ബുധനാഴ്‌ച, മാർച്ച് 15, 2006

ജീ. ദേവരാജന്‍ - മോഹനരാഗത്തില്‍ 32 പാട്ടുകള്‍

ജീ. ദേവരാജന്‍ - മോഹനരാഗത്തില്‍ 32 പാട്ടുകള്‍

വിജയരാഗങ്ങളായിരുന്നു ദേവരാജന്‍ മാഷിനു എന്നും പ്രിയം. അത്‌ അദ്ദേഹം തുറന്നു പറഞ്ഞു . 96 രാഗങ്ങളില്‍ അദ്ദേഹം പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. അതില്‍ തന്നെ മോഹന രാഗത്തിലായിരുന്നു 32 പാട്ടുകള്‍. പക്ഷേ ഒരു പാട്ടിനും തമ്മില്‍ ബന്ധമുണ്ടാകാതെ വ്യത്യസ്‌തത പുലര്‍ത്താന്‍ ദേവരാജന്‍ മാഷിലെ സംഗീതപ്രതിഭയ്ക്കു സാധിച്ചിരുന്നു എന്നതിന്‌ കാലം സാക്ഷി യാണ്‌. രാഗങ്ങളുടെ നദിയിലൂടെ അദ്ദേഹം പൂര്‍ണതയിലേക്കു സഞ്ചരിച്ചു. ഒരു രാഗത്തിന്റെ സാധ്യതയെ പൂവിടരലാക്കി. രാഗത്തെ കേള്‍വിക്കാരനു തൊടാന്‍ കഴിയുന്ന അരികിലാക്കി. സ്വയം ഒരു ദേവരാഗവുമായി..

ഇഷ്ടഗാനം: 'തൊട്ടേനേ ഞാന്‍..
'കൊട്ടാരം വില്‍ക്കാനുണ്ട്‌ എന്ന ചിത്രത്തിലെ 'തൊട്ടേനേ ഞാന്‍ മനസ്സുകൊണ്ട്‌.. എന്ന ഗാനമാണു തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടതെന്നു ദേവരാജന്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞിരുന്നതായി പ്രമുഖ കാരിക്കേച്ചര്‍ കലാകാരനും സംഗീതാന്വേഷകനുമായ ജയരാജ്‌ വാരിയര്‍ ഓര്‍ക്കുന്നു. "പാട്ടിന്റെ ദേവരാഗം പോയി-അര്‍ധരാത്രിക്കു ശേഷം ഞെട്ടിച്ച ആ വാര്‍ത്തയുടെ ഹൃദയഭേദകമായ ഈണം മനസ്സില്‍ നിറച്ചുകൊണ്ടു ജയരാജ്‌ പറഞ്ഞു.

ഭരത്‌ ഗോപി സംവിധാനം ചെയ്‌ത 'ഉല്‍സവപ്പിറ്റേന്ന്‌, ജേസിയുടെ 'നീയെത്ര ധന്യ, ഗോപിയുടെ തന്നെ 'യമനം തുടങ്ങിയവയാണു ദേവരാജന്‍ സംഗീതം നല്‍കിയ അവസാന ചലച്ചിത്രങ്ങള്‍. 'ഉല്‍സവപ്പിറ്റേന്നിലെ 'പുലരിത്തൂമഞ്ഞു തുള്ളിയില്‍.. എന്ന ഗാനമാണെന്നു പറയാം അദ്ദേഹത്തിന്റെ മധുരസംഗീത ശേഖരത്തിലെ അവസാന തുള്ളികളിലൊന്ന്‌. പക്ഷേ, അവസാനിക്കാത്ത നാദധാരയായി മലയാളി ഹൃദയങ്ങള്‍ ദേവരാജന്റെ ദേവരാഗങ്ങള്‍ ഓരോന്നും ഹൃദയത്തിലേറ്റുന്നു, കാറ്റില്‍ ഇളംകാറ്റില്‍ ഒഴുകിവരും ഗാനം പോലെ....

മധുരിക്കും ഓര്‍മകളേ..
ഓര്‍മകളുടെ മധുരിക്കുന്ന മലര്‍മഞ്ചലിലാണു ദേവരാജന്റെ ഓരോ നാടകഗാനത്തെയും മലയാളി കിടത്തിയിരിക്കുന്നത്‌. സ്മരണകളുടെ പുഷ്പമഞ്ചത്തില്‍നിന്ന്‌ ഒരിക്കലും മറക്കാതെ സൂക്ഷിക്കാവുന്ന ഒരുപിടി നാടകഗാനങ്ങളിതാ.
തുഞ്ചന്‍ പറമ്പിലെ തത്തേ,
പൊന്നരിവാളമ്പിളിയില്‌ കണ്ണെറിയുന്നോളേ,
വെള്ളാരംകുന്നിലെ പൊന്‍മുളംകാട്ടിലെ,
മാരിവില്ലിന്‍ തേന്‍മലരേ,
മാമ്പൂക്കള്‍ പൊട്ടിവിരിഞ്ഞു,
ചെപ്പുകിലുക്കണ ചങ്ങാതി,
ചക്കരപ്പന്തലില്‍ തേന്‍മലര്‍ ചൊരിയും,
എന്തിനു പാഴ്ശ്രുതി,
മധുരിക്കും ഓര്‍മകളേ,
വരിക ഗന്ധര്‍വഗായകാ വീണ്ടും.
ഒരു നോട്ടീസും ഒരു പാട്ടുപുസ്‌തകവും ഒരായിരം ഹൃദയങ്ങളിലെ വികാരവുമായി നാടകഗാനങ്ങളെ മലയാളി സ്വന്തമാക്കിയതു ദേവരാജന്റെയും ഒ.എന്‍.വിയുടെയും കൂട്ടുകെട്ടില്‍ വിരിഞ്ഞ മധുരമനോജ്ഞച്ചിന്തുകളിലൂടെയാണ്‌. ദേവസംഗീതത്തിന്റെ നാള്‍വഴിയിലെ ആദ്യ കുസുമങ്ങള്‍ ഇവിടെ സൌരഭ്യം വിതറിക്കിടക്കുന്നു.

പൂവണിഞ്ഞ സ്വപ്നം
ജി. ദേവരാജന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഷഡ്കാല പല്ലവി അവതരണം. അദ്ദേഹത്തിന്റെ 75-ാ‍ം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച്‌ എറണാകുളത്തു 2002 സെപ്റ്റംബര്‍ എട്ടിനായിരുന്നു ഒന്നാമത്തെ പല്ലവി അവതരണം.
രണ്ടു വര്‍ഷം മുന്‍പു ജന്‍മനാട്ടില്‍ ഷഡ്കാല പല്ലവി അവതരിപ്പിക്കാന്‍ ഏറെ ആഗ്രഹിച്ചെങ്കിലും പാട്ടുകാരന്‍ സമയത്തു വരാതിരുന്നതിനാല്‍ നടന്നില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം നിറഞ്ഞ സദസ്സിനു മുന്നില്‍ കടപ്പാക്കട സ്പോര്‍ട്സ്‌ ക്ലബ്ബില്‍ ഷഡ്കാല പല്ലവി വീണ്ടും അവതരിപ്പിക്കപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: