ബുധനാഴ്‌ച, മാർച്ച് 15, 2006

ബാലാമണി അമ്മയെ ആരോര്‍ത്തു?

ബാലാമണി അമ്മയെ ആരോര്‍ത്തു?

സ്‌ത്രീ മാറി, സംസ്കാരത്തിനും കാലത്തിനുമൊപ്പം. മാറ്റങ്ങള്‍ ആരെയും സ്‌പര്‍ശിക്കാതിരിക്കുന്നില്ല. കാലം തന്റെ മാറ്റങ്ങളുടെ ഒരു പങ്ക്‌ സ്‌ത്രീക്കും പകുത്ത്‌ നല്‍കി. അവഗണന, പീഡനം എന്നൊക്കെ പറയുമ്പോഴും അവളെ പ്രാന്തവത്കരിക്കാനോ, ബോധപൂര്‍വ്വം അടിച്ചമര്‍ത്താനോ ആരും ശ്രമിച്ചിട്ടില്ല.

അതേസമയം വീട്ടമ്മയില്‍ നിന്ന്‌ ഉദ്യോഗസ്ഥയായി വളര്‍ന്ന സ്‌ത്രീക്ക്‌ സ്വാതന്ത്യത്തില്‍ ചിലതെങ്കിലും നഷ്‌ടപ്പെടുത്തേണ്ടി വരുന്നു. മുമ്പ്‌ പെണ്ണുങ്ങള്‍ ജോലിക്ക്‌ പോയി കുടുംബം പുലര്‍ത്തേണ്ടെന്ന്‌ കാരണവന്മാര്‍ വീമ്പു പറഞ്ഞിരുന്നു. ഇന്ന്‌ താത്‌പര്യമില്ലാത്ത സ്‌ത്രീകള്‍ക്ക്‌ പോലും ജോലി ചെയ്യേണ്ടതായി വരുന്നു. വേണമെങ്കില്‍ വീട്ടിലിരിക്കാമെന്ന 'ചോയ്‌സ്‌' അവള്‍ക്ക്‌ നഷ്‌ടമായി. സാമ്പത്തികഭദ്രയ്ക്ക്‌ അവളും പണിയെടുത്തേ മതിയാകൂ. വ്യക്‌തിസത്തയ്ക്ക്‌ അനുസരിച്ച്‌ ജീവിതം തിരഞ്ഞെടുക്കാനുള്ള അവസരവും ഇല്ലാതായി. ഏതെങ്കിലും മേഖലയില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ ചേക്കേറാന്‍ പോലും കുടുംബവും കുട്ടികളും അവളെ അനുവദിക്കുന്നില്ല. എന്നാല്‍ ഏത്‌ അവസ്ഥയിലുള്ള സ്‌ത്രീക്കും ജീവിക്കാനുള്ള സാഹചര്യം ഇന്ന്‌ നമ്മുടെ നാട്ടിലുണ്ട്‌. പഠിപ്പ്‌ കുറഞ്ഞവര്‍ക്കും തൊഴിലുണ്ട്‌. അതേസമയം സ്വന്തം കാര്യത്തില്‍ കരുതല്‍ നഷ്‌ടമാകുമ്പോഴാണ്‌ സ്‌ത്രീക്ക്‌ അപകടങ്ങള്‍ സംഭവിക്കുന്നത്‌. വീട്ടില്‍ നിന്ന്‌ മാറി താമസിക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍ എങ്ങോട്ട്‌ പോകുന്നുവെന്നോ എപ്പോള്‍ വരുമെന്നോ ഒപ്പമുള്ളവരോട്‌ പലപ്പോഴും പറയാറില്ല. ഒരു കൂട്ട്‌ ആവശ്യപ്പെടുന്നതുപോലും നാണക്കേടായി പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ കരുതുന്നു.

അടുക്കളയില്‍ നിന്ന്‌ സമൂഹത്തിന്റെ ഉമ്മറത്തേക്ക്‌ വരുന്ന സ്‌ത്രീക്ക്‌ പല പരിവേഷങ്ങളും നഷ്‌ടപ്പെടുകയാണ്‌. "കുട്ടികള്‍ക്ക്‌ വേണ്ടി ജീവിച്ചു" എന്നൊക്കെ വരും തലമുറയിലെ സ്‌ത്രീകളെക്കുറിച്ച്‌ ആരും പറഞ്ഞെന്ന്‌ വരില്ല. അല്‌പായുസുള്ള അത്തരം പരിവേഷങ്ങള്‍ക്ക്‌ വേണ്ടി സ്വയം നഷ്‌ടപ്പെടാന്‍ ഒരുപക്ഷേ ഇനി സ്‌ത്രീകള്‍ തുനിഞ്ഞെന്നും വരില്ല. സ്‌ത്രീയുടെ തിരക്കുകളോട്‌ പൊരുത്തപ്പെടാന്‍ സമൂഹത്തിന്‌ ഇനിയും കഴിഞ്ഞിട്ടില്ല. ബന്‌ധങ്ങളെല്ലാം ഉലച്ചില്‍ തട്ടാതെ നിലനിറുത്താന്‍ കഴിയാത്ത സ്‌ത്രീയോട്‌ നമ്മുക്ക്‌ അനുകമ്പയില്ല. അത്തരം ആനുകൂല്യങ്ങള്‍ ആണുങ്ങള്‍ക്ക്‌ മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. എല്ലാവരെയും എല്ലാം ബോധിപ്പിക്കണമെന്ന്‌ ശാഠ്യംപിടിക്കാതിരിക്കുകയാണ്‌ ഇത്തരം സാഹചര്യ ത്തില്‍ സ്‌ത്രീകള്‍ ചെയ്യേണ്ടത്‌. ഉപേക്ഷിക്കല്‍ നല്ലതുതന്നെ. അത്‌ എന്തിനുവേണ്ടിയാണെന്നതാണ്‌ പ്രധാനം.

ഇതൊന്നും അധികമാരും തിരിച്ചറിയാത്തതാണ്‌ കഷ്‌ടം. സ്‌ത്രീധനത്തിലൂടെ ആണ്‍കുട്ടികളെയാണ്‌ വില്‍ക്കുന്നത്‌. 'നല്ലൊരെണ്ണം നോക്കി' അച്ഛന്മാര്‍ പെണ്‍കുട്ടികള്‍ക്ക്‌ വാങ്ങിക്കൊടുക്കുന്നു. ഞങ്ങളെ വില്‍ക്കരുതെന്ന്‌ പറയാനുള്ള തിരിച്ചറിവ്‌ എന്തുകൊ ണ്ടോ ആണ്‍കുട്ടികള്‍ക്കില്ല. കാശുകൊടുത്ത്‌ കെട്ടിക്കേണ്ടെന്ന്‌ പെണ്‍കുട്ടികള്‍ പറഞ്ഞുതുടങ്ങി. ഡിവോഴ്‌സുകളുടെ എണ്ണം കൂടുന്നതിനും ഈ 'വാങ്ങല്‍' കാരണമാണ്‌. ഇത്രയുമൊക്കെ കൊടുത്തതും പിന്നെ ഒരുപാടങ്ങ്‌ അഡ്ജസ്റ്റ്‌ ചെയ്യുന്നത്‌ എന്തിനാണെന്നാണ്‌ പെണ്‍കുട്ടികള്‍ ചിന്തിക്കുന്നത്‌. മാത്രമല്ല, പുറംലോകവുമായി ഇടപെടുന്ന സ്‌ത്രീക്ക്‌ ധാരാളം സൌഹൃദങ്ങളും ബന്‌ധങ്ങളുമുണ്ട്‌. വൈകാരിക പിന്തുണയ്ക്കായി ഭര്‍ത്താവിനെ മാത്രം ആശ്രയിക്കേണ്ടതില്ല അവള്‍ക്ക്‌. ഇത്തരം സാംസ്കാരിക മാറ്റങ്ങളാണ്‌ ഒറ്റയ്ക്ക്‌ ജീവിക്കാന്‍ പോലും സ്‌ത്രീയെ പ്രാപ്‌തയാക്കുന്നത്‌. എങ്കിലും ചിലയിടങ്ങളിലെങ്കിലും സ്‌ത്രീക്ക്‌ മാറി നില്‍ക്കേണ്ടി വരുന്നു. അവളെ ആരും കാണാതെ പോകുന്നു. എഴുത്തിലും ഇത്‌ സംഭവിച്ചു. കൊച്ചുബാവയും രാമനുണ്ണിയും പി. വത്‌സലയും സ്വവര്‍ഗ്‌ഗ രതിയെക്കുറിച്ച്‌ എഴുതി. എന്നാല്‍ വത്‌സല എഴുതിയത്‌ എത്രപേര്‍ ശ്രദ്ധിച്ചു? ബാലാമണിഅമ്മയുടെ ചരമവാര്‍ഷികം എത്രപേര്‍ ഓര്‍ത്തു? ഒരു വര്‍ഷം കഴിഞ്ഞോട്ടെ എസ്‌. ഗുപ്‌തന്‍നായരുടെയും എം. കൃഷ്‌ണന്‍നായരുടെയും ചരമവാര്‍ഷികം ഒരോരുത്തരും മത്‌സരിച്ച്‌ ഓര്‍ക്കുന്നത്‌ കാണാം. ബാലാമണി അമ്മ റാഗിംഗിനെക്കുറിച്ച്‌ എഴുതിയത്‌ എത്രപേര്‍ക്കറിയാം? അവരെ ഭക്‌തിയുടെയും മാതൃത്വത്തിന്റെയും കവയിത്രിയായി നമ്മള്‍ വേര്‍തിരിച്ചു.

ഇത്തരം വേര്‍തിരിവുകള്‍ സ്‌ത്രീ എഴുത്തുകാരെയാണ്‌ കൂടുതല്‍ ബാധിക്കുക. എഴുത്തുകാരന്മാരെപ്പോലെ അവര്‍ക്കൊരു കൂട്ടായ്‌മയില്ല. അവര്‍ക്ക്‌ പരസ്‌പരം പ്രമോട്ട്‌ ചെയ്യാനാവുന്നില്ല ഏതെങ്കിലും പ്രസിദ്ധീകരണങ്ങളുടെ വിശേഷാല്‍ പ്രതി ഇന്ന്‌ സ്‌ത്രീ എഴുത്തുകാരെകൊണ്ട്‌ മാത്രം നിറയ്ക്കാന്‍ കഴിയും. അതും അറിയപ്പെടുന്നവരെ കൊണ്ട്‌. എന്നിട്ടും അതിനൊന്നും നമ്മള്‍ മുതിരുന്നില്ലല്ലോ. വനിതാ പ്രസിദ്ധീകരണങ്ങളുടെ തലപ്പത്തുപോലും എത്ര സ്‌ത്രീകളുണ്ട്‌? എഴുതുന്ന പെണ്‍കുട്ടികള്‍ എത്രകാലം നില്‍ക്കുമെന്നതാണ്‌ എന്നെ ആശങ്കപ്പെടുത്തുന്നത്‌. പല മേഖലകളിലും ഒന്ന്‌ മിന്നിത്തിളങ്ങി പെണ്‍കുട്ടികള്‍ പിന്‍വാങ്ങുന്നു. ഇതിന്റെ കാരണം അന്വേഷിക്കാന്‍ ആരും മെനക്കെടാറില്ല. എങ്കിലും വേര്‍തിരിവുകള്‍ അവളെ തളര്‍ത്താതിരിക്കട്ടെയെന്ന്‌ പ്രതീക്ഷിക്കാം.

തയ്യാറാക്കിയത്‌ : സരിത എസ്‌. ബാലന്‍

കടപ്പാട്‌ : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: