപോയിരുന്നു.
പെട്ടെന്ന്‌ കൊടുങ്കാറ്റ്‌ മൂലം ടെലിപ്രിന്റര്‍ ലൈനുകള്‍ പോയി. ബോംബെ ഓഫീസ്‌ ഗോവ ഓഫീസിന്‌ തെറ്റുപറ്റിയെന്നു കരുതി അപ്പോഴത്തെ മുഖ്യമന്ത്രിയുടെ പേര്‍-ശശികലാ കകോട്കര്‍ എന്ന്‌ തിരുത്തി ച്ചേര്‍ത്ത്‌ മറ്റു സെന്ററുകളിലേക്ക്‌ വാര്‍ത്ത അയച്ചു. എല്ലാ ലൈനുകളും തകരാറിലായതിനാല്‍ രാത്രി 2 മണിവരെ ആര്‍ക്കും ഒന്നും തിരുത്താന്‍ കഴിഞ്ഞില്ല. ഇതാണ്‌ മിര്‍ച്ഛന്ദാനി പറഞ്ഞ കഥ. അതിന്‌ ഞാന്‍ അനുഭവിച്ച മാനസികമായ പ്രയാസം ഒരിക്കലും മറക്കുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല: