ചൊവ്വാഴ്ച, മാർച്ച് 14, 2006

അജ്ഞത ആഘോഷമാക്കി മാററിയാല്‍

അജ്ഞത ആഘോഷമാക്കി മാററിയാല്‍
എസ്‌.എസ്‌. സതീശ്‌

ഉരുണ്ടുകൂടുന്ന അശുഭചിന്തകള്‍ അവഗണിച്ചുകൊണ്ട്‌ സംസ്ഥാന രാഷ്‌ട്രീയം അതിന്റെ പ്രയാണം തുടരവെ, ചരിത്രത്തിന്റെ ചില പാഠങ്ങള്‍ ഓര്‍ത്തുപോവുകയാണ്‌.ഇന്ത്യാ - പാക്‌ വിഭജനവും സംസ്ഥാന രൂപീകരണവും കഴിഞ്ഞതോടെ ആസാമില്‍ ബംഗാളികള്‍ ഒരു ന്യൂനപക്ഷമായി മാറി. പുരാണത്തിലെ നരകാസുരന്റെ പിന്‍ഗാമികളെന്ന്‌ കരുതുന്നവര്‍ അടക്കമുള്ള വിവിധ ഗോത്രങ്ങളും വിഭാഗങ്ങളുമായിരുന്നു ഭൂരിപക്ഷം. അവരുടെ പരമ്പരാഗതമായ മൌഢ്യവും അലസതയും മുതലെടുത്തുകൊണ്ട്‌ പല ഉന്നത സ്ഥാനങ്ങളും ബുദ്ധിശാലികളായ ബംഗാളികള്‍ കൈയടക്കി. വളരെക്കാലം ആരും അത്‌ തിരിച്ചറിഞ്ഞില്ല. എന്നാല്‍, എണ്‍പതുകളുടെ ആദ്യം കാമ്പസുകളില്‍ അതിനെതിരായ പ്രതിഷേധം രൂപംകൊള്ളുകയും സംസ്ഥാനമൊട്ടാകെ ഒരു കലാപമായി അത്‌ പടരുകയുമുണ്ടായി. അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ പൌരത്വം നല്‍കാനുള്ള നീക്കം അതിന്‌ ചൂട്‌ പകര്‍ന്നു. ആസാം ഗണപരിഷത്ത്‌ എന്ന രാഷ്‌ട്രീയ പാര്‍ട്ടി ആ കലാപത്തില്‍ നിന്ന്‌ ഉടലെടുത്തതാണ്‌. 'ഉള്‍ഫ'യെ പോലുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ കൂടി സജീവമായതോടെ ആസാമിന്റെ സ്വൈരം നഷ്‌ടമായി.

ന്യൂനപക്ഷങ്ങളുടെ സാമര്‍ത്ഥ്യം വികൃതമായ തിരിച്ചടികള്‍ക്കും അശാന്തിക്കും ഇടയാക്കുന്നത്‌ ആദ്യമായല്ല. ഇന്ത്യയില്‍ മാത്രവുമല്ല.
വിഭജനത്തെ തുടര്‍ന്ന്‌ പാകിസ്ഥാന്‍ ഉടലെടുത്തപ്പോള്‍ ഔദ്യോഗിക ഭാഷയായി സ്വീകരിച്ചത്‌ ഉറുദുവാണ്‌. പശ്ചിമ പാകിസ്ഥാനിലെ മുഖ്യഭാഷകള്‍ അപ്പോള്‍ പഞ്ചാബിയും സിന്ധിയും പുഷ്‌തുവും ബലൂചിയുമായിരുന്നു. വിഭജനവേളയില്‍ ഇന്ത്യയില്‍ നിന്ന്‌ കുടിയേറുകയും കറാച്ചിയിലും പരിസരങ്ങളിലും താവളം തേടുകയും ചെയ്‌ത ബീഹാറികളുടെ ഭാഷയായിരുന്നു ഉറുദു. ഔദ്യോഗിക ഭാഷയെ പ്രോത്‌സാഹിപ്പിക്കാന്‍ പാക്‌ സര്‍ക്കാര്‍ ഉറുദു അറിയാവുന്നവര്‍ക്ക്‌ ഉദ്യോഗ നിയമനങ്ങളില്‍ പ്രത്യേക പരിഗണന അനുവദിച്ചപ്പോള്‍ അതിന്റെ പ്രയോജനം ലഭിച്ചത്‌ ബീഹാറികള്‍ക്കാണ്‌. ഉദ്യോഗങ്ങള്‍ അഭയാര്‍ത്ഥികളായി (മുഹാജിര്‍) എത്തിയ ന്യൂനപക്ഷം തട്ടിയെടുക്കുന്നുവെന്ന പരാതി ക്രമേണ അമര്‍ഷവും പകയുമായി പരിണമിച്ചു. ബീഹാറികള്‍ക്ക്‌ ലഭിച്ചിരുന്ന പ്രത്യേക പരിഗണനകളെല്ലാം അതോടെ നഷ്‌ടമായി. അവജ്ഞയ്ക്കും പീഡനങ്ങള്‍ക്കും ഇരയായി മൂന്നാംതരം പൌരന്മാരായി കഴിയുകയാണ്‌ പാകിസ്ഥാനില്‍ ഇന്ന്‌ ബീഹാറി കുടിയേറ്റക്കാരുടെ പിന്‍മുറക്കാര്‍.

ശാസ്‌ത്ര വിഷയങ്ങളില്‍ ജന്മസിദ്ധമായി തന്നെ പ്രാവീണ്യമുള്ളവരാണ്‌ ശ്രീലങ്കയിലെ തമിഴ്‌ വംശജര്‍. ന്യൂനപക്ഷമാണെങ്കിലും ഉദ്യോഗങ്ങളില്‍ വലിയൊരു പങ്ക്‌ നേടിയെടുക്കാന്‍ അത്‌ അവരെ പ്രാപ്‌തരാക്കി. അതിനെതിരായ സിംഹളരുടെ പ്രതിഷേധമാണ്‌ ആദ്യം തമിഴ്‌ വംശജരോടുള്ള വിവേചനത്തിനും പിന്നീട്‌ കലാപത്തിനും ആഭ്യന്തര യുദ്ധത്തിനുമൊക്കെ വഴിവച്ചത്‌. എത്രയോപേര്‍ അരുംകൊലയ്ക്കു ഇരയായി. ശ്രീലങ്കയിലെ അശാന്തിക്കു ഇനിയും ശമനമായിട്ടില്ല. വീണ്ടും ചോരപ്പുഴകള്‍ക്കായി കാത്തിരിക്കുംപോലെ അസ്വസ്ഥതകള്‍ അവിടെ നീറി നില്‍ക്കുകയാണ്‌.

വിയന്നയിലെ ചിത്രപാഠശാലയില്‍ പ്രവേശനം തേടി എത്തുമ്പോള്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ മനസ്സില്‍ ഒരേയൊരു ആഗ്രഹമേയുണ്ടായിരുന്നുള്ളൂ - ഒരു ചിത്രകാരനാകണമെന്ന്‌. യഹൂദരുടെ നിയന്ത്രണത്തിലായിരുന്നു അന്ന്‌ ആ ചിത്രപാഠശാല. യഹൂദ വിദ്യാര്‍ത്ഥികള്‍ക്കേ പ്രവേശനം കിട്ടിയുള്ളൂ. പ്രവേശനം നിഷേധിക്കപ്പെട്ട്‌ വിയന്നയില്‍ അരപ്പട്ടിണിയുമായി അലയേണ്ടി വന്ന ഹിറ്റ്‌ലറുടെ മനസ്സില്‍ അന്ന്‌ തുടങ്ങിയതാണ്‌ യഹൂദരോടുള്ള പക. ജര്‍മ്മനിയില്‍ യഹൂദര്‍ ന്യൂനപക്ഷമായിരുന്നു എങ്കിലും തന്ത്രശാലികളും സമര്‍ത്ഥരുമായിരുന്ന അവര്‍ക്കായിരുന്നു പല മേഖലകളിലും ആധിപത്യം. തന്റെ മനസ്സില്‍ ഉടലെടുത്ത പകയ്ക്കു ഹിറ്റ്‌ലര്‍ ആര്യപരിവേഷം നല്‍കി ഭൂരിപക്ഷത്തിന്റെ വികാരങ്ങള്‍ക്ക്‌ തീകൊളുത്തി. ലക്ഷക്കണക്കിന്‌ യഹൂദരുടെ ജീവനാണ്‌ ആ തീയില്‍ ഹോമിക്കപ്പെട്ടത്‌.

ചരിത്രത്തിലെ തീരാകളങ്കമായി നാസികള്‍ നടത്തിയ കൂട്ടക്കുരുതി ഇടം നേടി. എന്നാല്‍, ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ നടന്ന കലാപങ്ങളും കൂട്ടക്കുരുതികളും ശ്രദ്ധിക്കപ്പെടാതെ പോയി,റുവാണ്ടയില്‍ 15 ശതമാനത്തിലും താഴെ മാത്രം അംഗസംഖ്യയുള്ള ടൂട്ട്‌സി ഗോത്രക്കാര്‍ക്കായിരുന്നു ആധിപത്യം. ഭൂരിപക്ഷം വരുന്ന ഹൂതു ഗോത്രക്കാര്‍ പൊതുവേ പൊക്കം കുറഞ്ഞവരാണ്‌. കോളനി വാഴ്ചക്കാലത്തുപോലും ഉയരം കൂടിയവരാണെന്ന നിലയില്‍ ടൂട്ട്‌സികള്‍ക്കാണ്‌ പ്രത്യേക പരിഗണന ലഭിച്ചത്‌. ഹൂതു ഗോത്രക്കാരുടെ പ്രതിഷേധം കാലാകാലങ്ങളില്‍ കലാപവും ആഭ്യന്തര യുദ്ധവുമായി മാറി. എട്ടുലക്ഷത്തോളം പേരാണ്‌ എല്ലാ കലാപങ്ങളിലും കൂടി കൂട്ടകശാപ്പിന്‌ ഇരയായത്‌.

അവഗണനയ്ക്കും മണ്ടന്മാരാക്കുന്നതിനുമെതിരായ ഭൂരിപക്ഷത്തിന്റെ ക്ഷോഭം പൊട്ടിത്തെറികളില്‍ എത്തിയതിന്‌ ചരിത്രമാണ്‌ സാക്ഷി. ലോകത്ത്‌ എവിടെയും അത്‌ സംഭവിക്കാം. സാഹചര്യങ്ങളാവാം പലപ്പോഴും വികാരങ്ങള്‍ക്കു തീ കൊളുത്തുക. താല്‍ക്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി രാഷ്‌ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളുംമുമ്പ്‌ ചരിത്രത്തിന്റെ പാഠങ്ങള്‍ ഗ്രഹിക്കേണ്ടതുണ്ട്‌. ചരിത്രത്തെക്കുറിച്ചുള്ള അജ്ഞത ഒരു ആഘോഷമാക്കി മാറ്റിയാല്‍ അപകടമാണ്‌.

കടപ്പാട്‌ : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: