ബുധനാഴ്‌ച, മാർച്ച് 15, 2006

ബയോ ഇന്‍ഫര്‍മാറ്റിക്സ്‌

ബയോ ഇന്‍ഫര്‍മാറ്റിക്സ്‌
ആനയറ ജയകുമാര്‍

ഐ.ടിയും ബയോടെക്നോളജിയും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്ന നൂതന വൈദ്യശാസ്‌ത്രാനുബന്ധ ശാഖയാണ്‌ ബയോ ഇന്‍ഫര്‍മാറ്റിക്സ്‌. ഭാവിയില്‍ സജീവ സാന്നിധ്യം പ്രകടമാക്കുന്ന തരത്തില്‍ വിപ്ലവകരമായ പുരോഗതി ബയോ ഇന്‍ഫര്‍മാറ്റിക്സ്‌ നേടിത്തരുമെന്നതില്‍ സംശയമില്ല. ആധുനികവും മെച്ചപ്പെട്ടതുമായ ഔഷധങ്ങളുടെ രൂപകല്‍പ്പനയിലും പൂര്‍ണതോതിലുള്ള രോഗശമനം സാധ്യമാക്കുന്ന ചികില്‍സാ രീതികള്‍ പ്രാവര്‍ത്തികമാക്കുന്നതിലും മാത്രമല്ല ജീവനെ സംബന്ധിച്ച അടിസ്ഥാന ധാരണ രൂപപ്പെടുത്തുന്നതില്‍ പോലും ഒട്ടേറെ സംഭാവനകള്‍ നല്‍കുവാന്‍ ഈ വിഷയത്തിനു കഴിയും.

ഈ നൂറ്റാണ്ടിന്റെ മുന്നേറ്റം ജൈവ സാങ്കേതിക വിദ്യയുടെ സംയോജിത ഗവേഷണങ്ങളുടെ പരിണതഫലമായിരിക്കും. ഗണിതശാസ്‌ത്രം, കംപ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ജീവശാസ്‌ത്രം എന്നീ പ്രധാന ശാസ്‌ത്രശാഖകളുടെ സംഭാവനകളെ കൂട്ടിയിണക്കുകയാണ്‌ ബയോ ഇന്‍ഫര്‍മാറ്റിക്സ്‌. അതായത്‌ ഇത്‌ ഒരു ഇന്റര്‍ ഡിസിപ്ലിനറി മേഖലയാണ്‌. ജീവശാസ്‌ത്രത്തില്‍ തന്നെ ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നത്‌ ബയോ കെമിസ്ട്രി, മോളിക്കുലര്‍ ബയോളജി, ജനിറ്റിക്‌ എന്‍ജിനീയറിങ്‌, ബയോ- സ്റ്റാറ്റിസ്റ്റിക്സ്‌, ബയോ ടെക്നോളജി തുടങ്ങിയ വിഷയങ്ങളാണ്‌. വിടേശ രാജ്യങ്ങളിലെ കംപ്യൂട്ടേഷണല്‍ ബയോളജിയും ബയോ ഇന്‍ഫര്‍മാറ്റിക്സിനു തുല്യം തന്നെ.ജൈവ വിവരശേഖരണത്തിലും അപഗ്രഥനത്തിലും ക്ലോണിങ്‌ മുതല്‍ ജീവജാലങ്ങളില്‍ ഉപകാരപ്രദമായ മാറ്റങ്ങള്‍ വരുത്തുവാനും ജാനസ്സുകള്‍ കൂടിക്കലര്‍ത്തുവാനുമുള്ള സാധ്യതകള്‍വരെ ഈ രംഗത്ത്‌ തെളിയിക്കപ്പെട്ടുകഴിഞ്ഞു.

മണിപ്പാല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌ 24 ആഴ്ചകളിലായി സയന്‍സ്‌ - എന്‍ജിനീയറിങ്‌ ബിരുദക്കാര്‍ക്ക്‌ ബയോ ഇന്‍ഫര്‍മാറ്റിക്സില്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സ്‌ നടത്തുന്നു. കല്‍പിത സര്‍വകലാശാലയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (അലഹബാദില്‍) പ്രസ്‌തുത വിഷയത്തിലെ ബിരുദമോ എന്‍ജിനീയറിങ്‌ ബിരുദമോ വിജയിച്ചവര്‍ക്ക്‌ എം.ടെക്‌ ബയോ ഇന്‍ഫര്‍മാറ്റിക്സ്‌ കോഴ്സിന്‌ വര്‍ഷത്തില്‍ പതിനഞ്ചുപേര്‍ക്കു വീതം അഡ്മിഷന്‍ നല്‍കുന്നു. മീററ്റിലെ ചൌധരി ചരണ്‍സിങ്‌ യൂണിവേഴ്സിറ്റിയുടെ എം. എസ്‌ സി. ബയോ ഇന്‍ഫര്‍മാറ്റിക്സ്‌ കോഴ്സും പ്രശസ്‌തമാണ്‌. കല്‍പിത സര്‍വകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തില്‍ നടത്തുന്ന എം. എസ്സി. ബയോ ഇന്‍ഫര്‍മാറ്റിക്സ്‌ കോഴ്സിന്‌ എന്‍ജിനീയറിങ്ങിലോ മെഡിസിനിലോ പ്രഥമിക വിദ്യാഭ്യാസം നേടിയ 30 പേര്‍ക്കു വീതം പ്രവേശനം നല്‍കുന്നു.

എം. ജി യൂണിവേഴ്സിറ്റിയുടെ ചില അഫിലിയേറ്റഡ്‌ കോളജുകളില്‍ ഈ വിഷയത്തില്‍ എം. എസ്സി. നടത്തിവരുന്നു. ഗണിതശാസ്‌ത്രം, സ്റ്റാറ്റിസ്റ്റിക്സ്‌, ബയോ കെമിസ്ട്രി, ബയോ ടെക്നോളജി, സുവോളജി, ബോട്ടണി എന്നിവയില്‍ പി. ജി. ബിരുദം നേടിയവര്‍ക്കും എന്‍ജിനീയറിങ്ങിന്റെ ഏതെങ്കിലും ശാഖയില്‍ എം.ടെക്‌ നേടിയവര്‍ക്കും കംപ്യൂട്ടര്‍ സയന്‍സില്‍ എം. എസ്സിയോ എം.സി.എയോ നേടിയവര്‍ക്കും കേരള യൂണിവേഴ്സിറ്റിയില്‍ ബയോ ഇന്‍ഫര്‍മാറ്റിക്സില്‍ എം.ഫില്‍ പ്രവേശനത്തിന്‌ യോഗ്യതയുണ്ട്‌. അഗ്രികള്‍ച്ചര്‍, മെഡിസിന്‍ പി.ജി വിജയികള്‍ക്കും ഇതിന്‌ അപേക്ഷിക്കാം. ബീറ്റ്സ്‌- പിലാനിയിലെ ബയോ ഇന്‍ഫര്‍മാറ്റിക്സ്‌ കോഴ്സും വളരെ ശ്രദ്ധേയമാണ്‌. ഗ്വാളിയറിലെ കല്‍പിത സര്‍വകലാശാലയായ അടല്‍ബിഹാരി വാജ്പേയ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ്‌ മാനേജ്മെന്റില്‍ എന്‍ജിനീയറിങ്‌ ബിരുദധാരികളായ ഗേറ്റ്‌ സ്കോര്‍ ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക്‌ എം.ടെക്‌ ബയോ ഇന്‍ഫര്‍മാറ്റിക്സിന്‌ ചേരാവുന്നതാണ്‌.

ഇംഗണ്ടിലെ യൂണിവേഴ്സിറ്റി ഓഫ്‌ ലീഡ്സ്‌, യൂണിവേഴ്സിറ്റി ഓഫ്‌ മാഞ്ചസ്റ്റര്‍, അയര്‍ലന്‍ഡിലെ യൂണിവേഴ്സിറ്റി ഓഫ്‌ ഡബ്ലിന്‍, കാലിഫോര്‍ണിയയിലെ സ്റ്റാഫോര്‍ഡ്‌ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ്‌ മിസ്സോറി, യൂണിവേഴ്സിറ്റി ഓഫ്‌ ടെക്സാസ്‌, ഇസ്രയേലിലെ ടെല്‍ അവീവ്‌ യൂണിവേഴ്സിറ്റി, ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ്‌ മെല്‍ബണ്‍ എന്നിവിടങ്ങളിലെ ബയോ ഇന്‍ഫര്‍മാറ്റിക്സ്‌ കോഴ്സിന്‌ രാജ്യാന്തര അംഗീകാരമാണുള്ളത്‌. ഇംഗണ്ടിലെ ഓക്സ്ഫഡ്‌ യൂണിവേഴ്സിറ്റിയില്‍ പാര്‍ട്ട്‌-ടൈം ആയി എം. എസ്സി. ചെയ്യാവുന്നതാണ്‍്‌.

യൂറോപ്യന്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഓസ്ട്രേലിയന്‍ നാഷനല്‍ ജീനോമിക്‌ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്‌, ഫ്രാന്‍സിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌, സൌത്ത്‌ ആഫ്രിക്കന്‍ നാഷനല്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ന്യൂയോര്‍ക്കിലെ റോച്ചെസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജി തുടങ്ങിയ പ്രശസ്‌ത വിടേശ സ്ഥാപനങ്ങളില്‍ ജോലി നേടാവുന്നതാണ്‌. ഫാര്‍മസ്യൂട്ടിക്കല്‍സ്‌ മേഖലയില്‍ ബയോ ഇന്‍ഫര്‍മാറ്റിക്സിന്റെ സഹായം ഇന്നിപ്പോള്‍ തീര്‍ത്തും ഒഴിവാക്കുവാനാകുന്നില്ല. സ്മിത്ത്‌ ക്ലീന്‍ ബീച്ചം (Smith Kline Beecham), മെര്‍ക്ക്‌ (Merck), ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ (J&J), ഗാക്സോ വെല്‍കം(Glaxo Wellcom), നെറ്റ്ജീനിയസ്‌ (Netgenius), ഓക്സജന്‍ (Oxyagen) തുടങ്ങിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഈ മേഖലയിലെ തൊഴില്‍ ദാതാക്കളായി വളര്‍ന്നുകഴിഞ്ഞു.

കടപ്പാട് : മനോരമ ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: