ഞായറാഴ്‌ച, മാർച്ച് 19, 2006

പ്രചരണത്തിന്റെ ഭാഷയില്‍ സത്യത്തിന്റെ ചോരക്കറ

പ്രചരണത്തിന്റെ ഭാഷയില്‍ സത്യത്തിന്റെ ചോരക്കറ
എസ്‌. എസ്‌. സതീശ്‌

പൂര്‍വ്വയൂറോപ്പില്‍ സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നശേഷം ഒരു അന്തര്‍ദ്ദേശീയ മാധ്യമ സെമിനാര്‍ നടക്കുകയുണ്ടായി. സോഷ്യലിസ്റ്റ്‌ ഭരണത്തിന്റെ തകര്‍ച്ച മാധ്യമങ്ങളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചായിരുന്നു സെമിനാര്‍. ചെക്ക്‌ റിപ്പബ്‌ളിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയത്‌ ചെക്ക്‌ പ്രസിഡന്റായിരുന്ന വക്‌ലാവ്‌
ഹാവലാണ്‌. അദ്ദേഹം പറഞ്ഞത്‌, പ്രചരണത്തിന്റെ ഭാഷയില്‍ നിന്ന്‌ സത്യത്തിന്റെ ഭാഷയെ മോചിപ്പിക്കാന്‍ കഴിഞ്ഞതാണ്‌ സോഷ്യലിസത്തിന്റെ പതനം മാധ്യമങ്ങള്‍ക്കു നല്‍കിയ ഏറ്റവും വലിയ സംഭാവന എന്നാണ്‌.സോഷ്യലിസത്തിന്റെ തകര്‍ച്ച ആഘോഷിക്കാന്‍ മുതലാളിത്ത ശക്തികള്‍ സംഘടിപ്പിച്ച കലാപരിപാടിയായിരുന്നു ആ സെമിനാറെന്നത്‌ ഒരു കാര്യം. എങ്കിലും ഹാവലിന്റെ വാക്കുകളിലെ ആര്‍ജ്ജവത്തെ ചോദ്യം ചെയ്യാനാവില്ല.ശരിയായാലും തെറ്റായാലും സര്‍വ്വ പ്രവൃത്തികളെയും സാധൂകരിക്കുന്നതാണ്‌ പ്രചരണത്തിന്റെ ഭാഷ. സൈദ്ധാന്തിക പരിവേഷം മുതല്‍ മേധാവിത്വത്തിന്റെ ധാര്‍ഷ്‌ട്യം വരെ പ്രചരണത്തിന്റെ ഭാഷയിലുണ്ടാകും. ചിലപ്പോള്‍ വാചകങ്ങള്‍ പരസ്‌പരവിരുദ്ധമാകും. വര്‍ത്തമാനകാലം മാത്രമേ ആ ഭാഷയ്ക്കുണ്ടാകൂ. ഭൂതകാലമോ ഭാവികാലമോ വച്ച്‌ ആ ഭാഷയെ പരിശോധനയ്ക്കു വിധേയമാക്കാനാവില്ല; പരിശോധിച്ചാല്‍ അര്‍ത്ഥമാകെ മാറിപ്പോകും. സൂക്ഷിച്ചുനോക്കിയാല്‍ ആ ഭാഷയില്‍ സത്യത്തെ ബലികഴിച്ചതിന്റെ ചോരപ്പാടുകള്‍ കാണാനാകും.
കാലം മാറിയിട്ടും പ്രചരണത്തിന്റെ ഭാഷ ഉപേക്ഷിക്കാന്‍ കഴിയാത്തതാണ്‌ കേരളത്തിലെ ചില കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ഒരു ദൌര്‍ബല്യം. കേള്‍ക്കുന്നവര്‍ വിഡ്ഢികളാണെന്ന വിശ്വാസത്തോടെ അവര്‍ പ്രചരണത്തിന്റെ ഭാഷ ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു.

സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ അതിനിശിതമായി ചോദ്യം ചെയ്യുകയുണ്ടായി. സി.പി.എമ്മിലെ പ്രശ്നങ്ങളെക്കുറിച്ചും പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും മാധ്യമങ്ങളില്‍ വന്നതു മുഴുവന്‍ നുണയാണെന്ന വാദഗതിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ഇതിവൃത്തം.

സി.പി.എമ്മിന്റെ ഭൂതകാലം വച്ച്‌ ഈ ഇതിവൃത്തത്തെത്തന്നെ ആദ്യം പരിശോധിക്കേണ്ടതുണ്ട്‌. ജെ.എസ്‌.എസ്‌ നേതാവും മന്ത്രിയുമായ കെ.ആര്‍. ഗൌരിഅമ്മയെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കുന്നതിന്‌ മുമ്പ്‌ സി.പി.എമ്മിലെ അന്നത്തെ ആഭ്യന്തരപ്രശ്നങ്ങളെക്കുറിച്ച്‌ വാര്‍ത്തകള്‍ വന്നിരുന്നു. പുറത്താക്കല്‍ നടപടിയുണ്ടാകുന്നതിന്‌ തൊട്ടുമുമ്പുവരെയും ആ വാര്‍ത്തകളെല്ലാം ശുദ്ധ നുണയാണെന്നാണ്‌ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ അടക്കമുള്ള അന്നത്തെ സി.പി.എം നേതാക്കള്‍ വാദിച്ചിരുന്നത്‌. മാധ്യമങ്ങള്‍ പക്ഷേ, ആ വാദഗതി നിരാകരിക്കുകയും സി.പി.എമ്മിലെ പ്രശ്നങ്ങളെപ്പറ്റി തുടര്‍ന്നും വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ഒടുവില്‍, വാര്‍ത്തകള്‍ സത്യമായിരുന്നുവെന്നും നുണ പറഞ്ഞത്‌ നേതാക്കളാണെന്നും തെളിഞ്ഞു. ഇപ്പോള്‍ വീണ്ടും ഒരു നേതാവ്‌ പറഞ്ഞുനോക്കുകയാണ്‌, മാധ്യമങ്ങള്‍ മുഴുവന്‍ നുണ പ്രചരിപ്പിക്കുകയാണെന്ന്‌.യഥാര്‍ത്ഥത്തില്‍, എല്ലാം നുണയാണെന്ന വാദഗതിയിലൂടെ നുണ പ്രചരിപ്പിക്കാനുള്ള സാദ്ധ്യതയാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌. എന്താണ്‌ യഥാര്‍ത്ഥ സ്ഥിതിയെന്ന്‌ തുറന്നുപറഞ്ഞാല്‍ നുണ പ്രചരിക്കാനുള്ള സാദ്ധ്യത കുറയുകയേയുള്ളൂ. കലാപം നടക്കുമ്പോള്‍ വിവരങ്ങള്‍ മൂടിവയ്ക്കുന്നത്‌ കൂടുതല്‍ അത്യാഹിതങ്ങള്‍ക്ക്‌ വഴിവയ്ക്കുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. സത്യസന്‌ധമായ വിവരങ്ങളുടെ അഭാവത്തില്‍ കെട്ടിച്ചമയ്ക്കുന്ന അഭ്യൂഹങ്ങള്‍ക്കായിരിക്കും ജനം കാതോര്‍ക്കുക.

ഇനി, പിണറായിവിജയന്റെ വാര്‍ത്താസമ്മേളനത്തിലെ ചില വാചകങ്ങള്‍ പരിശോധിക്കാം:
സി.പി.എം കേന്ദ്രകമ്മിറ്റി സമ്മേളിക്കും മുമ്പ്‌ വി.എസ്‌. അച്യുതാനന്ദന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തീരുമാനമോ അഭിപ്രായഗതിയോ പോളിറ്റ്ബ്യൂറോയിലുണ്ടായില്ല എന്നാണ്‌ അദ്ദേഹം അവകാശപ്പെട്ടത്‌. "വി. എസ്‌. മാത്രം" എന്ന തലക്കെട്ട്‌ ഒരു പത്രം വിശ്വാസ്യതയ്ക്കു നിരക്കാത്തവിധം നല്‍കിയെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
അച്യുതാനന്ദന്‍ മത്സരിക്കട്ടേയെന്ന അഭിപ്രായഗതിയോ തീരുമാനമോ പോളിറ്റ്‌ ബ്യൂറോ യോഗത്തിലുണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം (മാര്‍ച്ച്‌ 11) വൈകിട്ട്‌ നടന്ന കേന്ദ്രകമ്മിറ്റിയുടെ പ്രത്യേക യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള ചില അംഗങ്ങള്‍ എന്തിന്‌ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കണം? ന്യൂനപക്ഷവിരുദ്ധനും വികസനവിരോധിയുമെന്ന പേരുദോഷമുള്ള അദ്ദേഹത്തെ മത്സരത്തിനിറക്കിയാല്‍ തിരഞ്ഞെടുപ്പില്‍ പരാജയം നേരിടുമെന്ന്‌ എന്തിന്‌ വാദിക്കണം?പിണറായി വിജയന്‍ തന്നെ പറയുന്നത്‌ തിരഞ്ഞെടുപ്പുഫലം അറിഞ്ഞ ശേഷമേ ടീമിനെ ആരു നയിക്കണമെന്ന്‌ തീരുമാനിക്കൂവെന്നാണ്‌. ഒന്നിലേറെ പി.ബി അംഗങ്ങള്‍ മത്സരിക്കട്ടെ എന്നാണ്‌ പോളിറ്റ്‌ ബ്യൂറോയുടെ അഭിപ്രായഗതിയെങ്കില്‍ കേരളത്തില്‍ നിന്നുള്ള ചില കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ എന്തിന്‌ ബേജാറായി? തിരഞ്ഞെടുപ്പുഫലം വന്നശേഷം ആര്‌ ടീമിനെ നയിക്കണമെന്ന്‌ തീരുമാനിച്ചാല്‍പ്പോരേ? പിന്നീട്‌ തീരുമാനിക്കാനുള്ള സാദ്ധ്യത അടയുന്നത്‌ ഒരേയൊരു സാഹചര്യത്തിലാണ്‌; ഒരു പി.ബി അംഗം മാത്രം മത്സരിക്കുമ്പോള്‍.

സാഹചര്യത്തെളിവുകള്‍ അനുസരിച്ച്‌ രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്‌. ഒന്ന്‌: പി.ബി. യോഗം ചേര്‍ന്നതിന്റെ തൊട്ടടുത്ത ദിവസം കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ക്ക്‌ അച്യുതാനന്ദനെ മത്സരിപ്പിക്കരുതെന്ന്‌ ശക്തിയായി വാദിക്കേണ്ട സ്ഥിതിയുണ്ടായി. രണ്ട്‌: ഒന്നിലേറെ പി.ബി അംഗങ്ങള്‍ മത്സരിക്കുകയും തിരഞ്ഞെടുപ്പുഫലം വന്നശേഷം ടീമിനെ ആരു നയിക്കണമെന്ന്‌ തീരുമാനിക്കുകയും ചെയ്യാവുന്ന സ്ഥിതിയായിരുന്നില്ല അപ്പോള്‍.ആ നിലയ്ക്ക്‌ 'വി. എസ്‌. മാത്രം' എന്ന തലക്കെട്ട്‌ നല്‍കിയതില്‍ വിശ്വാസ്യതയുടെ എന്തു പ്രശ്നമാണുള്ളത്‌.

സംഭവം നടന്ന്‌ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞശേഷം വിവരം പുറത്തുവിടുന്നത്‌ പ്രചരണത്തിന്റെ ഭാഷയുടെ ഒരു അസുഖമാണ്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളില്‍ പരമോന്നത നേതാവ്‌ മരിച്ചാല്‍ രണ്ടോ മൂന്നോ ദിവസം കഴിയാതെ ആ വിവരം പുറത്തുവിടാറില്ല. പുതിയ നേതാവിനെ തിരഞ്ഞെടുത്ത ശേഷമേ വാര്‍ത്ത പുറത്തുവരൂ. വിവരവിപ്‌ളവത്തിന്റെ ഇക്കാലത്ത്‌ ഒരു വിവരം 'എംബാം' ചെയ്യേണ്ട പരുവത്തില്‍ എത്തിയ ശേഷമേ പുറത്തുവിടാവൂവെന്ന്‌ ശഠിച്ചാല്‍ എന്തു ചെയ്യും.സി.പി.എമ്മില്‍ ഗുരുതരമായ ഒരു പ്രശ്നവുമില്ലെന്നും പിണറായി വിജയന്‍ പറയുകയുണ്ടായി. അച്യുതാനന്ദന്‌ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചുവെന്നുപറഞ്ഞ്‌ പ്രകടനം നടത്തിയവര്‍ സി.പി.എമ്മുകാരല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.ഇതു രണ്ടും നമുക്ക്‌ മുഖവിലയ്ക്ക്‌ എടുക്കാം. പക്ഷേ, വരുംനാളുകളില്‍ ഇതിന്റെ സത്യാവസ്ഥ ആരായേണ്ടിവരും. മാര്‍ച്ച്‌ 21 ന്‌ പോളിറ്റ്‌ ബ്യൂറോ യോഗം ചേരുന്നുണ്ട്‌. പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ ആ യോഗത്തില്‍ ചര്‍ച്ചയ്ക്കേ വന്നില്ലെങ്കില്‍ തീര്‍ച്ചയായും സമ്മതിക്കാം, ഇവിടെ പാര്‍ട്ടിയില്‍ ഒരു പ്രശ്നവുമില്ലെന്ന്‌ പി.ബി. യോഗത്തില്‍ കേരളത്തിലെ പ്രശ്നങ്ങളാണ്‌ മുഖ്യ ചര്‍ച്ചാവിഷയമാകുന്നതെങ്കില്‍ അത്‌ എങ്ങനെ സമ്മതിക്കാനാകും പ്രതിഷേധപ്രകടനങ്ങളുടെ പേരില്‍ പാര്‍ട്ടിയുടെ ഒരു കീഴ്ഘടകവും അച്ചടക്കനടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ബഹളമുണ്ടാക്കിയത്‌ സി.പി.എമ്മുകാരല്ലെന്ന്‌ ഉറപ്പിക്കാനാകും. എന്നാല്‍, കീഴ്ഘടകങ്ങള്‍ ആര്‍ക്കെങ്കിലുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചാല്‍, പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയത്‌ സി.പി.എമ്മുകാരല്ലെന്ന വാദം വിശ്വസിക്കാനാവില്ല.നാളെ സത്യങ്ങളെല്ലാം പുറത്തുവരാനുള്ള സാദ്ധ്യതയെക്കുറിച്ച്‌ ഒരു വേവലാതിയും പ്രചരണത്തിന്റെ ഭാഷ പ്രകടിപ്പിക്കാറില്ല. ഭാവികാലം തുറിച്ചുനോക്കി നിന്നാലും പ്രചരണത്തിന്റെ ഭാഷ ഒരു കൂസലുമില്ലാതെ മുന്നോട്ടുപോകും.പ്രചരണത്തിന്റെ ഭാഷയ്ക്ക്‌ യഥേഷ്‌ടം മേയണമെങ്കില്‍ മാധ്യമരംഗത്ത്‌ പാര്‍ട്ടി ജിഹ്വകളേ പാടുള്ളൂ. ഇവിടെ അതല്ല സ്ഥിതി. അതാണ്‌ പ്രശ്നം. ഏതുപ്രശ്‌നവും കണ്ടില്ലെന്ന്‌ നടിക്കാന്‍ എളുപ്പമാണ്‌.

കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: